'ക്രെഡിറ്റ് രാജീവ് ചന്ദ്രശേഖർ ഏറ്റെടുക്കുന്നു '; കേന്ദ്ര പദ്ധതികളുടെ പിതൃത്വത്തെ ചൊല്ലി ബിജെപിയിൽ തർക്കം
സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നതാണെങ്കിൽ പിന്നെ എന്തിനാണ് രണ്ട് കേന്ദ്രമന്ത്രിമാർ എന്ന ചോദ്യവും ബിജെപി നേതാക്കൾ ഉയർത്തുന്നുണ്ട്

തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുടെ പിതൃത്വത്തെ ചൊല്ലി ബിജെപിയിൽ പുതിയ തർക്കം. സംസ്ഥാനത്ത് നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പിതൃത്വം രാജീവ് ചന്ദ്രശേഖർ ഏറ്റെടുക്കുന്നുവെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ കേന്ദ്രമന്ത്രിമാർ ദേശീയ നേതൃത്വത്തെ പരാതി അറിയിക്കുമെന്നാണ് സൂചന.
കേന്ദ്ര സർക്കാർ പദ്ധതികളുടെ അവകാശത്തെ ചൊല്ലിയാണ് സംസ്ഥാന ബിജെപിയിൽ പുതിയ തർക്കം ഉടലെടുത്തത്. കേന്ദ്ര മന്ത്രിമാർ മുൻകൈ എടുത്ത് കൊണ്ടുവരുന്ന പദ്ധതികളുടെ പിതൃത്വം പോലും സംസ്ഥാന അധ്യക്ഷൻ സ്വന്തമാക്കുന്നു എന്നാണ് വിമര്‍ശനം.
പദ്ധതികൾ നേതൃത്വം നേരിട്ടാണ് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുന്നത്. നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ അനുവദിക്കുന്നത് ജോർജ് കുര്യൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം ഉള്ള ചിത്രം കൂടി പങ്കുവെച്ച് ആയിരുന്നു പോസ്റ്റ്.
പിന്നാലെ രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ സ്റ്റോപ്പ് അനുവദിച്ചെന്ന അറിയിപ്പ് ഔദ്യോഗിക വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. രാജീവ് ചന്ദ്രശേഖരന് അശ്വിനി വൈഷ്ണവാണ് രണ്ടു ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായുള്ള കത്ത് നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗികമായ കത്ത് പോലും ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് നൽകുന്നത് എന്തിന് എന്ന ചോദ്യമാണ് കേന്ദ്രമന്ത്രിമാർ ചോദിക്കുന്നത്. നേരത്തെ സംസ്ഥാനത്തിന് അധിക വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച വിവരവും രാജീവ് ചന്ദ്രശേഖറാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നതാണെങ്കിൽ പിന്നെ എന്തിനാണ് രണ്ട് കേന്ദ്രമന്ത്രിമാർ എന്ന ചോദ്യവും ബിജെപി നേതാക്കൾ ഉയർത്തുന്നുണ്ട്.
Adjust Story Font
16

