'ശിരോവസ്ത്രം ധരിച്ച് സംഘപരിവാർ, ആശയം ഒളിച്ചു കടുത്തുന്നവരെ സമുദായം തന്നെ ഒറ്റപ്പെടുത്തുന്ന കാലം അതിവിദൂരമല്ല'; വി.പി ദുല്‍ഖിഫില്‍
ഒരു പത്രവും സമുദായ സംഘടനയുടെ പിൻബലവും ഉണ്ടെങ്കിൽ എന്ത് തെമ്മാടിത്തരം വർഗീയതയും പ്രചരിപ്പിക്കാം എന്ന രീതിയിലേക്ക് കേരളം എത്തി

വി.പി ദുല്‍ഖിഫില്‍ Photo| Facebook
കോഴിക്കോട്: ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പള്ളുരുത്തി സെന്‍റ്.റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുകയാണ്. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും രക്ഷിതാക്കൾ മീഡിയവണിനോട് പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍. മതേതര കേരളത്തിന് ഏറ്റവും അപമാനകരമായ ദിവസമാണ് ഇന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശിരോവസ്ത്രം ധരിച്ച് സംഘപരിവാർ, ആശയം ഒളിച്ചു കടുത്തുന്നവരെ സമുദായം തന്നെ ഒറ്റപ്പെടുത്തുന്ന കാലം അതിവിദൂരമല്ലെന്നും ദുൽഖിഫിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മതേതര കേരളത്തിന് ഏറ്റവും അപമാനകരമായ ദിവസമാണ് ഇന്ന്. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എല്ലാ വിഭാഗം വിദ്യാർഥികളെയും ആകർഷിക്കാൻ, കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്തു മുന്നോട്ടുപോയ ചരിത്രമാണ് കേരളത്തിലുള്ളത്. യൂണിഫോമും കൊണ്ട് ഉദ്ദേശിക്കുന്നത് അതുതന്നെ, പാവപ്പെട്ടവനെന്നോ പണക്കാരൻ എന്ന വ്യത്യാസമില്ലാതെ,വിദ്യാഭ്യാസത്തിൽ ആകർഷിക്കുക എന്നുള്ളതാണ്,അല്ലാതെ ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തിയ മതസ്വാതന്ത്ര്യത്തിൽ, മനുഷ്യന്റെ സാമാന്യ ബോധ്യത്തിന് നിരക്കാത്ത രീതിയിലുള്ള ഇടപെടാൻ അല്ല കോടതി വിധിയാണ് നിങ്ങൾ ഉദ്ധരിക്കുന്നത് എങ്കിൽ.
മുനമ്പം വിഷയത്തിൽ ഉൾപ്പെടെ കോടതിവിധി നിങ്ങൾക്കെതിരാണെങ്കിൽ, ഇപ്പോൾ നിങ്ങൾ നടത്തുന്ന കോടതി സ്നേഹം എവിടം വരെ ഉണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ,ഈ വിഷയത്തിൽ കേരളത്തിലെ മുസ്‍ലിം സംഘടനകൾ എടുത്ത പക്വത മതേതര കേരളം നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചു . ഒരു പത്രവും സമുദായ സംഘടനയുടെ പിൻബലവും ഉണ്ടെങ്കിൽ എന്ത് തെമ്മാടിത്തരം വർഗീയതയും പ്രചരിപ്പിക്കാം എന്ന രീതിയിലേക്ക് കേരളം എത്തി.
ദീപിക പത്രത്തിന്‍റെ എഡിറ്റോറിയൽ എഴുതിയ മഹാന്മാരോട് ഒരു ചോദ്യം?കേരളത്തിലെ ഏത് മദ്രസയിലാണ് നിങ്ങൾ എഡിറ്റോറിയൽ എഴുതിപ്പിടിപ്പിച്ചത് പോലെയുള്ള കാര്യങ്ങൾ നടക്കുന്നത്,തെളിയിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. അല്ലാതെ സംഘപരിവാറിന്റെ നാവായി എന്തും ഏതും വിളിച്ചു പറഞ്ഞാൽ അതൊന്നും അംഗീകരിക്കാൻ സാധിക്കില്ല ,ഒരു കന്യാസ്ത്രീ ശിരോവസ്ത്രം ധരിച്ച്, പൊതുസമൂഹത്തിലേക്ക് വരുമ്പോൾ ഞങ്ങൾക്ക് സ്നേഹവും ആദരവും ബഹുമാനവും മാത്രമേ തോന്നിയിട്ടുള്ളൂ. കാരണം നിങ്ങളുടെ വസ്ത്രത്തിൽ അല്ല നിങ്ങൾ നടത്തുന്ന സേവനത്തിനാണ് കേരളീയ പൊതു സമൂഹം വിലകൽപ്പിച്ചത്.
കൽക്കത്തയുടെ തെരുവീഥികളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരെ ചേർത്തുപിടിച്ച ,മദർ തെരേസയാണ് നമുക്ക് മാതൃകയാവേണ്ടത്, ഏതെങ്കിലും തരത്തിലുള്ള ചെറിയ കാരണം പറഞ്ഞ് അകറ്റിനിർത്തുന്നവരെ അല്ല, ശിരോവസ്ത്രം ധരിച്ച് സംഘപരിവാർ, ആശയം ഒളിച്ചു കടുത്തുന്നവരെ സമുദായം തന്നെ ഒറ്റപ്പെടുത്തുന്ന കാലം അതിവിദൂരമല്ല.
Adjust Story Font
16

