കോഴിക്കോട്ട് ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു
വയനാട് സ്വദേശി അഖിൽ കൃഷ്ണയാണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻപള്ളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. മൈസൂരുവിൽ നിന്ന് എറണാകുളം ബിവറേജസിലേക്ക് മദ്യവുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി ഡ്രൈവർ വയനാട് സ്വദേശി അഖിൽ കൃഷ്ണ മരിച്ചു.
ഇരിങ്ങാടൻപള്ളി ജങ്ഷനിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. മൈസുരുവിൽ നിന്ന് എറണാകുളം ബിവറേജസിലേക്ക് പോകുന്ന ലോറിയുടെ സൈഡിൽ കോവൂർ-പൂളക്കടവ് ഭാഗത്തേക്ക് പോകുന്ന കാർ വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി കൈവരിയിലിടിച്ച് മറിഞ്ഞു.
അകത്ത് കുടുങ്ങിപ്പോയ വയനാട് സ്വദേശിയായ ലോറി ഡ്രൈവർ അഖിൽ കൃഷ്ണയെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. രാത്രിയിൽ സ്ഥലത്തെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കാത്തതിനാൽ ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു
അപകടമേഖലയായതിനാൽ വാണിങ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അപകടത്തിൽപെട്ട ലോറിയും കാറും സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.
Adjust Story Font
16

