Quantcast

'എനിക്ക് ജോലി കിട്ടാത്തത് അവന്റെ അസൂയകൊണ്ട'; നിങ്ങളുടെ സുഹൃത്തിന്റേത് നാര്‍സിസിസ്റ്റിക് പേഴ്സണാലിറ്റിയോ? എങ്ങനെ തിരിച്ചറിയാം

അമിതമായി ആത്മപ്രശംസ നടത്തുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ ഒരു രീതി.....

MediaOne Logo

Web Desk

  • Updated:

    2026-08-15 10:15:39

Published:

15 Aug 2026 12:18 PM IST

എനിക്ക് ജോലി കിട്ടാത്തത് അവന്റെ അസൂയകൊണ്ട; നിങ്ങളുടെ സുഹൃത്തിന്റേത് നാര്‍സിസിസ്റ്റിക് പേഴ്സണാലിറ്റിയോ? എങ്ങനെ തിരിച്ചറിയാം
X

നടി അനുപമ പരമേശ്വരന്റെ അഭിമുഖവും തുറന്നുപറച്ചിലുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നാര്‍സിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡറുള്ള മനുഷ്യരുടെ ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്ന മനുഷ്യര്‍ ഇന്നും നമുക്ക് ചുറ്റുമുണ്ടെന്നതിന്റെ തെളിവാണ് അനുപമയുടെ തുറന്നുപറച്ചില്‍.

എന്‍പിഡിയുള്ള വ്യക്തിക്കൊപ്പമാണ് താന്‍ ജീവിക്കുന്നതെന്ന് പലരും വളരെ വൈകിയാണ് തിരിച്ചറിയാറുള്ളത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ എന്‍പിഡിയുണ്ടോ എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.

അമിതമായി ആത്മപ്രശംസ നടത്തുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ ഒന്നാമത്തെ രീതി. സ്വന്തം കഴിവുകളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അതിശയോക്തിപരമായ തോന്നല്‍ ഉണ്ടാക്കാനും ചെറിയ നേട്ടങ്ങള്‍ പോലും പെരുപ്പിച്ച് കാണിക്കാനും ഇവര്‍ ശ്രമിക്കും.

ഇത് രണ്ട് പേര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിലേക്ക് വരുമ്പോള്‍, 'ഞാന്‍ കാരണമാണ് നിനക്ക് ഈ നേട്ടങ്ങളെല്ലാം ഉണ്ടായത്' എന്ന് പങ്കാളിയെ വിശ്വസിപ്പിക്കാനായിരിക്കും ശ്രമിക്കുക.

രണ്ടാമതായി, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത രീതിയില്‍ അപാരമായ അധികാരം ഉപയോഗിക്കുക എന്നതാണ്. ബന്ധങ്ങളില്‍ തനിക്കാണ് പൂര്‍ണ അധിപത്യമുള്ളതെന്നും നിലവിലെ ബന്ധത്തില്‍ അതൃപ്തിയുണ്ടെന്ന് പങ്കാളിയെ നിരന്തരമായി ബോധ്യപ്പെടുത്താനുമാണ് ഇവര്‍ ശ്രമിക്കുക.

താന്‍ മാത്രമാണ് പ്രഗത്ഭന്‍ എന്ന ചിന്തയാണ് മൂന്നാമത്തേത്. ഉദാഹരണമായി, സാധാരണക്കാരുമായി ഇടപെഴകുന്നത് തങ്ങള്‍ക്ക് ചേര്‍ന്ന കാര്യമല്ലെന്ന വിശ്വാസം. 'എന്നെ പോലെയാണോ അവന്‍/അവള്‍' എന്ന ചിന്തയും ഇവരില്‍ ഉണ്ടായിരിക്കും.

നാലാമത്തേത്, എന്‍പിഡിയുള്ള പലരും നിരന്തരമായ പ്രശംസ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരില്‍ നിന്ന് എപ്പോഴും ശ്രദ്ധയും അംഗീകാരവും ലഭിച്ചുകൊണ്ടിരിക്കണം. എന്നാല്‍ ഇതില്‍ ചെറിയൊരു കുറവ് വരുമ്പോള്‍ പോലും ഇവര്‍ അരക്ഷിതാവസ്ഥയിലാകുകയും ചെയ്യും.

