കോഴിക്കോട് മെട്രോ റെയിൽ; രണ്ട് റൂട്ടുകൾ പരിഗണനയിൽ, കരട് റിപ്പോർട്ടിൽ ചർച്ച
കരട് നിര്‍ദേശം കോര്‍പറേഷൻ കൗൺസിൽ പാസാക്കിയതിന് ശേഷം സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനും തുടര്‍ന്ന് കേന്ദ്ര അംഗീകാരത്തിനും സമര്‍പ്പിക്കും.

കോഴിക്കോട്: ഗതാഗതക്കുരുക്കിന് പരിഹാരമായി കോഴിക്കോട് നഗരത്തിൽ മെട്രോ റെയില്‍ നടപ്പാക്കാൻ ആലോചന. ഇതിനായി സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ചർച്ച നടന്നു. കരട് റിപ്പോർട്ടിൻ മേൽ നടന്ന ചർച്ചയിൽ രണ്ട് റൂട്ടുകളാണ് പരിഗണനയിലുള്ളത്.
ആദ്യഘട്ടമെന്ന നിലയില്‍ 27.1 കിലോമീറ്ററില്‍ രണ്ട് മെട്രോ റൂട്ടുകളാണ് കരട് റിപ്പോർട്ടിലുള്ളത്. ഒന്ന് വെസ്റ്റ്ഹില്‍ മുതൽ രാമനാട്ട്കരവരെ 19 കിലോമീറ്റർ. മറ്റൊന്ന് കോഴിക്കോട് ബീച്ചിൽ നിന്ന് മെഡിക്കൽ കോളജ് വരെ 8.1 കിലോമീറ്റർ. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവ പരിശോധിച്ചശേഷമാണ് രണ്ട് റൂട്ടുകൾ തീരുമാനിച്ചത്.
കരട് നിര്‍ദേശം കോര്‍പറേഷൻ കൗൺസിൽ പാസാക്കിയതിന് ശേഷം സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനും തുടര്‍ന്ന് കേന്ദ്ര അംഗീകാരത്തിനും സമര്‍പ്പിക്കും. അതിനുശേഷം വിശദപദ്ധതിരേഖ തയ്യാറാക്കാനാണ് തീരുമാനം.
മെട്രോ വേണോ അതോ ലൈറ്റ് മെട്രോ മതിയോ എന്ന കാര്യം ട്രാഫിക് സര്‍വേ നടത്തി കൂടുതല്‍ ഡാറ്റ പരിശോധിച്ച ശേഷമേ തീരുമാനിക്കാന്‍ പറ്റൂകയുള്ളൂ എന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ലോകനാഥ് ബെഹ്‌റ പറഞ്ഞു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്തിലാണ് യോഗം ചേർന്നത്.
Adjust Story Font
16

