ഏരൂരിൽ വൃദ്ധസദനത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് മർദനം; വാരിയെല്ലിന് പൊട്ടൽ
മഞ്ഞുമ്മൽ സ്വദേശി ശാന്തക്കാണ് പരിക്കേറ്റത്

എറണാകുളം: എറണാകുളം ഏരൂരിൽ വൃദ്ധസദനത്തിൽ 71 കാരിയായ കിടപ്പുരോഗിക്ക് മർദനമേറ്റതായി പരാതി. മഞ്ഞുമ്മൽ സ്വദേശി ശാന്തക്കാണ് പരിക്കേറ്റത്. വൃദ്ധസദനം നടത്തിപ്പുകാരിയായ രാധയാണ് മർദിച്ചത്. സ്കാനിങ്ങിൽ ശാന്തയുടെ വാരിയെല്ലിന് പൊട്ടൽ കണ്ടെത്തി. ശാന്തയെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
എറണാകുളം ജനറൽ ആശുപത്രിയിൽ അസുഖബാധിതയായി ഡോക്ടറുടെ അടുക്കൽ എത്തിയപ്പോഴാണ് ദുരനുഭവം പങ്കുവെച്ചത്. തുടർന്ന് എടുത്ത സ്കാനിങിലാണ് ഇവരുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്നും വീഴ്ചയിൽ സംഭവിച്ച ആഴത്തിലുള്ള മുറിവ് പഴുത്തുകൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയത്. നിലവിൽ ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ ശാന്തയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. വൃദ്ധസദനം നടത്തിപ്പുകാരി നിലത്തിട്ട് ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
ഭർത്താവ് അയ്യപ്പന്റെ മരണത്തോടെയാണ് ബന്ധുക്കൾ ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റിയത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

