Quantcast

'പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചപ്പോള്‍ ആരോഗ്യം ശ്രദ്ധിച്ചില്ല, രോ​ഗം വന്നയാൾ അപരാധിയല്ല': ഡോ. എം.കെ മുനീർ

രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടുന്ന ചിന്താ ശക്തിയും ആശയ വ്യക്തതയും തനിക്കുണ്ടെന്നും എം.കെ മുനീർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 March 2026 8:52 AM IST

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചപ്പോള്‍ ആരോഗ്യം ശ്രദ്ധിച്ചില്ല, രോ​ഗം വന്നയാൾ അപരാധിയല്ല: ഡോ. എം.കെ മുനീർ
X

കോഴിക്കോട്: രോഗാവസ്ഥ അപരാധമല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. രോഗാവസ്ഥ കാരണം തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നില്ക്കുമോ എന്ന ചോദ്യത്തിനാണ് എം.കെ മുനീറിന്റെ മറുപടി.

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചപ്പോള്‍ താന്‍ ആരോഗ്യം ശ്രദ്ധിച്ചില്ല. രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടുന്ന ചിന്താ ശക്തിയും ആശയ വ്യക്തതയും തനിക്കുണ്ട്. മത്സരിക്കുന്നതും മണ്ഡലവും തീരുമാനിക്കേണ്ടതും പാർട്ടി നേതൃത്വമാണെന്നും എം.കെ മുനീർ മീഡിയവണിനോട് പറഞ്ഞു. മീഡിയവൺ പോള്‍കാസ്റ്റിലാണ് എം.കെ മുനീറിന്റെ പ്രതികരണം.

മത്സരിക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കാനുള്ള അധികാരം പൂർണമായും പാർട്ടിക്കാണ്. രോഗാവസ്ഥ അപരാധമല്ല. കൊലപാതകം നടത്തിയവർക്കോ ജയിലിൽ കിടന്നവർക്കോ ഇല്ലാത്തൊരു പ്രശ്നം ഒരു രോ​ഗം വന്ന ആളോട് കാണിക്കേണ്ടതില്ല. രോ​ഗംവന്നയാൾ മഹാ അപരാധി ആണെന്നും അയാളെ ഏഴയലത്ത് നിർത്താൻ പാടില്ലയെന്ന് ആരെകുറിച്ചും പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ ആരോ​ഗ്യം രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് നഷ്ടപ്പെടുത്തിയതാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന കാലത്ത് ആരോ​ഗ്യത്തെകുറിച്ച് ആലോചിച്ചിട്ടേയില്ല. രാവും പകലും പാർട്ടിക്ക് വേണ്ടി ഓടിയിട്ടുണ്ട്. ഒരു കാലത്ത് ഏറ്റവും കൂടുതൽ ഈ പാർട്ടിക്ക് വേണ്ടി നടന്നവനും താനാണ്. വളരെ നേരത്തെ കുറെയധികം നടന്നു തീർത്തു എന്നതാണ് തൻ്റെ പോരായ്മയായി ഇപ്പോൾ തോന്നുന്നത്. അത് പതുക്കെ പതുക്കെ നടന്നാൽ മതിയായിരുന്നു. രോ​ഗം വരുമ്പോൾ ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ചെറിയ പോരായ്മ ചില ആളുകളിൽ ഉണ്ടെന്ന് താൻ കരുതുന്നു. രോ​ഗം ആർക്കും ഏത് സമയവും സംഭവിക്കാവുന്നതാണ്. രോ​ഗത്തിന് അപ്പുറം ചിന്താ ശക്തിക്ക് ഭം​ഗം വരാതെ ആശയത്തിന് വ്യത്യാസം ഇല്ലാതെ കാത്തു സൂക്ഷിക്കുകയാണ് പ്രധാനം എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

TAGS :

Next Story