കള്ളപ്പണം വെളുപ്പിക്കൽ: മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്; ഹാജരാകേണ്ട ദിവസം ശിവശങ്കറിന്റെ അറസ്റ്റ്
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു സമൻസ് എന്നാണ് സൂചന.

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി സമൻസ്. 2023ലാണ് വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്.
എന്നാൽ വിവേക് കിരൺ ഹാജരായില്ല. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു സമൻസ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അമ്പതാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചത്.
രേഖകളും തെളിവുകളും ഹാജരാക്കുന്നതിന് വിളിച്ചുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്നതാണ് ഈ വകുപ്പുകൾ. കൊച്ചിയിലെ അസി. ഡയറക്ടറായിരുന്ന പി.കെ ആനനന്ദാണ് നോട്ടീസ് അയച്ചത്.
എന്നാൽ, വിവേക് ഹാജരാവാതിരുന്നിട്ടും ഇഡി തുടർനടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരം. അന്ന് രാത്രി ഇതേ ഓഫീസിലാണ് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
അബൂദബിയിൽ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങൾ തേടി യുഎഇ അധികൃതരിൽനിന്ന് ഇഡി അധികൃതർ തേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടെന്ത് സംഭവിച്ചെന്ന് വിവരമില്ല. വിവേകിനുള്ള സമൻസിൽ ഇത് അയച്ചത് കൊച്ചി സോണൽ ഓഫീസിൽ നിന്നാണെന്ന് തെളിയിക്കുന്ന കൃത്യമായ വിവരമുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാകുമ്പോൾ സമർപ്പിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

