Quantcast

‘ഇതെല്ലാമാണ് മുതുകാട് ചെയ്ത തെറ്റുകൾ’; തുറന്നുപറഞ്ഞ് സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ്

‘ജനങ്ങളുടെ സഹതാപത്തെ ചൂഷണം ചെയ്യുകയാണ്’

MediaOne Logo

Web Desk

  • Published:

    10 Jan 2024 1:59 PM GMT

amal iqbal and gopinath muthukad
X

അമൽ ഇഖ്ബാൽ, ഗോപിനാഥ് മുതുകാട്

ഗോപിനാഥ് മുതുകാട് ഭിന്നശേഷി സമൂഹത്തിനോട് ചെയ്ത തെറ്റുകൾ ചൂണ്ടിക്കാട്ടി സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ. സെന്റിമെന്റലായിട്ടുള്ള പിന്നണി സംഗീതം ഉപയോഗിച്ചാണ് മുതുകാട് വീഡിയോകൾ തയാറാക്കുന്നത്. ആളുകളുടെ മൃദുല വികാരങ്ങളെ ഇളക്കിയും നോവിച്ചുമുള്ള ഈ വീഡിയോകളോട് തങ്ങൾക്ക് ​വിയോജിപ്പാണെന്ന് അമൽ പറഞ്ഞു.

ഒരു മജീഷ്യന്റെ ഏറ്റവും വലിയ കഴിവ് കണ്‍കെട്ടും ആളുകളെ കൈയിലെടുക്കുക എന്നതുമാണ്. മുതുകാടിന്റെ മാജിക്കുകള്‍ കാണാനും പ്രചോദനമേകുന്ന വാക്കുകള്‍ കേള്‍ക്കാനും നിരവധി പേരാണുള്ളത്.

ചില പ്രത്യേകതരം സെന്റിമെന്റൽ പിന്നണി സംഗീതം ഉപയോഗിച്ചാണ് അദ്ദേഹം മോട്ടിവേഷനൽ വീഡിയോകൾ തയാറാക്കുന്നത്. ഇത് ആളുകളുടെ മൃദുല വികാരങ്ങൾ കുത്തിനോവിപ്പിക്കുന്നു. സഹതാപം കലര്‍ന്നതും കുത്തിനോവിക്കുന്നതുമായ ഒരുപാട് നോട്ടങ്ങളെ അതിജീവിച്ച് വന്നയാളെന്ന നിലക്ക് ഇത്തരം വീഡിയോകളോട് തനിക്ക് വിയോജിപ്പാണ്.

ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കൊണ്ട് സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഇത്തരം വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ആളുകൾക്ക് സ്വാഭാവികമായും വിഷമം തോന്നും. പക്ഷെ, നിങ്ങള്‍ വിചാരിച്ചതല്ല കാര്യങ്ങള്‍. കേട്ട വാർത്തകള്‍ പലതും സത്യമാണെന്നും അമൽ പറഞ്ഞു.

തനിക്ക് കുറച്ച് കാര്യങ്ങള്‍ ഗോപിനാഥ് മുതുകാടിനോട് പറയാനുണ്ട്. അത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയണം. വിമര്‍ശനങ്ങളെ മനസ്സിലാക്കുകയും പ്രശ്‌നങ്ങളെ തിരുത്താനും ശ്രമിക്കണം. ഭിന്നശേഷിക്കാരായ ആളുകളുടെ രക്ഷിതാക്കൾക്കും വിദഗ്ധർക്കും സ്​പെഷൽ എജുക്കേറ്റേഴ്സിനും പല കാര്യങ്ങളും നിർദേശിക്കാനുണ്ടാകും. ഈ മേഖലയിൽ താങ്കൾ പഠിച്ചതിനേക്കാളും വിവരവും അനുഭവ സമ്പത്തുമുള്ളവരാണ് അവർ. നിങ്ങൾ ഈ അടുത്ത് കാലത്ത് മാത്രമാണ് ഈ മേഖലയിലേക്ക് വന്നിട്ടുള്ളത്.

