ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കും
കേസിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് പൊലീസ് കത്ത് നൽകി.
ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പിൽ പരസ്പര ആരോപണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാർ പുതിയ വീഡിയോ പുറത്തുവിട്ടത്. ദിയ കൃഷ്ണകുമാറിനും കൃഷ്ണകുമാറിനും എതിരായി ജീവനക്കാരായ മൂന്ന് സ്ത്രീകൾ കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് പുതിയ ദൃശ്യങ്ങൾ.
വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നൽകിയ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമായി വരും. ഇരു വിഭാഗവും പരാതി നൽകാൻ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു സ്ത്രീകൾ തട്ടിപ്പ് നടത്തി എന്നതാണ് കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണകുമാറിന്‍റെ പരാതി. ഈ പരാതിക്ക് ശേഷമാണ് ജീവനക്കാരായ മൂന്നു സ്ത്രീകൾ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നൽകിയത്. ക്യു ആർ കോഡ് മാറ്റാൻ നിർദേശം നൽകിയതും പണം കൈമാറാൻ നിർദ്ദേശിച്ചതും ദിയ കൃഷ്ണകുമാർ ആണെന്നാണ് ജീവനക്കാരായ മൂന്നു സ്ത്രീകളുടെയും ആരോപണം. എന്നാൽ ഇത് പൂർണമായും തള്ളുന്നതാണ് കൃഷ്ണകുമാറിന്‍റെ കുടുംബത്തിന്‍റെ വാദങ്ങൾ. ഇരുവിഭാഗവും നൽകിയ പരാതിയിൽ വ്യക്തത വരുത്താൻ വിശദമായ മൊഴികൾ പൊലീസിന് രേഖപ്പെടുത്തേണ്ടിവരും.
Adjust Story Font
16

