ഇരവിപുരം സീറ്റിനെച്ചൊല്ലി യുഡിഎഫിൽ തർക്കം; ആവശ്യപ്പെട്ട് ലീഗ്, ദുരാഗ്രഹമെന്ന് ആർഎസ്പി
സീറ്റ് ചോദിക്കാൻ ലീഗിന് നാണമില്ലെന്നും പക്വത ഇല്ലാത്തവരാണ് ജില്ലയിലെ ലീഗിനെ നയിക്കുന്നതെന്നും ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എ.എ അസീസ്

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ നിയമസഭാ സീറ്റിനെചൊല്ലി കൊല്ലത്ത് യുഡിഫിൽ ചേരിപ്പൊര്. ഇരവിപുരം സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം ദുരാഗ്രഹമെന്ന് ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എ.എ അസീസ്. അതേസമയം മുന്നണി മര്യാദ പാലിക്കുന്നത് മുസ്‌ലിം ലീഗിന്റെ ബലഹീനതയല്ലെന്ന് ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയുടെ മറുപടി.
കൊല്ലത്ത് ആർഎസ്പി മത്സരിച്ചുവരുന്ന ഇരവിപുരം സീറ്റിനെ ചൊല്ലിയാണ് തർക്കം. ഇത്തവണ ഇരവിപുരം സീറ്റ് വേണന്ന ലീഗിന്റെ ആവശ്യത്തെ പരിഹസിച്ചു തള്ളുകയാണ് ആർഎസ്പി നേതാവ് എ.എ അസീസ്. പി.കെ.കെ ബാവ ജയിച്ചതല്ലാതെ മറ്റാരും ഇരവിപുരത്ത് ലീഗിൽ ജയിച്ചിട്ടില്ലെന്നും അസീസ്. സീറ്റ് ചോദിക്കാൻ ലീഗിന് നാണമില്ലെന്നും പക്വത ഇല്ലാത്തവരാണ് ജില്ലയിലെ ലീഗിനെ നയിക്കുന്നതെന്നും അസീസിന്റെ ആക്ഷേപം.
മുന്നണി മര്യാദ കാത്തുസൂക്ഷിച്ചില്ലെങ്കിൽ, പലതും തുറന്ന് പറയേണ്ടിവരുമെന്നാണ് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാമിന്റെ മറുപടി. ലീഗിന് ജില്ലയിൽ ഉള്ള സീറ്റ് സിപിഐ ശക്തി കേന്ദ്രമായ പുനലൂർ ആണ്. കഴിഞ്ഞ തവണ അബ്ദുറഹ്മാൻ രണ്ടത്താണിയെ 37000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് പി.എസ് സുപാൽ തോൽപിച്ചത്. ഇത്തവണ പുനലൂർ സീറ്റ് വേണ്ട എന്ന ഉറച്ച നിലപാടിൽ ആണ് ലീഗ് ജില്ലാ നേതൃത്വം.
Adjust Story Font
16

