Quantcast

ഒരാള്‍ക്ക് പോലും വെന്‍റിലേറ്റര്‍ ബെഡ് തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ല, ഭയം തോന്നി: അരുണ്‍ ഗോപി

'സുരക്ഷിതമെന്ന് നമ്മൾ കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞു'

MediaOne Logo

Web Desk

  • Published:

    1 May 2021 1:06 PM GMT

ഒരാള്‍ക്ക് പോലും വെന്‍റിലേറ്റര്‍ ബെഡ് തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ല, ഭയം തോന്നി: അരുണ്‍ ഗോപി
X

കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടെ കേരളത്തിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് ഓര്‍മിപ്പിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. തന്റെ സുഹൃത്തും നടനുമായ അൻവർ ഷെറീഫിന്റെ ഉമ്മയ്ക്ക് കോവിഡ് ബാധിച്ചപ്പോള്‍ വെന്‍റിലേറ്റര്‍ കിട്ടുമോയെന്ന് അന്വേഷിച്ചു. പല സ്ഥലങ്ങളിലും വിളിച്ചിട്ടും വെന്റിലേറ്റർ ഒഴിവുണ്ടായില്ല. തനിക്ക് ആ നിമിഷം ഭയം തോന്നിയെന്നും സുരക്ഷിതമെന്ന് കരുതുന്ന കേരളം പോലും അത്ര സുരക്ഷിതമല്ല എന്ന തിരിച്ചറിവുണ്ടായെന്നും അരുണ്‍ ഗോപി പറഞ്ഞു.

അരുണ്‍ ഗോപിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

സ്ഥിതി അതീവ ഗുരുതരമാണ്!!

ഇന്നലെ രാത്രി സത്യത്തിൽ ഉറങ്ങിയിട്ടില്ല. സിനിമ കണ്ട് ഇരിക്കുക ആയിരുന്നു, വെളുപ്പിന് ഒരു മണി ആയപ്പോൾ സുഹൃത്തും നടനുമായ അൻവർ ഷെരീഫിന്റെ കാൾ. ഈ സമയത്തു ഇങ്ങനെ ഒരു കാൾ, അത് എന്തോ അപായ സൂചനയാണെന്ന് മനസ്സ് പറഞ്ഞെങ്കിലും അൻവറിനു അതിനുള്ള സാധ്യത ഇല്ലാന്നുള്ളത് കൊണ്ട് സന്തോഷത്തോടെ ഫോൺ എടുത്തു. മറുതലയ്ക്കൽ ഒരു വിറയലോടെ അൻവർ സംസാരിച്ചു തുടങ്ങി. "ഭായി എന്റെ ഉമ്മയ്ക്കു കോവിഡ് പോസിറ്റീവ് ആണ്. തൃശൂർ ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ. കുറച്ചു സീരിയസ് ആണ്! ശ്വാസം എടുക്കാൻ പറ്റുന്നില്ല, വെന്റിലേറ്റർ ഉള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ പരിചയക്കാരുണ്ടോ. ഒരു വെന്റിലേറ്റർ ബെഡ് എമർജൻസി ആണ്." ശ്വാസം കിട്ടാത്ത ഉമ്മയുടെ മകൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

ഞാൻ ഒന്ന് പരിഭ്രമിച്ചു പോയി. കേരളത്തിൽ ഇങ്ങനെ വെന്റിലേറ്റർ കിട്ടാൻ പ്രയാസമോ. ഹേയ്.! വളരെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു, താൻ പേടിക്കണ്ട ഞാൻ ഇപ്പോൾ തന്നെ റെഡിയാക്കി തിരിച്ചു വിളിക്കാം. അപ്പോൾ തന്നെ അൻവർ പറഞ്ഞു "ഭായി അത്ര എളുപ്പമല്ല, എറണാകുളത്തെയും തൃശൂരെയും ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും വിളിച്ചിരുന്നു എങ്ങും തന്നെ ഒഴിവില്ല... ചില സുഹൃത്തുക്കൾ വഴി ഹൈബി ഈഡന്‍ എംപിയെയും വിളിച്ചു, പുള്ളി സഹായിക്കാമെന്ന് വാക്ക് തന്നിട്ടുണ്ട്. എന്നാലും പരിചയക്കാരെ മുഴുവൻ ഒന്ന് വിളിക്കുക, ആർക്കാ സഹായിക്കാൻ പറ്റുക എന്ന് അറിയില്ലല്ലോ."!! ഞാൻ ഫോൺ വെച്ചു ഉടനെ തന്നെ പ്രിയ സുഹൃത്ത് ഡോ. മനോജ് ജോസഫ് പള്ളിക്കുടിയിലിനെ വിളിച്ചു കാര്യം പറഞ്ഞു. മനു അദ്ദേഹത്തിന് പരിചയമുള്ള എല്ലാ ഹോസ്പിറ്റലുകളിലും അന്വേഷിച്ചു പക്ഷെ ഒരിടത്തും പോലും വെന്റിലേറ്റർ ബെഡ് ഒഴിവുണ്ടായില്ല.!! സത്യത്തിൽ ഭയം തോന്നി!! സുരക്ഷിതരെന്ന് നമ്മൾ കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലെന്നുള്ള കൃത്യമായ തിരിച്ചറിവ്..!! പരിചിതരായ ഒരാൾക്ക് പോലും ഞങ്ങളെ ഒരു വെന്റിലേറ്റർ ബെഡ് തന്ന് സഹായിക്കാൻ കഴിഞ്ഞില്ല. കാരണം അത്രയേറെ കോവിഡ് രോഗികളാൽ ഹോസ്പിറ്റലുകൾ നിറഞ്ഞിരുന്നു. നമ്മുടെ ആതുരസേവനങ്ങൾക്കും പരിധി ഉണ്ട് അതറിയാം!! എന്നിരുന്നാലും കുറച്ചുകൂടി കരുതല്‍ ജനങ്ങളാലും സർക്കാരിനാലും ആവശ്യമുണ്ട്. പടച്ചോൻ കൈവിട്ടില്ല ഒടുവിൽ ഇന്ന് പകൽ 8 മണിക്ക് പട്ടാമ്പിയിലൊരു ഹോസ്പിറ്റലിൽ വെന്റിലേറ്റർ ബെഡ് കിട്ടി... ഉമ്മ നിർവിഘ്‌നം ശ്വസിക്കുന്നു. കരുതലോടെ നമുക്ക് നമ്മെ കാക്കാം.

സ്ഥിതി അതീവ ഗുരുതരമാണ്!!

ഇന്നലെ രാത്രി സത്യത്തിൽ ഉറങ്ങിയിട്ടില്ല... സിനിമ കണ്ടു ഇരിക്കുക ആയിരുന്നു, വെളുപ്പിന് ഒരു മണി...

Posted by Arun Gopy on Saturday, May 1, 2021
TAGS :

Next Story