Quantcast

എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യ നില തൃപ്തികരം; കോടതി നടപടികൾ ആശുപത്രിയിൽ

മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി

MediaOne Logo

Web Desk

  • Published:

    7 April 2023 4:52 AM GMT

എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യ നില തൃപ്തികരം; കോടതി നടപടികൾ ആശുപത്രിയിൽ
X

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് പ്രതിയെ കാണുകയും ചെയ്തു. കോടതി നടപടികൾ ആശുപത്രിയിലാണ് നടക്കുന്നത്.മജിസ്‌ട്രേറ്റിന് മുന്നില് ഹാജാരക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുക. അതേസമയം, ഷാരൂഖിനെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമായിരിക്കും തീരുമാനമുണ്ടാകുക.

മഞ്ഞപ്പിത്തബാധയെ തുടർന്നായിരുന്നു ഷാരൂഖ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുന്നത്. ഷാരൂഖിനെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശരീരത്തിലേറ്റ പൊള്ളലേറ്റത് സാരമല്ലെന്നായിരുന്നു കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ട്രെയിനില്‍ നിന്ന് ചാടിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളും ഗുരുതമല്ലെന്നും എക്സറേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ രക്തപരിശോധനയിലും പ്രശ്നങ്ങളൊന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ആശുപത്രിയിൽ വെച്ചും ഷാറൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് വിവരങ്ങൾ തിരക്കാനായി എൻ.ഐ.എ സംഘവും കോഴിക്കോട്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.

മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടുന്നത്. പിന്നീട് ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖിനെ കേരളത്തിലേക്ക് എത്തിച്ചത്. പ്രതിയുമായി കേരളത്തിലെത്തിയപ്പോള്‍ പൊലീസിന് സംഭവിച്ച സുരക്ഷാവീഴ്ചയും ഏറെ വിവാദമായിരുന്നു.വെറും മൂന്ന് പൊലീസുകാര്‍ മാത്രമായിരുന്നു പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. ഇതിനിടയില്‍ കണ്ണൂരില്‍ വെച്ച് പ്രതിയുമായെത്തിയ വാഹനം പഞ്ചറാകുകയും മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറിയെങ്കിലും വഴി തെറ്റുകയും ചെയ്തു. ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് എത്തിച്ച പ്രതിയെ കോഴിക്കോട് എ.ആര്‍ ക്യാമ്പിലെത്തിച്ച്‌ ചോദ്യം ചെയ്തിരുന്നു. ഉച്ചയോടെയാണ് വൈദ്യ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്.



TAGS :

Next Story