ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് ആഘാതമായി ഇഎംഐ ബ്ലാക്ക് ലിസ്റ്റിങ്
മുഴുവൻ തുകയും ഒരുമിച്ച് നൽകാതെ സാധനങ്ങൾ വാങ്ങാനാവുന്നില്ലെന്ന് ദുരന്തബാധിതർ

വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച ചൂരൽമല - മുണ്ടക്കൈ നിവാസികൾക്ക് ആഘാതമായി ഇഎംഐ ബ്ലാക്ക് ലിസ്റ്റിങ്. സാധനങ്ങൾ വാങ്ങുമ്പോൾ തവണകളായി പണം നൽകാവുന്ന ഇഎംഐ സൗകര്യം ചൂരൽമല - മുണ്ടക്കൈ നിവാസികൾക്ക് ലഭിക്കുന്നില്ല.പ്രദേശത്തെ ഫിനാൻസ് ഏജൻസികൾ ബ്ലാക്‌ലിസ്റ്റിൽ പെടുത്തി. മുഴുവൻ തുകയും ഒരുമിച്ച് നൽകാതെ സാധനങ്ങൾ വാങ്ങാനാവുന്നില്ലെന്ന് ദുരന്തബാധിതർ പറയുന്നു.
ദുരന്തത്തിന്‍റെ ആഘാതത്തിൽ നിന്ന് പതിയെ കരകയറി വരുന്ന ദുരന്തബാധിതർക്ക് ഇരുട്ടടിയാവുകയാണ് ഇഎംഐ നിഷേധം. മുണ്ടക്കൈ, ചൂരൽമല നിവാസികൾ പിൻകോഡ് അടിക്കുന്നതോടെ ഒന്നുകിൽ കാർഡ് ബ്ലോക്ഡ് എന്നോ അല്ലെങ്കിൽ പോളിസി റിജക്ടഡ് എന്നോ മെഷീനിൽ തെളിയും. ദുരന്തത്തിൽ സകലതും തകർന്ന മനുഷ്യർക്ക് ഒരുമിച്ച് പണം നൽകാൻ കഴിയാത്തതിനാൽ മൊബൈൽ ഫോൺ മുതൽ അവശ്യവസ്തുക്കൾ ഒന്നും വാങ്ങാൻ കഴിയാത്ത നിലയാണെന്ന് ഇവർ പറയുന്നു.
ഉരുൾപൊട്ടലിന് പിന്നാലെ ദുരന്തബാധിതരെ തലപൊക്കാനനുവദിക്കാത്ത നിരവധി പ്രശ്നങ്ങളിൽ ഒന്നാവുകയാണ് ഇഎംഐ നിഷേധവും. ദുരന്തത്തിൽ വീടും വാഹനങ്ങളും മൊബൈൽ ഫോണുമടക്കം സകലതും നഷ്ടപ്പെട്ട മനുഷ്യർക്ക് വലിയ തുക ഒരുമിച്ചെടുക്കാൻ ആവില്ലെന്നും ഇഎം ഐ സൗകര്യം പുനഃസ്ഥാപിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
Adjust Story Font
16

