വെള്ളാപ്പള്ളി ഒരേസമയം ശ്രീനാരായണ പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് പാർട്ടിയേയും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സംഗമിപ്പിക്കാൻ നിയോഗിക്കപ്പെട്ടയാൾ: ഡോ. ആസാദ്
'ബിജെപി നേതാക്കളുടെയും സിപിഎം നേതാക്കളുടേയും ശബ്ദം ഒരേമട്ടായി തീരുന്ന അനുഭവം അത്ഭുതമല്ലാതായി തീർന്നിരിക്കുന്നു'.

കോഴിക്കോട്: ഒരേസമയം ശ്രീനാരായണ പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് പാർട്ടിയെയും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സംഗമിപ്പിക്കാനുള്ള ഹിന്ദുത്വ രാഷ്ട്രമോഹികളുടെ താത്പര്യം നിർവഹിക്കാൻ നിയോഗിക്കപ്പെട്ടയാളാണ് വെള്ളാപ്പള്ളി നടേശനെന്ന് രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. ആസാദ്. നടേശൻ മുഖ്യമന്ത്രിയുടെ വാഹനത്തിലല്ല, മുഖ്യമന്ത്രി നടേശന്റെ വാഹനത്തിലാണ് കയറിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചവരാണ് ഈഴവ സമുദായം. ശ്രീനാരായണ പാരമ്പര്യത്തിന്റെ സമ്പന്ന ഭൂതകാലം സ്ഥിതിസമത്വത്തിന്റെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് തുറക്കുകയായിരുന്നു. ഈ തുറസിലാണ് വെള്ളാപ്പള്ളി തടയണകെട്ടി ഹിന്ദുത്വ രാഷ്ട്രീയത്തീലേക്ക് വഴിതിരിച്ചു വിടാൻ ആരംഭിച്ചത്. തുഷാർ വെള്ളാപ്പള്ളി മുന്നിൽ നിൽക്കുന്നു. വെള്ളാപ്പള്ളി നടേശൻ മടകെട്ടിയും ഉറപ്പിച്ചും ആ പ്രവാഹത്തിലേക്ക് നീരൊഴുക്കു കൂട്ടാൻ യത്നിക്കുന്നു.
കേരളത്തിലെ വലിയ കമ്യൂണിസ്റ്റ് പാർട്ടിയായ സിപിഎം വെള്ളാപ്പള്ളി നടേശന്റെ തൂമ്പത്തുമ്പിൽ മുട്ടിനിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചാലുതുറക്കാൻ വെമ്പുകയാണ്. അതിന്റെ കാർമികത്വമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവിഹിക്കുന്നതെന്നും ഡോ. ആസാദ് പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിക്ക് ഒരാവശ്യം വരുമ്പോൾ നടേശനെക്കാൾ വേഗം ഓടിയെത്തുന്ന വിജയനെ നാം കണ്ടിട്ടുണ്ട്. തുഷാറിന്റെ രാഷ്ട്രീയവഴി ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ നിക്ഷേപം എത്തിക്കാനും ഇപ്പോൾ വിജയൻ തയ്യാറാകുന്നു. എ.കെ ബാലൻ മുതൽ സോഷ്യൽമീഡിയാ കടന്നലുകൾവരെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഇസ്ലാംവിരുദ്ധ കോർപറേറ്റ് ബ്രാഹ്മണിക്കൽ രാഷ്ട്രീയ അജണ്ടയുടെ പിറകിൽകെട്ടാൻ മത്സരിക്കുന്നു. ബിജെപി നേതാക്കളുടെയും സിപിഎം നേതാക്കളുടെയും ശബ്ദം ഒരേമട്ടായി തീരുന്ന അനുഭവം അത്ഭുതമല്ലാതായി തീർന്നിരിക്കുന്നതായും അദ്ദേഹം കുറിച്ചു.
ഫേബ്സുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശീതയുദ്ധാനന്തരം അമേരിക്കൻ സാമ്രാജ്യത്വം വിതച്ച ഇസ്‌ലാം വിരുദ്ധതയുടെ ഹിംസാത്മക രാഷ്ട്രീയം ഇന്ത്യയിലെ മനുവാദഹിന്ദുത്വ ശക്തികൾക്ക് വലിയ ഉണർവ്വും മുന്നേറ്റവും നൽകി. സാമ്രാജ്യത്വ കോർപറേറ്റ് മൂലധന പിന്തുണ ആർഎസ്എസിന്റെ വിചാരധാരകൾക്ക് തഴച്ചുവളരാനുള്ള മണ്ണൊരുക്കി. ആ വളക്കൂറാണ് മൂന്നാം ടേമിലേക്ക് നരേന്ദ്രമോദി ഭരണത്തെ എത്തിച്ചിരിക്കുന്നത്. വാസ്തവത്തിൽ, ഗുജറാത്ത് വംശഹത്യ ഈ കൊടിയ അധിനിവേശത്തിന്റെ കേളികൊട്ടായിരുന്നു.