ഞങ്ങളെ കുറിച്ച് തയാറാക്കുന്ന വീഡിയോയിൽ സെന്റിമെന്റൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉപയോഗിക്കരുത്. അത് ഞങ്ങൾക്ക് ഇഷ്ടമില്ല. ഇത്തരം വീഡിയോകൾ വഴി ജനങ്ങളുടെ സഹതാപത്തെ ചൂഷണം ചെയ്യുകയാണ്. അവ ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുന്നു. അങ്ങനെ നിങ്ങളെ ഇഷ്ടപ്പെട്ടവരാണ് നിങ്ങൾക്കായി ഇപ്പോൾ വാദിക്കുന്നത്. ഞങ്ങൾ ഒരിക്കലും നിങ്ങൾക്കായി വാദിക്കില്ലെന്നും അമൽ ചൂണ്ടിക്കാട്ടി.

ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉള്ളവരെ മാത്രമാണ് നിങ്ങളുടെ സ്ഥാപനത്തിൽ പരിചരിക്കുന്നത്. അതും ഓഡിഷൻ നടത്തിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. ഈ സ്ഥാപനത്തിൽ മൈൽഡ് ഡൗൺ സിൺട്രോം ബാധിച്ച കുട്ടികൾക്ക് നൽകുന്ന പരിചരണത്തിൽ വളരെ കുറഞ്ഞ ശരി മാത്രമാണുള്ളത്. പക്ഷെ, നിങ്ങളുടെ വീഡിയോകൾ കണ്ട് ആളുകൾ തെറ്റിദ്ധരിക്കുകയാണ്.

എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമായി വളരെ ശാസ്ത്രീയ രീതിയിൽ ഭിന്നശേഷിക്കാരെ പരിചരിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. അതിന് പകരം നിങ്ങൾ ഒരു കരിക്കുലം തയാറാക്കി ഭിന്നശേഷിക്കാരെ മാജിക്ക് പഠിപ്പിച്ച് ഉന്നതിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.

90 ശതമാനമുണ്ടായിരുന്ന ചലനവൈകല്യത്തെയും പഠനവൈകല്യത്തെയും സംസാര പ്രശ്നങ്ങളെയും അതിജീവിച്ച ഞാൻ ഇന്ന് ദേശീയ പഞ്ചഗുസ്തി താരമാണ്. നിരവധി ദേശീയ-അന്താരാഷ്ട്ര മത്സരങ്ങളിൽ പ​ങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ശാസ്ത്രീയമായി നടത്തിയ ചികിത്സയുടെയും പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടങ്ങൾ. നാളെ ഞാൻ എല്ലാവരെയും ഇതുപോലെ പഞ്ചഗുസ്തി ചാമ്പ്യനാക്കാം എന്ന് പറഞ്ഞ് വന്നാൽ നടക്കില്ല. ഇതുപോലെയാണ് മുതുകാടിന്റെ സ്ഥാപനം ചെയ്യുന്നത്.

എനിക്ക് സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയില്ലായിരുന്നു. മുഴുവൻ സമയവും ഞാൻ കിടപ്പിലായിരുന്നു. ആരെങ്കിലും പിടിച്ചുനിർത്തിയാൽ ഞാൻ വീണുപോകും. എന്നാൽ, ശാസ്ത്രീയ പരിശീലനത്തിലൂടെ ഞാൻ അതിനെയെല്ലാം മറികടന്നു.

ഇത്തരം ഗുരുതര പ്രശ്നമുള്ള ആളുകൾക്ക് ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിൽ പ്രവേശനം നൽകില്ല. പൊള്ളയായ അവകാശ വാദങ്ങളാണ് മുതുകാടിന്റേത്. ഞങ്ങൾക്ക് അയാളോട് അസൂയയോ വിദ്വേഷമോ ഇല്ല. കൃത്യമായി കാര്യങ്ങൾ അപഗ്രഥിച്ചാണ് സംസാരിക്കുന്നത്. ഇത് ഞങ്ങളല്ലാതെ ആരാണ് നിങ്ങൾക്ക് പറഞ്ഞുതരിക. അവിടത്തെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് പറയാൻ ഞാൻ ആളല്ല. എന്നാൽ, മറ്റു കാര്യങ്ങളെക്കുറിച്ച് എനിക്ക് പറയാൻ സാധിക്കുമെന്നും അമൽ വ്യക്തമാക്കി. ‘അമൽ ഇൻസ്​പെയേഴ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അമൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച അമൽ കൊണ്ടോട്ടി പുളിക്കൽ സ്വദേശിയാണ്.

ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ ആരോപണവുമായി നേരത്തെ മുൻ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപനത്തെ തകർക്കാനുള്ള ഗൂഡാലോചനയാണെന്നാണ് മുതുകാട് പറയുന്നത്.



TAGS :

Next Story