Quantcast

'ശരീഅത്ത് കാലത്തെ നിലപാടിന് ഹിന്ദുത്വവാദികൾ പോലും കൈയടിച്ചു; സംഘ്പരിവാറിനെതിരെ പറഞ്ഞപ്പോൾ ഇടതുപക്ഷ നേതാക്കൾ വരെ എതിർത്തു': അനുഭവം പറഞ്ഞ് കെഇഎൻ

'സംഘ്പരിവാറിനെക്കുറിച്ച് ഇത്രയൊക്കെ പറയണോ എന്ന് ഇടതുപക്ഷ അനുഭാവികളടക്കം ചോദിച്ചു'.

MediaOne Logo

Web Desk

  • Published:

    30 Oct 2025 4:54 PM IST

Even Left leaders opposed when I said against the Sangh Parivar Says KEN
X

കോഴിക്കോട്: ശരീഅത്ത് സമരകാലത്ത് എഴുതിയ പുസ്തകത്തിനും പ്രഭാഷണങ്ങൾക്കും ഹിന്ദുത്വവാദികളുടെ വരെ പിന്തുണയുണ്ടായെന്നും എന്നാൽ പിന്നീട് സംഘ്പരിവാറിനെതിരെ പറഞ്ഞപ്പോൾ കേരള സമൂഹത്തിൽ നിന്ന് പിന്തുണ കിട്ടിയില്ലെന്ന് മാത്രമല്ല, ഇടതുപക്ഷ നേതാക്കൾ വരെ അതിനെ എതിർത്തെന്നും എഴുത്തുകാരനും പ്രഭാഷകനുമായ കെഇഎൻ. ഒരു യൂട്യൂബ് ചാനലിലൂടെയാണ് കെഎഇൻ അനുഭവം വിവരിക്കുന്നത്. ഇത്രയൊക്കെ പറയണോ എന്ന് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളിലെ ചില ഉയർന്ന നേതാക്കൾ വരെ ചോദിച്ചിട്ടുണ്ടെന്നും അന്ന് മുതൽ താൻ സംഘ്പരിവാറിന്റെ കണ്ണിലെ കരടായെന്നും കെഇഎൻ പറഞ്ഞു.

'1984- 85ൽ ശരീഅത്ത് സംവാദകാലത്താണ് കേരളത്തിലുടനീളം ശ്രദ്ധിക്കപ്പെടുന്ന പ്രഭാകനായി ഞാൻ മാറുന്നത്. മുസ്‌ലിം സമൂത്തിലെ യാഥാസ്ഥികത്വത്തിനെതിരെയായിരുന്നു പ്രഭാഷണങ്ങൾ. അക്കാലത്താണ് ഞാനും ഹമീദ് ചേന്ദമംഗലൂരും ചേർന്ന് 'ശരീഅത്ത്- മിഥ്യയും യാഥാർഥ്യവും' എന്ന പുസ്തകം പുറത്തിറക്കിയത്. പുരോഗമന കലാസാഹിത്യ സംഘമാണ് അത് പ്രസിദ്ധീകരിച്ചത്. ആ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ കേരളത്തിൽ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കോപ്പിലെഫ്റ്റ് പുസ്തകങ്ങളിലൊന്നായിട്ട് അത് മാറി. പുസ്തകം കിട്ടാത്തതിനാൽ പലരും അതിന്റെ ഫോട്ടോകോപ്പിയെടുത്തു. അന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രഭാഷണം നടത്തിയത് ഞാനും ഹമീദ് ചേന്ദമംഗലൂരുമാണ്'.

'അന്ന് ഇടതുപക്ഷത്തിനു വേണ്ടി മുസ്‌ലിം യാഥാസ്ഥികത്വത്തിനെതിരായ ആശയപ്രചാരണത്തിന്റെ മുന്നിൽ നിന്ന് ഞാനും ഹമീദ് ചേന്ദമംഗലൂരുമാണ്. അതിന് പു.ക.സയുടെ എല്ലാ പിന്തുണയുമുണ്ടായിരുന്നു. അന്ന് മൃദുഹിന്ദുത്വവാദികളും കൊടുംഹിന്ദുത്വവാദികളും ഞങ്ങളെ പരോക്ഷമായി പിന്തുണച്ചിട്ടുണ്ട്. അവരുടെ ഭാഗത്തുനിന്ന് അന്ന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. അന്ന് കെഇഎൻ അവർക്കൊക്കെ സ്വീകാര്യനായിരുന്നു'.

