ശബരിമല സ്വർണക്കൊള്ള: പ്രതികളുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തയച്ച് ഇ.ഡി
ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തയച്ച് ഇഡി. വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യമാണെന്ന് ഇഡി. നിർണായക മൊഴിവിവരങ്ങൾ സൂക്ഷിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരനാണ്. ഇതിനാൽ നിയമോപദേശം തേടിയ ശേഷമായിരിക്കും എസ്ഐടിയുടെ തീരുമാനം.
അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. കട്ടിളപ്പാളി കേസിൽ കൂടുതത വ്യക്തത തേടിയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളും എസ്ഐടി വേഗത്തിലാക്കി.
കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ എസ്ഐടി വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്തു. പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്ന് എസ്ഐടി അറിയിച്ചു. കേസിൽ 2025ലെ ഇടപാടിൽ കൂടുതൽ തെളിവുകൾ തേടുകയാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞദിവസം, ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം തേടിയിരുന്നു. റിപ്പോർട്ട് ലഭിക്കാൻ എസ്ഐടി കോടതിയിൽ വൈകാതെ അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശില്പത്തിനും കട്ടിളപ്പാളിക്കും പുറമേ കൂടുതൽ സ്വർണം ശബരിമലയിൽ നിന്ന് കടത്തിയിട്ടുണ്ടോയെന്ന് പരിശോധനാഫലം ലഭിക്കുന്നതിലൂടെ വ്യക്തമാകും.
ഇതിനിടെ, കേസിൽ അറസ്റ്റിലായ കെ.പി ശങ്കർദാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ വ്യക്തിമാക്കിയതിനെ തുടർന്നായിരുന്നു ഇത്.
നേരത്തെ, കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രണ്ട് കേസുകളിലെയും ജാമ്യഹരജിയാണ് കൊല്ലം വിജിലൻസ് കോടതി തള്ളിയത്. ഇനിയും തൊണ്ടിമുതൽ കണ്ടെടുക്കാൻ ഉണ്ടെന്ന എസ്ഐടിയുടെ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.
Adjust Story Font
16

