പി.വി അൻവറിൻ്റെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി
പതിനാലര മണിക്കൂർ നേരത്തെ പരിശോധനക്ക് ശേഷം അന്വേഷണ സംഘം മടങ്ങി

നിലമ്പൂർ: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവറിൻ്റെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി. പതിനാലര മണിക്കൂർ നേരത്തെ പരിശോധനക്ക് ശേഷം അന്വേഷണ സംഘം മടങ്ങി. പി.വി അൻവറിന്റെ ഒതായിലെ വീട്ടിൽ ഇന്ന് ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്. എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി,കോഴിക്കോട്, ചെന്നൈ യൂണിറ്റുകളിലെ സംഘമാണ് അൻവറിന്റെ വസതിയിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്.
നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന വിജിലൻസ് കേസിന് പിന്നാലെയാണ് ഇഡിയുടെയും പരിശോധന. പി.വി അൻവറിന്റെ ഒതായിലെ വീടിന് പുറമെ മഞ്ചേരിയിലെ സിൽസില പാർക്കിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. അൻവറിന്റെ ഡ്രൈവർ സിയാദിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് ഇഡിയുടെ പരിശോധന.
2015 ൽ കെഎസ്എഫ്ഇയിൽ നിന്നും 12 കോടിയുടെ വായ്പയെടുത്തു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തട്ടിപ്പ് നടത്തി എന്നായിരുന്നു വിജിലൻസ് കേസ്. ആ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇഡിയും പരിശോധന നടത്തുന്നത്.പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തി.അന്വേഷണവുമായി ബന്ധപ്പെട്ട് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ വീട്ടിലും പരിശോധന നടന്നിരുന്നു. അതേസമയം, അൻവറിനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃണമൂൽ നേതാക്കൾ പ്രതികരിച്ചു.
Adjust Story Font
16