'അത് കഴിഞ്ഞ്, എന്റെ പ്രഭാഷണ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവ് വരുന്നത് 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതോടെയാണ്. അന്ന് ഞാൻ പു.ക.സ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ആ സംഭവം ഞങ്ങളിലുണ്ടാക്കിയ വലിയൊരു ഉത്കണ്ഠയുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഞാനും ഡോ. കെ.എസ് ഹരിഹരനും ചേർന്ന് 'ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം' എന്ന പുസ്തകം എഴുതുന്നത്. എന്നാൽ 'ശരീഅത്ത് മിഥ്യയും യാഥാർഥ്യവും' എന്ന പുസ്തകത്തിന് കിട്ടിയ പരിഗണന കേരള സമൂഹം ആ പുസ്തകത്തിന് നൽകിയില്ല. ഇടതുപക്ഷം ഈ പുസ്തകത്തിന് അവാർഡ് നൽകി. അതേസമയം, 'സംഘ്പരിവാറിനെക്കുറിച്ച് ഇത്രയൊക്കെ പറയണോ' എന്ന് ഇടതുപക്ഷ അനുഭാവികളടക്കം ചോദിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളിലെ ചില ഉയർന്ന നേതാക്കൾ വരെ ഇത്രയൊക്കെ പറയണോ എന്ന് ചോദിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരിയുടെ അവതാരികയാണ് ആ പുസ്തകത്തിനുണ്ടായിരുന്നത്. അന്ന് മുതൽ സംഘ്പരിവാറിന്റെ കണ്ണിലെ കരടായി ഞാൻ മാറി. കാരണം അത് പള്ളിയാണല്ലോ. 'ഒരമ്പലം കത്തിയാൽ അത്രയും അന്ധവിശ്വാസം നശിച്ചു, അതുപോലെ ഒരു പള്ളി പൊളിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചില്ലേ' എന്നാണ് സി. കേശവൻ ചോദിച്ചത്. കെഇഎന്നിനെ പോലൊരു മതരഹിതൻ എന്തിനാണ് ഈയൊരു കാര്യത്തിലൊക്കെ ഇത്ര തീവ്രത കാണിക്കുന്നതെന്നും ചോദിച്ചു'- കെഎഇൻ ഓർത്തെടുത്തു.

'എന്നാൽ, ഇത് തീപിടിത്തമുണ്ടായ പ്രശ്‌നമല്ലെന്നും ഇന്ത്യൻ ഫാഷിസ്റ്റ് തീ ഇന്ത്യയിലാകെ ആളിപ്പടരാൻ പോവുന്നതിന്റെ താക്കീതാണെന്നും ഞാൻ പറഞ്ഞു. അതിന് തടയിട്ടിട്ടില്ലെങ്കിൽ വലിയ അപകടത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും പറഞ്ഞു. ഞങ്ങളുടെ മുന്നറിയിപ്പ് ശരിയായിരുന്നു. പക്ഷേ സാംസ്‌കാരിക പ്രവർത്തകരിൽ വലിയൊരു വിഭാഗം ബഹുജനങ്ങളിൽനിന്നും എന്നെ കുറച്ച് അകറ്റിനിർത്താനിടയാക്കി. പക്ഷേ അന്നുമിന്നും അത് ഞാൻ കാര്യമായെടുത്തില്ല'.

