Quantcast

മയോണൈസില്‍ പച്ചമുട്ട നിരോധിച്ച് ഉത്തരവായി; പാഴ്‌സലില്‍ തിയ്യതിയും സമയവും നിര്‍ബന്ധം

സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് ഏറെ അപകടമാണ്

MediaOne Logo

Web Desk

  • Updated:

    2023-01-13 09:36:51.0

Published:

13 Jan 2023 9:08 AM GMT

Mayonnaise, food parcel, food poison
X

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്.എസ്.എസ്.എ ആക്ട് പ്രകാരം അടിയന്തര പ്രാധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതായി പല പരാതികളും ഉയര്‍ന്നിരുന്നു. സാന്‍ഡ്‍വിച്ചുകളിലും ഷവര്‍മകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കില്‍ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയില്‍ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാല്‍ സാല്‍മൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളെപ്പോലും ഇത് ബാധിക്കും. വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണപ്പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തിയ്യതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണം.

സംസ്ഥാനത്തെ ഭക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പാഴ്‌സല്‍ കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിശ്ചിത സമയ പരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ മന്ത്രി വീണാ ജോര്‍ജുമായി ഹോട്ടല്‍, റെസ്റ്റോറന്റ് സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

TAGS :

Next Story