Quantcast

വിഴിഞ്ഞം ആക്രമണം: അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡിജിപി അനിൽ കാന്ത്

വിഴിഞ്ഞം പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-01 11:34:12.0

Published:

1 Dec 2022 11:33 AM GMT

വിഴിഞ്ഞം ആക്രമണം: അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡിജിപി അനിൽ കാന്ത്
X

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡിജിപി അനിൽ കാന്ത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്കാളിത്തം അന്വേഷിക്കുമെന്നും ഡിജിപി മലപ്പുറത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസിൻറെ എഫ്.ഐ.ആറിൽ പറയുന്നു.

പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടക്കാനൊരുങ്ങുന്നതായി വിവരമുണ്ടായിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കി അറസ്റ്റ് ചെയ്യാനാണ് നീക്കം. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കാനും തീരുമാനമുണ്ട്. പൊലീസ് സ്റ്റേഷൻ അക്രമിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടുന്നില്ല എന്ന ആക്ഷേപം ശക്തമായതോടെയാണ് പൊലീസ് നടപടിയിലേക്ക് കടക്കുന്നത്. പ്രതികളെ പിടികൂടാത്തതിൽ പൊലീസ് സംഘടനകൾക്കും കടുത്ത അതൃപ്തി ഉണ്ട്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കി അറസ്റ്റിലേക്ക് കടക്കാനാണ് നീക്കം. അക്രമത്തിൽ പങ്കെടുക്കാത്തവരെ അറസ്റ്റ് ചെയ്താൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് പൊലീസിന്റെ ഓരോ നീക്കവും.

ആദ്യ ഘട്ടത്തിൽ വൈദികരുടെ അറസ്റ്റ് ഉണ്ടാകില്ല. പൊലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചുതകർത്തവരുടെയും പൊലീസുകാരെ ആക്രമിച്ചവരുടെയും അറസ്റ്റ് ആദ്യം രേഖപ്പെടുത്തും. പൊലീസ് നടപടി ഉടൻ ആരംഭിക്കുമെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ തന്നെ വ്യക്തമാക്കിയിരുന്നു. വിവര ശേഖരണം നടത്തിയ കേരളത്തിലെ എൻ.ഐ.എ ഉദ്യോഗസ്ഥർ ഉടൻ റിപ്പോർട്ട് നൽകുമെന്നാണ് സൂചന. സമരത്തിന് പിന്നിൽ തീവ്രശക്തികളുടെ ഇടപെടലുണ്ട് എന്ന പ്രചാരണവും ശക്തമാണ്. ജനകീയ സമരങ്ങളെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധിപ്പിക്കുന്ന സ്ഥിരം സർക്കാർ നീക്കമാണിതെന്ന് സമരക്കാർ പറയുന്നു. മന്ത്രി വി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. എന്നാൽ ക്രമസമാധാന പ്രശ്‌നം നിലനിൽക്കുന്നതിനാൽ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന.

അതേസമയം, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും(എൻ.ഐ.എ) വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് എൻഐഎ പരിശോധിക്കും. എന്നാൽ എൻ.ഐ.എ കേരളപൊലീസിനോട് നേരിട്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. പകരം സ്വന്തം നിലക്കാണ് എൻ.ഐ.എ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്.

അതേസമയം, വിഴിഞ്ഞം പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. 'പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണം'. അക്രമികൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ നടക്കുന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.'വ്യക്തമായ ഗൂഢ ഉദ്ദേശത്തോടെ നാടിന്റെ സൈ്വര്യ ജീവിതം തകർക്കാനാണ് ശ്രമം നടക്കുന്നത്. പൊലീസിന് നേരെ ആക്രമണം നടത്തുകയും പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


TAGS :

Next Story