സർവീസ് നിരക്കിനെച്ചൊല്ലി തർക്കം: കണ്ണൂരിൽ വയോധികനെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ച് യുവാവ്
എറിക്സൺ ജോയി എന്ന യുവാവിനെതിരെയാണ് പരാതി.

കണ്ണൂർ: കണ്ണൂരിൽ വാട്ടർ സർവീസ് ചെയ്തതിന്റെ നിരക്കുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികനെ വാഹനം കൊണ്ട് ഇടിച്ചിട്ടതായി പരാതി. കാർത്തികപുരത്തെ ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മായിലിനാണ് പരിക്കേറ്റത്. എറിക്സൺ ജോയി എന്ന യുവാവിനെതിരെയാണ് പരാതി.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സർവീസിന് നൽകിയ വാഹനം തിരികെ വാങ്ങാനാണ് എറിക്സൺ കാർത്തികപുരത്തെ സർവീസ് സ്റ്റേഷനിൽ എത്തുന്നത്. സർവീസ് ചാർജായി ആവശ്യപ്പെട്ട 800 രൂപ നൽകാൻ എറിക്സൺ തയാറായില്ല. ഇതിനെച്ചൊല്ലി സ്ഥാപന ഉടമയായ ഇസ്മായിലുമായി വാക്കേറ്റമുണ്ടായി.
പിന്നാലെ വാഹനത്തിൽ കയറിയ എറിക്സൺ സ്ഥാപന ഉടമയായ ഇസ്മായിലിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു വാഹനമിടിപ്പിച്ചതെന്ന് ഇസ്മായിൽ പറയുന്നു.
സ്ഥാപനത്തിലെ മറ്റു തൊഴിലാളികൾ ചേർന്ന് യുവാവിനെ തടഞ്ഞുവയ്ക്കാർ ശ്രമിച്ചെങ്കിലും ഇയാൾ വാഹനവുമായി രക്ഷപെട്ടു. വാഹനം ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. എറിക്സണിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ ഇസ്മായിൽ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Adjust Story Font
16

