ബലിപെരുന്നാൾ: വെള്ളിയാഴ്ചയിലെ അവധി പുനഃസ്ഥാപിക്കണം- എസ്കെഎസ്എസ്എഫ്
മുസ്‌ലിംകളുടെ വളരെ പ്രധാനപ്പെട്ട ആഘോഷത്തോട് സർക്കാറുകൾ കാണിക്കുന്ന അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കോഴിക്കോട്: കലണ്ടർ പ്രകാരമുള്ള വെള്ളിയാഴ്ചയിലെ ബലിപെരുന്നാൾ അവധി മറ്റൊരു ദിനത്തിലേക്ക് മാറ്റിയത് അവകാശ ധ്വംസനമാണെന്നും നാളത്തെ പൊതു അവധി പുനഃസ്ഥാപിക്കണമെന്നും എസ്കെഎസ്എസ്ഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ സാധാരണ അവധി ദിവസമായ ശനിയാഴ്ചയിലേക്ക് നാളത്തെ അവധി മാറ്റുക വഴി ബലിപെരുന്നാൾ അവധി പാടെ ഇല്ലാതാക്കിയിരിക്കുകയാണെന്നും ഇത് വിശ്വാസികളുടെ അർഹമായ അവകാശങ്ങൾ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട തീയതിയിൽ നിന്ന് അവധിമാറ്റം വരുത്തുന്നത് ജീവനക്കാർക്കും വിദ്യാർഥികൾക്കും ദൂരദിക്കുകളിൽ നിന്ന് യാത്ര ചെയ്തു വരേണ്ടവർക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. മറ്റു പല ആഘോഷങ്ങൾക്കും ആവശ്യത്തിലധികം അവധി നൽകുന്ന നാട്ടിൽ
മുസ്‌ലിംകളുടെ വളരെ പ്രധാനപ്പെട്ട ആഘോഷത്തോട് സർക്കാറുകൾ കാണിക്കുന്ന അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണം. നാളത്തെ അവധി പുനഃസ്ഥാപിച്ച് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും എസ്കെഎസ്എസ്എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
Adjust Story Font
16