മുസ്‌ലിം ദലിത് ആദിവാസി സമൂഹങ്ങളെ എതിർപക്ഷത്തു നിർത്തി തലപൊക്കിയ കോർപറേറ്റ് ബ്രാഹ്മണിക്കൽ രാഷ്ട്രീയത്തിൽ പങ്കുചേരാൻ പലതട്ടിലുള്ള രാഷ്ട്രീയ പാർട്ടികൾ തയ്യാറായി. അങ്ങനെ രൂപപ്പെട്ടതാണ് എൻഡിഎ മുന്നണി. വൈകിയാണെങ്കിലും സി.കെ ജാനു ആ കൂടാരംവിട്ട് പുറത്തുവന്നു. എന്നാൽ കേരളത്തിൽ ഈഴവ സമുദായത്തെയാകെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വെള്ളാപ്പള്ളിയും തുഷാറും ആ കൂടാരത്തിൽ ഇപ്പോഴും അഭയം കൊള്ളുകയാണ്.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച സമുദായമാണത്. ശ്രീനാരായണ പാരമ്പര്യത്തിന്റെ സമ്പന്നമായ ഭൂതകാലം സ്ഥിതിസമത്വത്തിന്റെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് തുറക്കുകയായിരുന്നു. ഈ തുറസിലാണ് വെള്ളാപ്പള്ളി തടയണകെട്ടി ഹിന്ദുത്വ രാഷ്ട്രീയത്തീലേക്ക് വഴിതിരിച്ചു വിടാൻ ആരംഭിച്ചത്. തുഷാർ വെള്ളാപ്പള്ളി മുന്നിൽ നിൽക്കുന്നു. വെള്ളാപ്പള്ളി നടേശൻ മടകെട്ടിയും ഉറപ്പിച്ചും ആ പ്രവാഹത്തിലേക്ക് നീരൊഴുക്കു കൂട്ടാൻ യത്നിക്കുന്നു.
കേരളത്തിലെ വലിയ കമ്യൂണിസ്റ്റ് പാർട്ടി(?)യായ സിപിഎം വെള്ളാപ്പള്ളി നടേശന്റെ തൂമ്പത്തുമ്പിൽ മുട്ടിനിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചാലുതുറക്കാൻ വെമ്പുകയാണ്. അതിന്റെ കാർമ്മികത്വമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നത്. ഒരേസമയം ശ്രീനാരായണ പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് പാർട്ടിയെയും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സംഗമിപ്പിക്കാനുള്ള ഹിന്ദുത്വ രാഷ്ട്രമോഹികളുടെ താൽപ്പര്യം നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടയാളാണ് വെള്ളാപ്പള്ളി നടേശൻ. നടേശൻ മുഖ്യമന്ത്രിയുടെ വാഹനത്തിലല്ല, മുഖ്യമന്ത്രി നടേശന്റെ വാഹനത്തിലാണ് കയറിയിരിക്കുന്നത്.
തുഷാർ വെള്ളാപ്പള്ളിക്ക് ഒരാവശ്യം വരുമ്പോൾ നടേശനെക്കാൾ വേഗം ഓടിയെത്തുന്ന വിജയനെ നാം കണ്ടിട്ടുണ്ട്. തുഷാറിന്റെ രാഷ്ട്രീയവഴി ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ നിക്ഷേപം എത്തിക്കാനും ഇപ്പോൾ വിജയൻ തയ്യാറാകുന്നു. എ.കെ ബാലൻ മുതൽ സോഷ്യൽമീഡിയാ കടന്നലുകൾവരെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഇസ്ലാംവിരുദ്ധ കോർപറേറ്റ് ബ്രാഹ്മണിക്കൽ രാഷ്ട്രീയ അജണ്ടയുടെ പിറകിൽകെട്ടാൻ മത്സരിക്കുന്നു. ബിജെപി നേതാക്കളുടെയും സിപിഎം നേതാക്കളുടെയും ശബ്ദം ഒരേമട്ടായി തീരുന്ന അനുഭവം അത്ഭുതമല്ലാതായി തീർന്നിരിക്കുന്നു.
ഇനി ചോദ്യം, ഇടതുപക്ഷ രാഷ്ട്രീയവും ശ്രീനാരായണ (നവോഥാന) പ്രസ്ഥാനവും അതിന്റെ മൂല്യധാരയിലൂന്നി ആരിലെങ്കിലും എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരുടെ ശബ്ദം വേറിട്ട് കേൾക്കുന്നുണ്ടോ? കേരളത്തെ മുന്നോട്ടു നയിക്കേണ്ട പുരോഗതിയുടെ അടിവേരുകൾ ആരാണ് മാന്തിത്തീർക്കുന്നതെന്ന് കണ്ടു. അത് തടയാൻ എന്തു ചെയ്യണമെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. നാം കൊട്ടിഘോഷിക്കുന്ന വിപ്ലവ പാരമ്പര്യത്തിന് എന്തെങ്കിലും ഊർജ്ജം പ്രസരിപ്പിക്കാൻ ശേഷിയുണ്ടെങ്കിൽ അതിപ്പോൾ നമ്മിൽ പ്രവർത്തിക്കേണ്ടതുണ്ട്. കേരളത്തെ രക്ഷിക്കേണ്ടതുണ്ട്.
Adjust Story Font
16

