'ഓഫീസ് മുറിയിലെ ബോക്‌സില്‍ നിന്ന് കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്‌കോപ്പുകള്‍'; വിശദീകരണവുമായി ഡോ. ഹാരിസ്
തകരാര്‍ പരിഹരിക്കാന്‍ രണ്ട് ലക്ഷം രൂപ കമ്പനി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തന്റെ ഓഫീസ് മുറിയില്‍ കണ്ടെത്തിയ ബോക്‌സില്‍ നെഫ്രോസ്‌കോപ്പുകളാണ് ഉള്ളതെന്ന് ഡോക്ടര്‍ ഹാരിസ്. റിപ്പയര്‍ ചെയ്യാന്‍ അയച്ച ഉപകരണങ്ങളാണിത്. തകരാര്‍ പരിഹരിക്കാന്‍ രണ്ട് ലക്ഷം രൂപ കമ്പനി ആവശ്യപ്പെട്ടു.
അത്രയും പണമില്ലാത്തതിനാല്‍ ഉപകരണങ്ങള്‍ തിരിച്ചയച്ചതാണെന്നും ഡോക്ടര്‍ ഹാരിസ് വിശദീകരിച്ചു. തന്റെ റൂം ഓഫീസ് റൂം ആയതിനാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അതിന്റെ താക്കോല്‍ കൊടുത്തിട്ടുണ്ടെന്നും റൂമില്‍ സൂക്ഷിച്ചിരിക്കുന്ന റിസര്‍വ് ഉപകരണങ്ങള്‍ ആവശ്യമെങ്കില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോകാനും മറ്റ് നിരവധി ആവശ്യങ്ങള്‍ക്കായി പിജി ജൂനിയര്‍ ഡോക്ടര്‍മാര്‍ തന്റെ റൂമില്‍ രാത്രിയും പകലുമൊക്കെ കയറാറുണ്ടെന്നും ഹാരിസ് വ്യക്തിമാക്കി.
അതിനായി അവര്‍ക്ക് താക്കോലും നല്‍കിയിട്ടുണ്ടെന്നും ഡിപ്പാര്‍ട്‌മെന്റില്‍ ഉള്ളവര്‍ക്ക് മാത്രമേ അവിടെ കയറാനും അനുവാദമുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ഡോക്ടര്‍മാരുടെ ഗ്രൂപ്പിലാണ് ഡോക്ടര്‍ വിശദീകരണ കുറിപ്പ് ഇട്ടത്.
അതേസമയം, ശസ്ത്രക്രിയ ഉപകരണം കാണാതായതില്‍ ഡോ ഹാരിസിനെ സംശയമുനയില്‍ നിര്‍ത്തുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ചെയ്തത്. കാണാതായ ഉപകരണം ഡോക്ടര്‍ ഹാരിസിന്റെ റൂമില്‍ നിന്ന് കണ്ടെത്തിയെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Adjust Story Font
16

