Quantcast

രാജ്യത്തിന്റെ പല ഭാഗത്തും മുസ്‌ലിംകൾക്ക് നരകതുല്യമായ സാഹചര്യം; മുസ്‌ലിം വിരുദ്ധത സർക്കാരിന്റെ മുഖമുദ്രയായി മാറി - ഇ.ടി മുഹമ്മദ് ബഷീർ

ഈ രാജ്യത്ത് ജനിച്ചു വളർന്നവരാണ് ഇവിടത്തെ മുസ്‌ലിംകൾ. ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് സർക്കാർ കരുതരുതെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Feb 2024 1:55 PM GMT

ET Mohammad Basheer MP explains his statement on Muslim League participation in the CPM Palestine solidarity rally
X

ഇ.ടി മുഹമ്മദ് ബഷീര്‍

ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനവുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി. പുതിയ പാർലമെന്റ് മന്ദിരം നിർമാണാത്മക ചർച്ചകൾക്കും നയരൂപീകരണത്തിനും വേദിയാകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ പ്രതിപക്ഷത്തെ നിശബ്ദരാക്കി നിയമങ്ങൾ ചുട്ടെടുക്കുന്നതാണ് ഇപ്പോൾ കാണുന്നത്. വിമർശിക്കുന്നവരെ ശത്രുക്കളായാണ് സർക്കാർ കാണുന്നത്. വിമർശനത്തോട് അൽപംപോലും സഹിഷ്ണുതയില്ല, വിമർശകരെ കേസെടുത്ത് ഒതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നന്ദിപ്രമേയ ചർച്ചയിൽ ഇ.ടി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം ന്യൂനപക്ഷങ്ങളോട് ഇത്ര മോശം സമീപനം സ്വീകരിച്ച ഒരു സർക്കാർ ഉണ്ടായിട്ടില്ല. മുസ്‌ലിംകൾ ഇത്രത്തോളം ദ്രോഹിക്കപ്പെട്ട ഒരു കാലവും ഇതിന് മുമ്പുണ്ടായിട്ടില്ല. ഇന്ത്യയുടെ പല ഭാഗത്തും നരകതുല്യമായ അനുഭവങ്ങളാണ് മുസ്‌ലിംകൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സർക്കാരിന്റെ മുഖമുദ്ര തന്നെ ന്യൂനപക്ഷ വിരുദ്ധതയായി മാറിയെന്നും ഇ.ടി പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരം തങ്ങളാണ് നിർമിച്ചതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ പാർലമെന്റ് വെറുമൊരു കെട്ടിടമല്ല. പാർലമെന്റ്, എക്‌സിക്യൂട്ടീവ്, ജൂഡീഷ്യറി, മാധ്യമങ്ങൾ എല്ലാം ജനാധിപത്യത്തിന്റെ തൂണുകളാണ്. ഇതെല്ലാം തകർക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മൂന്നു വർഷത്തെ സംവാദത്തിന് ശേഷമാണ് നമ്മുടെ രാജ്യത്തിന് ഒരു ഭരണഘടനയുണ്ടായത്. ലോകത്തെ മികച്ച ഭരണഘടനയാണ് നമ്മുടേയത്. എന്നാൽ അത് ഇപ്പോൾ വലിയ വെല്ലുവിളി നേരിടുകയാണ്.

രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആഘോഷത്തിലാണ് ഭരണപക്ഷം. ബാബരി മസ്ജിദ് തകർത്തവർ തന്നെ ഇപ്പോൾ ഗ്യാൻവാപി മസ്ജിദിന് നേരെ തിരിഞ്ഞിരിക്കുകയാണ്. 800 വർഷം പ്രാർഥന നടത്തിയ മെഹ്‌റൊളി മസ്ജിദ് പൊളിച്ചു കളഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തുന്നതാണ്.

ഏക സിവിൽകോഡും പൗരത്വനിയമവും ഉടൻ നടപ്പാക്കുമെന്നാണ് ഇപ്പോൾ മന്ത്രിമാർ ആവർത്തിച്ചു പറയുന്നത്. തീ കൊണ്ട് കളിക്കരുതെന്നാണ് അവരോട് പറയാനുള്ളത്. നേരത്തെ ഈ പൗരത്വനിയമം കൊണ്ടുവന്നപ്പോൾ രാജ്യത്തുണ്ടായ പ്രതിഷേധം നമ്മൾ കണ്ടതാണ്. പോസ്റ്റീവ് കാര്യങ്ങളാണ് ഒരു സർക്കാർ ചെയ്യേണ്ടത്. എന്നാൽ ഇപ്പോൾ വിദ്വേഷപ്രചാരണം മാത്രമാണ് സർക്കാർ നടത്തുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഈ രാജ്യത്ത് ജനിച്ചുവളർന്നവാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായ സംഭാവനങ്ങൾ നൽകിയവരാണ് മുസ്‌ലിംകൾ. രാജ്യത്തെ പൗരൻമാരോട് പ്രത്യേകിച്ച് മുസ്‌ലിംകളോട് ക്രൂരമായ സമീപനമാണ് ഈ സർക്കാർ സ്വീകരിക്കുന്നത്. ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് സർക്കാർ കരുതരുതെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

TAGS :

Next Story