പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍റെ പേരിൽ വിദ്യാഭ്യാസ ഹബ് സ്ഥാപിക്കും; അവാർഡും സ്കോളർഷിപ്പും ഏർപ്പെടുത്തും
100 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തും

വിഷൻ സംരംഭങ്ങളുടെ മുഖ്യ സ്ഥാപകനും ഉത്തരേന്ത്യയിൽ ന്യുനപക്ഷങ്ങളുടെയും പിന്നാക്ക ജന വിഭാഗങ്ങളുടെയും ഉന്നമനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച സാമൂഹിക പ്രവർത്തകനുമായ പ്രൊഫ. സിദ്ദിഖ് ഹസൻ്റെ സ്മരണക്കായി അദ്ദേഹത്തിൻ്റെ പേരിൽ വിവിധ പദ്ധതികൾക്ക് വിഷൻ ആസ്ഥാനത്ത് ചേർന്ന ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡിയിൽ അംഗീകാരം നൽകി.
ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെയും പ്രദേശങ്ങളുടെയും സമുന്നതമായ പുരോഗതി ലക്‌ഷ്യം വെച്ച് വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു പ്രൊഫ. സിദ്ദിഖ് ഹസൻ. തങ്ങളുടെ ജീവ കാരുണ്യ പ്രവർത്തന മണ്ഡലം ഉത്തരേന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് കേരളത്തിലെ മുസ്‌ലിം സംഘടനകൾക്ക് വഴികാട്ടിയതും അദ്ദേഹമായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിലും പിന്നാക്ക ജനവിഭാങ്ങൾക്ക് വേണ്ടിയും അദ്ദേഹം നടപ്പാക്കിയ പദ്ധതികൾ സമൂഹത്തിൻ്റെ വലിയ അംഗീകാരം നേടി. ഈ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് അദ്ദേഹം മുൻകൈ എടുത്ത് രൂപം നൽകിയ പദ്ധതിയാണ് വിഷൻ 2016. വിവിധ എൻജിഒകൾക്ക് കീഴിൽ നടപ്പാക്കി വരുന്ന ഈ പദ്ധതികൾ പത്ത് വർഷത്തിന് ശേഷം അതിൻ്റെ രണ്ടാം ഘട്ടം വിഷൻ 2026 എന്ന് പുനർനാമകരണം ചെയ്തു. ഉത്തരേന്ത്യയിൽ വിവിധ ഇടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, തൊഴിൽ-സേവന സംരംഭങ്ങൾ, സ്ത്രീ ശാക്തീകരണ പദ്ധതികൾ, മാതൃകാ ഗ്രാമങ്ങൾ, കമ്യുണിറ്റി സെന്ററുകൾ, പരസ്പര സഹായ സംഘങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പദ്ധതികൾ സജീവമായി നടന്നുവരുന്നുണ്ട്.
ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെ സമുന്നതമായ പുരോഗതി ലക്‌ഷ്യം വെച്ച് പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകൾ/എൻജിഒകൾ, സാമൂഹിക പ്രവർത്തകർ എന്നിവർക്ക് പ്രൊഫ. സിദ്ദിഖ് ഹസൻ മെമ്മോറിയൽ അവാർഡ് നൽകും. ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കുമായിരിക്കും അവാർഡ് നൽകുക. വിഷൻ്റെ സാമൂഹിക ശാക്തീകരണ പദ്ധതികൾ വിപുലപ്പെടുത്തുന്നതിനായി സാധ്യമായ ഇടങ്ങളിൽ അത്തരം എൻജിഒകളുമായി സഹകരിച്ചു പ്രവർത്തിക്കും.
സന്നദ്ധതയും, നേതൃഗുണവും, ഉയർന്ന വിദ്യാഭ്യാസ നിലവാരവുമുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രൊഫ. സിദ്ദിഖ് ഹസൻ സ്‌കോളർഷിപ്പ് ഏർപ്പെടുത്തും. ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർത്ഥികൾക്കാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ട് വരുന്നതിനും ഭാവിയിൽ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ അവരെ വളർത്തിക്കൊണ്ടുവരുന്നതിനും ലക്‌ഷ്യം വെക്കുന്നതാണ് ഈ സ്‌കോളർഷിപ്പ് പദ്ധതി.
ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയായി 2018-ലെ നീതി ആയോഗ് പഠനത്തിൽ രേഖപ്പെടുത്തിയ ഹരിയാനയിലെ മേവാത്ത് ജില്ലയിലെ മറോറ ഗ്രാമത്തിൽ ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷന് കീഴിൽ തുടക്കം കുറിച്ച വിദ്യാഭ്യാസ കേന്ദ്രം 'പ്രൊഫ. സിദ്ദിഖ് ഹസൻ നോളെജ് വില്ലെജ്' എന്ന നാമധേയത്തിൽ വികസിപ്പിപ്പിക്കും. റെസിഡൻഷ്യൽ സംവിധാനത്തോടെയുള്ള സ്‌കൂളുകൾ, കോളെജ്, കോച്ചിങ് സെന്റർ, അനാഥാലയം, സാങ്കേതിക വിദ്യാഭ്യാസ-പരിശീലന കേന്ദ്രം, മെഡിക്കൽ സെന്റർ, കമ്മ്യുണിറ്റി സെൻറർ തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കും ഈ സമുച്ഛയം. 25-ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
കോവിഡ് ലോക്ക്ഡൗൺ കാരണം ജീവിതം വഴിമുട്ടിയ ആയിരങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ തൊഴിൽ-പരിശീലന പദ്ധതികൾ നടപ്പാക്കുന്നതിന് ഈ സാമ്പത്തിക വർഷം കൂടുതൽ ഊന്നൽ നൽകുവാൻ ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ വാർഷിക യോഗം തീരുമാനിച്ചു. സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പരിശീലനവും സഹായവും നൽകും. വിവിധ നഗരങ്ങളിൽ തൊഴിലാളികൾക്കും മറ്റും പ്രയോജനം ചെയ്യുന്ന വിധം ഭക്ഷണ വിതരണ പദ്ധതിയും നടപ്പാക്കും.
വാർഷിക യോഗത്തിൽ ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സിറാജ് ഹുസൈൻ ഐഎഎസ് (റിട്ട.)-ചെയർമാൻ, മമ്മുണ്ണി മൗലവി, ടി. ആരിഫലി - വൈസ് ചെയർമാൻ, മുഅസ്സം നായിക് - ജനറൽ സെക്രട്ടറി, മുഹമ്മദ് ജാഫർ - ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.
കൃഷി മന്ത്രാലയത്തിൽ നിന്ന് സെക്രട്ടറിയായി വിരമിച്ച സിറാജ് ഹുസൈൻ, നിലവിൽ Indian Council for Research on International Economic Relations സീനിയർ വിസിറ്റിംഗ് ഫെലോ ആണ്. നേരത്തെ അദ്ദേഹം ഡൽഹി ഹംദർദ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, ഒ അബ്ദുറഹ്മാൻ, കെ.പി രാമനുണ്ണി, ഡോ. പി.സി അൻവർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
Adjust Story Font
16

