ബാബരി മസ്ജിദ് പൊളിച്ച ദിവസം രാമന് പോലും സഹിക്കാൻ പറ്റാത്ത ഒന്നാണെന്ന് തോന്നി; അങ്ങനെയാണ് രാമായണം കേൾക്കാതെയായ്... എന്ന വരികൾ എഴുതിയത്: കൈതപ്രം
ബാബരി മസ്ജിദ് പൊളിച്ച ദിവസം രാത്രിയാണ് 'രാമായണം കേൾക്കാതെയായ്, പൊൻമൈനകൾ മിണ്ടാതെയായ്' എന്ന വരികൾ എഴുതിയതെന്ന് കൈതപ്രം പറഞ്ഞു.

ബാബരി മസ്ജിദ് പൊളിച്ചത് രാമന് പോലും സഹാക്കാനാവാത്ത പ്രവൃത്തിയാണെന്ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. ബാബരി മസ്ജിദ് പൊളിച്ച ദിവസമാണ് വാത്സല്യം എന്ന സിനിമയിലെ 'അലയും കാറ്റിൻ ഹൃദയം...' എന്ന പാട്ട് എഴുതിയത്. അതിലെ 'രാമായണം കേൾക്കാതെയായ്, പൊൻമൈനകൾ മിണ്ടാതെയായ്' എന്ന വരികൾ അങ്ങനെ വന്നതാണെന്നും ചാനൽ അഭിമുഖത്തിൽ കൈതപ്രം പറഞ്ഞു.
''വാത്സല്യം സീതാരാമൻമാരുടെ കഥയാണ്. രാമനാണ് ഏട്ടൻ. ആ പാട്ട് (അലയും കാറ്റിൻ ഹൃദയം) എഴുതുന്ന ദിവസം എനിക്ക് വേറൊരു ഫീൽ ഉണ്ടായിരുന്നു. ആ ദിവസമാണ് ബാബരി മസ്ജിദ് പൊളിക്കുന്നത്. അപ്പോഴാ പാട്ടിൽ 'രാമായണം കേൾക്കാതെയായ്, പൊൻമൈനകൾ മിണ്ടാതെയായി' എന്ന വരികൾ അറിയാതെ വന്നു. ആ വിഷയം പെട്ടെന്ന് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമായിപ്പോയി. എന്തൊക്കെ ന്യായം പറഞ്ഞാലും അത് രാമന് പോലും സഹിക്കാൻ പറ്റാത്തതാണ് എന്ന തോന്നലാണ് എനിക്കുണ്ടായത്. ഞാനതിൽ രാഷ്ട്രീയമൊന്നും പറയുന്നില്ല. എനിക്ക് പേഴ്‌സണലായി തോന്നിയ ഒരു കാര്യമാണത്. ബാബരി മസ്ജിദ് പൊളിച്ച അന്ന് രാത്രിയാണ് ആ പാട്ടെഴുതിയത്''-കൈതപ്രം പറഞ്ഞു.
കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് വാത്സല്യം. മമ്മൂട്ടി, സിദ്ദീഖ്, ഗീത, കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ പാട്ടാണ് 'അലയും കാറ്റിൻ ഹൃദയം...'എസ്.പി വെങ്കിടേഷ് സംഗീതം നൽകിയ ഗാനം കെ.ജെ യേശുദാസാണ് ആലപിച്ചത്.
Adjust Story Font
16