'അതുംകഴിഞ്ഞാണ്, 2002ലെ ഗുജറാത്ത് വംശഹത്യ വരുന്നത്. അന്ന് കടമ്മനിട്ടയുടെ നേതൃത്വത്തിൽ പുരോഗമനകലാസാഹിത്യ സംഘത്തിന്റെ ഭാഗമായി ഞങ്ങൾ ഗുജറാത്ത് സന്ദർശിച്ചു. അന്ന് പലരും പറഞ്ഞുപരത്തിയത്- 'കടമ്മനിട്ടയുൾപ്പെടെയുള്ളവർ ഗുജറാത്തിൽ നിന്ന് തിരിച്ചുവന്നു, കെഇഎൻ ഇപ്പോഴും ഗുജറാത്തിലാണ്'- എന്നായിരുന്നു. ആ പശ്ചാത്തലത്തിലാണ് 'ഇരകളുടെ മാനിഫെസ്റ്റോ' എഴുതുന്നത്. അത് വന്നപ്പോഴാണ് ഇത് 'ഐഡന്റിറ്റി പൊളിറ്റിക്‌സാണ്' എന്ന വലിയ അലർച്ചയുണ്ടായത്. അതിൽ ഇടതുപക്ഷ പ്രവർത്തകരും ഉൾപ്പെട്ടു. 'എന്നെയും പി.കെ പോക്കറേയുമൊക്കെ ഉടൻ തൂക്കിക്കൊല്ലണം' എന്ന് പല ഇടതുപക്ഷധൈഷണികരും ആവശ്യപ്പെട്ടു. ഞങ്ങൾ ഇടതുപക്ഷ ആശയലോകത്തേക്ക് സ്വത്വരാഷ്ട്രീയം ഒളിച്ചുകടത്തുകയാണെന്ന് ആരോപിച്ച് അടുത്ത ഏറ്റവും സുഹൃത്തുക്കളടക്കം രംഗത്തെത്തി. അതുമായി ബന്ധപ്പെട്ട് അവർ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. അതിനോടൊരു പ്രതികരണം താൻ വൈകാതെ നടത്തും'- കെഎഇൻ വ്യക്തമാക്കി.

'ആശയപരമായ സംവാദത്തിൽ ഒത്തുതീർപ്പിന്റെ ആവശ്യമില്ല. ഞങ്ങൾക്ക് പറയാനുള്ളത് പറയുകയാണ് ചെയ്തത്. പറയാനുള്ളത് പ്രസംഗിച്ചു, എഴുതി- അതെങ്ങനെയാണ് ഒളിച്ചുകടത്തലാവുക. അതേസമയം, ഞങ്ങൾ അവതരിപ്പിച്ച ഈ ആശയങ്ങൾക്കെതിരെ പിറുപിറുക്കൽ നടത്തിയതല്ലേ ഒളിച്ചുകടത്തൽ. 2008ൽ കാന്തമാൽ വംശഹത്യ വന്നപ്പോൾ പു.ക.സയുടെ നേതൃത്വത്തിൽ അവിടം സന്ദർശിച്ചു. പുസ്തകം എഴുതി. 'അവർ ക്രിസ്ത്യാനികളെ തേടിയെത്തി' എന്ന ആ പുസ്തകത്തിന്റെ പേരിൽ ഞാൻ അത്ര ആക്ഷേപിക്കപ്പെട്ടില്ല. 2014ൽ സംഘ്പരിവാർ ജയിച്ചപ്പോൾ അഖ്‌ലാഖ് വധം വന്നു. അതിന്റെയൊക്കെ പശ്ചാതത്തിൽ, ഇന്ത്യ നേരിടുന്ന മുഖ്യവിപത്ത് സംഘ്പരിവാറാണ്, വിമർശനത്തിന്റെ സമസ്ത കുന്തമുനയും അവർക്കുനേരെയാണ് തിരിച്ചുവയ്‌ക്കേണ്ടത് എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചു. അത് പലരിലും വലിയ അസ്വസ്ഥതയുണ്ടാക്കി. അവരിൽ പലരും ഇന്ന് സമവാക്യ വിശകലനത്തിൽ സ്തംഭിച്ചുനിൽക്കുകയാണ്. അതിനോട് എനിക്കൊരു യോജിപ്പുമില്ല'- കെഇഎൻ വിശദമാക്കി.

TAGS :

Next Story