'ജോലിയിൽ ശ്രദ്ധിക്കാനാകുന്നില്ല'; തിരു.മെഡിക്കൽ കോളജ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ഡോ.സുനിൽകുമാർ
തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനത്തു നിന്നുള്ള പിന്മാറ്റമെന്നും സൂചനയുണ്ട്

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ. സുനിൽകുമാർ പ്രിൻസിപ്പലിന് കത്ത് നൽകി. ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് കാട്ടിയാണ് സൂപ്രണ്ട് കത്ത് നൽകിയത്. തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനത്തു നിന്നുള്ള പിന്മാറ്റം എന്നും സൂചനയുണ്ട്.
അതേസമയം,തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണമില്ലാത്തതിനാൽ വീണ്ടും ശസ്ത്രക്രിയ മാറ്റിവെച്ചു. യൂറോളജി വകുപ്പിൽ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മാറ്റിവച്ചത്. ഉപകരണം എത്തിക്കാനുള്ള നടപടിതുടങ്ങിയെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. രോഗികളിൽ നിന്ന് പണം പിരിവെടുത്ത് ഉപകരണം വാങ്ങി ശസ്ത്രക്രിയ നടത്തരുതെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.ഉപകരണമില്ലെങ്കിൽ മേൽ അധികാരികളെ അറിയിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇതുപറഞ്ഞ് 48 മണിക്കൂർ തികയുന്നതിന് മുൻപേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങി.
യൂറോളജി വകുപ്പിൽ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മുടങ്ങിയത്. ആർ ഐ ആർ എസ് ഫ്ലെക്സി സ്കോപ്പ് ഉപകരണം വകുപ്പിൽ ഇല്ല. ഇക്കാര്യം വകുപ്പ് മേധാവി ഡോ.ഹാരിസ് നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. ചെന്നൈയിൽനിന്ന് ഉപകരണം വിതരണക്കാർ എത്തിക്കാത്തതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് പരിഹരിക്കാനുള്ള ഇടപെടൽ തുടങ്ങിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും വ്യക്തമാക്കി. 56,000 രൂപയോളം വില വരുന്നതാണ് ഉപകരണം. ശസ്ത്രക്രിയ നിശ്ചയിച്ചവരോട് പിന്നീട് വരാനും ആശുപത്രി അധികൃതർ നിർദ്ദേശം നൽകി. ആശുപത്രിയിൽ രോഗികളിൽ നിന്ന് പിരിവ് നടക്കുന്നുണ്ടെന്നും അത് വേണ്ടെന്ന് വെക്കണം എന്നും പറഞ്ഞ മന്ത്രി ഉപകരണം എങ്ങനെ എത്തിച്ച് ശസ്ത്രക്രിയ നടത്തുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
Adjust Story Font
16

