'സിനിമയല്ല, കുറ്റകൃത്യങ്ങള്‍ക്ക് പ്രധാന കാരണം ലഹരി'; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
ലഹരിവലയിലെ വമ്പന്മാരെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നും രാഹുൽ മീഡിയവൺ ലൈവത്തോണിൽ പറഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ
കോഴിക്കോട്: സിനിമ ചെറുപ്പക്കാരെ ക്രൂരകൃത്യത്തിന് പ്രേരിപ്പിക്കുന്നുവെന്ന വാദം ശരിയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റകൃത്യത്തിന് പ്രധാന കാരണം ലഹരിയാണെന്ന് രാഹുൽ പറഞ്ഞു. മീഡിയവൺ ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വയലൻസ് ഹീറോയിസമായി കരുതുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. ഇത്തരം കാര്യം പറഞ്ഞാൽ തന്ത വൈബായി മാറും.സിനിമയിൽ വയലൻസ് മുമ്പും വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നുണ്ട്.മംഗലശേരി നീലകണ്ഠൻ വാളെടുത്ത് ശേഖരന്റെ കൈ മുറിക്കുന്നത് കണ്ടവരാണ് നമ്മൾ, അത് കണ്ടവരെല്ലാം വാളെടുത്ത് വെട്ടാൻ പോയവരല്ല.സിനിമകൾ കണ്ട് ആരെയെങ്കിലും ഇടിച്ചു പഞ്ചറാക്കാമെന്ന് നമ്മളാരും കരുതാറില്ല. നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകളും ഉണ്ട്.എന്നാൽ അത് കണ്ടിട്ട് ആരും മദ്യപാനമോ ലഹരിയോ നിർത്തിയതായി കേട്ടിട്ടില്ല. എല്ലാത്തിന്റെയും പ്രധാനപ്പെട്ട കാരണം ലഹരിയാണ്. ലഹരിവലയിലെ വൻ കണ്ണികളെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല.അടുത്തിടെ നാലു തവണ ജയിലിൽ കിടന്നയാളാണ് ഞാന്‍. അന്ന് തനിക്കൊപ്പം കഴിഞ്ഞവരിൽ ഭൂരിഭാഗവും ലഹരിക്കേസ് പ്രതികളായിരുന്നു. പൊലീസ് പിടികൂടുന്നവരിൽ ഭൂരിഭാഗവും അവസാന കണ്ണികളാണ്.സംഭവത്തിൽ പൊലീസ് സംവിധാനം കാര്യക്ഷമമാകണമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ കുട്ടികൾക്ക് രാഷ്ട്രീയമില്ലെന്ന് ഒരു ഗമയായി രക്ഷിതാക്കൾ പറഞ്ഞു നടന്ന കാലമുണ്ടായിരുന്നു. അതിന് മാറ്റം വരണം. രാഷ്ട്രീയത്തിലുള്ളവർ ഇത്തരം കേസുകളുടെ ഭാഗമാകുന്നത് വളരെ കുറവാണ്, അരാഷ്ട്രീയ മേഖലയിലാണ് ഇത്തരം കേസുകൾ കൂടുതൽ. വിദ്യാർഥി സംഘടനകൾ സജീവമാകുന്നത് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയും. ചെറുപ്പക്കാരുടെ എനർജിയെ ക്രിയാത്മകമായി വഴിതിരിച്ചുവിടാൻ കഴിയണം'.രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Adjust Story Font
16

