Quantcast

'മാപ്പല്ല കോപ്പാ'; ദുബൈ കെഎംസിസി പ്രസിഡന്റിനെ തള്ളി സഹഭാരവാഹികൾ

ലോക കേരള സഭയിൽ മാപ്പ് പ്രസംഗം നടത്തിയ ഇബ്രാഹീം എളേറ്റിലിന്റെ നിലപാട് ദുബൈ കെഎംസിസിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ജനറൽ സെക്രട്ടറി കെപിഎ സലാം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-06-21 05:35:45.0

Published:

21 Jun 2022 5:34 AM GMT

മാപ്പല്ല കോപ്പാ; ദുബൈ കെഎംസിസി പ്രസിഡന്റിനെ തള്ളി സഹഭാരവാഹികൾ
X

ദുബൈ: എം.എ യൂസഫലിക്കെതിരായ കെ.എം ഷാജിയുടെ വിമർശനത്തെച്ചൊല്ലി കെഎംസിസിയിൽ ഭിന്നത. ലോക കേരള സഭയിൽ സംസാരിച്ച ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ ഷാജിയുടെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എളേറ്റിൽ പറഞ്ഞിരുന്നു.

എന്നാൽ എളേറ്റിലിനെ പൂർണമായും തള്ളുന്ന നിലപാടാണ് ദുബൈ കെഎംസിസിയിലെ മറ്റു ഭാരവാഹികൾ സ്വീകരിച്ചത്. ലോക കേരള സഭയിൽ മാപ്പ് പ്രസംഗം നടത്തിയ ഇബ്രാഹീം എളേറ്റിലിന്റെ നിലപാട് ദുബൈ കെഎംസിസിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ജനറൽ സെക്രട്ടറി കെപിഎ സലാം പറഞ്ഞു.

വാല് തലയെ നിയന്ത്രിക്കരുതെന്നാണ് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് എൻ.കെ ഇബ്രാഹീമിന്റെ വിമർശനം. ''അതിരുവിട്ട അഭിപ്രായപ്രകടനം അപകടമാണ്. വാല് തലയെ നിയന്ത്രിക്കുന്നതും തഥൈവ. ക്ഷണിക്കാത്ത കല്യാണത്തിന് പോയി, അടുത്തുള്ളവന്റെ പപ്പടം അടിച്ചുമാറ്റുകയും ചെയ്യുകയാണോ? വിവരമില്ലെന്ന ബോധം തന്നെ ഒരു വിവരമാണ്''- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മാപ്പല്ല..കോപ്പാ എന്നായിരുന്നു ദുബൈ കെഎംസിസി ട്രഷറർ ഇസ്മായീൽ പി.കെയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കണമെന്ന് ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതൊന്നും കെഎംസിസി ചെലവിൽ വേണ്ടെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല പറഞ്ഞു.

TAGS :

Next Story