Quantcast

'എസ്‍പി പൗലോസിനെ ലോറിയിടിച്ചു കൊല്ലാൻ പദ്ധതിയിട്ടു'; ദിലിപീന് കൂടുതല്‍ കുരുക്കുമായി എഫ്ഐആര്‍

കേസിൽ അന്വേഷണസംഘത്തിന് ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാകും. ഗൂഢാലോചന ബോധ്യപ്പെട്ടാൽ അറസ്റ്റും രേഖപ്പെടുത്താം

MediaOne Logo

Web Desk

  • Updated:

    2022-01-09 17:08:14.0

Published:

9 Jan 2022 3:32 PM GMT

എസ്‍പി പൗലോസിനെ ലോറിയിടിച്ചു കൊല്ലാൻ പദ്ധതിയിട്ടു; ദിലിപീന് കൂടുതല്‍ കുരുക്കുമായി എഫ്ഐആര്‍
X

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ എടുത്ത പുതിയ കേസിൽ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങൾ. ഡിവൈഎസ്പി ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് മീഡിയവണ്ണിനു ലഭിച്ച കേസിന്റെ എഫ്‌ഐആറിൽ പറയുന്നു. ബൈജു പൗലോസിനെ ലോറിയിടിച്ചു കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റാണ് ദിലീപിനെതിരെ പുതിയ കേസെടുത്തത്. ബൈജു പൗലോസിന്റെ പരാതിയിലാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐറിൽ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് കേസിന് അടിസ്ഥാനമായത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.

''എന്റെ ദേഹത്ത് കൈവച്ച എസ്പി സുദർശന്റെ കൈവെട്ടണം''

2017 നവംബർ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള 'പത്മസരോവരം' വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

കേസിലെ ഒന്നാംപ്രതി ദിലീപാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരൻ അനൂപ്. സഹോദരീ ഭർത്താവ് സൂരജ്, ഭാര്യാസഹോദരൻ സുരാജ്, സുഹൃത്ത് ബാബു ചെങ്ങമനാട്, അനൂപിന്റെ ഭാര്യാസഹോദരൻ അപ്പു, കണ്ടാലറിയുന്ന ഒരാൾ എന്നിവരാണ് മറ്റു പ്രതികൾ. ഇവരെല്ലാം ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ശ്രമിച്ചു. ഇതിനു സാക്ഷിയാണെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. മൊഴി സാധൂകരിക്കുന്ന ഓഡിയോ സന്ദേശങ്ങളും അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഐജി എവി ജോർജിന്റെ വിഡിയോ നിർത്തിയ ശേഷം ദൃശ്യങ്ങൾ നോക്കി നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോവുകയാണെന്ന് ദിലീപ് പറഞ്ഞു. ജോർജിനു പുറമെ എഡിജിപി ബി സന്ധ്യ, എസ്പിമാരായ എസ് സുദർശൻ, എൻജെ സോജൻ, ബൈജു പൗലോസ് എന്നിവരെയാണ് ദിലീപ് ഉദ്ദേശിച്ചതെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. തന്റെ ദേഹത്ത് കൈവച്ച എസ്പി സുദർശന്റെ കൈവെട്ടണമെന്നും ദിലീപ് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്.

കേസിൽ അന്വേഷണസംഘത്തിന് ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാകും. ഗൂഢാലോചന ബോധ്യപ്പെട്ടാൽ അറസ്റ്റും രേഖപ്പെടുത്താം.

TAGS :

Next Story