മറ്റുള്ളവര്‍ എപ്പോഴും തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ചിന്തയാണ് അഞ്ചാമത്തേത്. 'ഞാന്‍ ഈ ക്യൂ നില്‍ക്കണമെന്നാണോ പറയുന്നത്, എനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല, എനിക്ക് തോന്നിയാല്‍ മാത്രേ ഞാന്‍ ജോലി ചെയ്യൂ,' തുടങ്ങിയ ചിന്തകളിലൂടെയായിക്കും ഇവര്‍ പലപ്പോഴും കടന്നുപോകുക.

മറ്റുള്ളവരെ ചൂഷണം ചെയ്യുക എന്നതാണ് ഇവരുടെ മറ്റൊരു ശീലം. സ്വന്തം താത്പര്യങ്ങള്‍ നേടിയെടുക്കാന്‍ കുടുംബത്തെ അടക്കം മനസാക്ഷിയില്ലാതെ ഉപയോഗിക്കുന്നതും കടം വാങ്ങിയ പണം തിരികെ ചോദിച്ചാല്‍ സുഹൃദ് ബന്ധം അവസാനിപ്പിക്കുന്നതും ഒരു പതിവ് രീതിയായിരിക്കും.

മറ്റുള്ളവരുടെ വികാരങ്ങളും വേദനകളും മനസിലാക്കാനുള്ള കഴിവില്ലായ്മയാണ് ഏഴാമത്തേത്. 'നിനക്ക് പനിയാണെന്ന് വെച്ച് എനിക്ക് ജോലിക്ക് പോകണ്ടേ, ഇതെല്ലാം ആര് ചെയ്യുമെന്ന് കരുതിയിട്ടാ,' എന്ന ചോദ്യം ഇതിനൊരു ഉദാഹരണമാണ്.

അസൂയയുടെ പല രൂപങ്ങളാണ് എട്ടാമത്തെ ഘടകം. സുഹൃത്തിന് ജോലി കിട്ടിയാല്‍ കുറുക്കുവഴിയിലൂടെ നേടിയതാണെന്ന് പ്രചരിപ്പിക്കുക. അതേസമയം മറ്റുള്ളവരുടെ അസൂയ കാരണമാണ് തനിക്ക് ജോലി കിട്ടാത്തതെന്ന് സ്വയം ന്യായീകരിക്കാനും ഇവര്‍ ശ്രമിക്കും.

ഒമ്പതാമായി, ധാര്‍ഷ്ട്യവും അഹങ്കാരവും. മറ്റുള്ളവരോട് പുച്ഛത്തോടെ പെരുമാറാനും അധികാരത്തില്‍ സംസാരിക്കാനുമാണ് ഇവര്‍ ശ്രമിക്കുക. വീട്ടുജോലിക്കാരുടെയും ഹോട്ടല്‍ ജീവനക്കാരുടെയും അന്തസ്സിനെ പോലും ഇവര്‍ ചോദ്യം ചെയ്തേക്കും.

അതേസമയം മേല്‍പ്പറഞ്ഞ പെരുമാറ്റ രീതികള്‍ നിങ്ങളുടെ പങ്കാളിയില്‍ മാത്രമല്ല, അച്ഛനിലോ അമ്മയിലോ സഹോദരങ്ങളിലോ സുഹൃത്തുക്കളിലോ പ്രകടമായിരിക്കാം. എന്‍പിഡി ഉള്ളവരെ പൂര്‍ണമായും തള്ളിക്കളയുന്നതും ശരിയല്ല.

ചില ശീലങ്ങള്‍ സ്വന്തമായോ മറ്റൊരാളുടെ സഹായത്തോടെയോ മാറ്റിയെടുക്കാന്‍ സാധിക്കും. മുന്‍ധാരണകള്‍ ശരിയാകണമെന്നുമില്ല, യോഗ്യതയുള്ള മനശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ പരിഹാരം കാണാവുന്നതാണ്.

കടപ്പാട്: - മനോജ് വെള്ളനാട്

TAGS :
Next Story