Quantcast

കൊച്ചി സിനഗോഗിന് മുന്നിലെ തീവെപ്പ്: പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്‌ഐടി

കൃത്യം നടത്തിയശേഷം ഇയാൾ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ശേഷം ബോസ് എന്ന സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് അയച്ചുകൊടുത്തതായും പൊലീസ് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2026-10-14 07:30:12

Published:

14 Oct 2026 10:14 AM IST

കൊച്ചി സിനഗോഗിന് മുന്നിലെ തീവെപ്പ്: പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്‌ഐടി
X

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിലെ സിനഗോഗ് പരിസരത്തെ തീവെപ്പിൽ പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്ഐടി. കൊച്ചി ഡിസിപി അരുൺ പവിത്രന്റെ കീഴിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.

എറണാകുളം മാർക്കറ്റ് റോഡിൽ കടവുംഭാഗത്തുള്ള സിനഗോഗിന് മുമ്പിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഒരാൾ പെട്രോളുമായി വന്ന് സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്സറിക്ക് തീയിടുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീല നിറത്തിലുള്ള കാറിൽ വന്നയാളാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ശേഷം കാറ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പുത്തൻകുരിശിൽ താമസിക്കുന്ന എബിൻ പോൾ എന്നയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂതപ്പള്ളികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന സംഘത്തിലെ അംഗമാണ് എബിൻ പോളെന്നാണ് വിവരം. അടുത്തിടെ മൂവാറ്റുപുഴയിൽ ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണത്തിലും തനിക്ക് പങ്കുണ്ടെന്ന് എബിൻ സമ്മതിച്ചിട്ടുണ്ട്.

പുറത്തുനിന്നുള്ള ആരുടെയൊക്കെയോ നിർദേശം ഇയാൾക്ക് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൃത്യം നടത്തിയശേഷം ഇയാൾ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ശേഷം ബോസ് എന്ന സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് അയച്ചുകൊടുത്തതായും പൊലീസ് പറയുന്നു. 'ബോസ്' ആരാണെന്നും ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

പ്രതിയുടെ സാമ്പത്തിക ഇടപാടുകളും മറ്റും പരിശോധിച്ചതിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തുന്നതിന് ഇയാൾക്ക് പണം ലഭിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ വളരെ ഗൗരവത്തോടെയാണ് പൊലീസും ഇൻ്റലിജൻസ് വിഭാഗവും കേസിനെ സമീപിക്കുന്നത്.

അതേസമയം, മൂവാറ്റുപുഴയിലെ കാർ ഷോപ്പിൽ തീവെപ്പ് നടത്തിയ പ്രതി തന്നെയാണ് മട്ടാഞ്ചേരിയിലും എത്തിയതെന്ന് ഷോപ്പ് ഉടമ തിരിച്ചറിഞ്ഞു. എന്നാൽ പ്രതിയുമായി യാതൊരു മുൻപരിചയവുമില്ലെന്ന് കാർ ഷോപ്പ് മാനേജർ സാൻ്റോ മീഡിയവണിനോട് പറഞ്ഞു. വലിയൊരു ദുരന്തമായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. കാറുകൾക്ക് അടിയിലേക്ക് ഒമ്പത് കുപ്പി പെട്രോളാണ് ഇയാൾ ഒഴിച്ചത്. എങ്കിലും, ഭാഗ്യവശാൽ വലിയ തീപിടിത്തം ഉണ്ടായില്ലെന്നും സാൻ്റോ പറഞ്ഞു.

നീല നിറത്തിലുള്ള ഇഗ്നിസ് കാറിലാണ് ഇയാൾ സ്ഥലത്തെത്തിയത്. ആ സമയത്ത് പ്രഭാത നടത്തത്തിനായി അതുവഴി കടന്നുപോയവരും പ്രതിയെ കണ്ടിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും സാൻ്റോ വ്യക്തമാക്കി.

TAGS :

Next Story