Quantcast

പുതുവത്സരാഘോഷത്തിൽ എക്‌സൈസ് വകുപ്പിന്റെ റെക്കോർഡ് ലഹരിവേട്ട; പിടികൂടിയത് 522 കിലോ ഗ്രാം കഞ്ചാവ്

522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എംഡിഎംഎ, 453 ഗ്രാം ഹാഷിഷ് ഓയിൽ, 264 ഗ്രാം നാർക്കോട്ടിക് ഗുളികകൾ, 40 ഗ്രാം മെത്താംഫിറ്റമിൻ, 3.8 ഗ്രാം ബ്രൗൺ ഷുഗർ, 13.4 ഗ്രാം ഹെറോയിൻ, 543 ലിറ്റർ വാറ്റ് ചാരായം, 1072 ലിറ്റർ അന്യ സംസ്ഥാന മദ്യം, 3779 ലിറ്റർ ഐഎംഎഫ്എൽ, 33,939 ലിറ്റർ കോട എന്നിവ കണ്ടെടുത്തു.

MediaOne Logo

Web Desk

  • Published:

    1 Jan 2022 12:40 PM GMT

പുതുവത്സരാഘോഷത്തിൽ എക്‌സൈസ് വകുപ്പിന്റെ റെക്കോർഡ് ലഹരിവേട്ട; പിടികൂടിയത് 522 കിലോ ഗ്രാം കഞ്ചാവ്
X

ക്രിസ്തുമസ് - പുതുവത്സരാഘോഷവേളയിൽ എക്സൈസ് വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി റെക്കോർഡ് ലഹരിവേട്ടയാണ് നടത്തിയതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2021 ഡിസംബർ നാല് മുതൽ 2022 ജനുവരി മൂന്ന് വരെയാണ് ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇതിനകം 358 എൻഡിപിഎസ് കേസുകളും, 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എംഡിഎംഎ, 453 ഗ്രാം ഹാഷിഷ് ഓയിൽ, 264 ഗ്രാം നാർക്കോട്ടിക് ഗുളികകൾ, 40 ഗ്രാം മെത്താംഫിറ്റമിൻ, 3.8 ഗ്രാം ബ്രൗൺ ഷുഗർ, 13.4 ഗ്രാം ഹെറോയിൻ, 543 ലിറ്റർ വാറ്റ് ചാരായം, 1072 ലിറ്റർ അന്യ സംസ്ഥാന മദ്യം, 3779 ലിറ്റർ ഐഎംഎഫ്എൽ, 33,939 ലിറ്റർ കോട എന്നിവ കണ്ടെടുത്തു. ഇതിന് പുറമെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പൊലീസിന് കൈമാറി. തമിഴ്നാട് അതിർത്തിയിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ തമിഴ്നാട് പ്രൊഹിബിഷൻ വിങ്ങുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 72,77,200 രൂപ പിടിച്ചെടുത്ത് തമിഴ്നാട് പ്രൊഹിബിഷൻ വിങ്ങിന് കൈമാറി. ഇതൊക്കെ എക്സൈസ് വകുപ്പ് ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് വേലന്താവളം എക്സൈസ് ചെക്ക് പോസ്റ്റിൽകൂടി കാറിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച 188 കിലോഗ്രാം കഞ്ചാവ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. വയനാട് മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 69 ഗ്രാം എംഡിഎംഎ കണ്ടെത്തി. കണ്ണൂരിലെ ഇരിട്ടിയിൽ നിന്ന് ലോറിയിലും പിക്കപ്പ് വാനിലുമായി കടത്താൻ ശ്രമിച്ച 220.2 കിലോഗ്രാം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങൾ പിടികൂടി. ഡി.ജെ പാർട്ടികളിൽ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അത്തരത്തിലുള്ള പാർട്ടികൾ വ്യാപകമായി പരിശോധിച്ചു. തിരുവനന്തപുരം പൂവാറിലെ റിസോർട്ടിലെ ഡി.ജെ പാർട്ടിയിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ, സിന്തറ്റിക് ഡ്രഗ് വിഭാഗത്തിൽ പെടുന്ന എൽഎസ്ഡി, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. പാർസൽ സർവീസ് വഴിയും കൊറിയർ സർവീസ് മുഖേനയും മയക്കുമരുന്നുകൾ വ്യാപകമായി അയക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ ഭാഗമായി നിരീക്ഷണം ശക്തിപ്പെടുത്തി. ഈ വഴി അയച്ച 13.4 കിലോഗ്രാം കഞ്ചാവ് പാറശ്ശാലയിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചു. എല്ലാ ജില്ലകളിലെയും ലൈസൻസ്ഡ് സ്ഥാപനങ്ങൾ കർശനമായി പരിശോധിക്കുകയും ലൈസൻസ് വ്യവസ്ഥകൾ കൃത്യമായി പാലിക്കാതെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി എല്ലാ ജില്ലകളിലും എക്സൈസ് ഹെഡ് ക്വാർട്ടേഴ്സിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയേയും ചുരുങ്ങിയത് മൂന്ന് മേഖലകളായി തിരിക്കുകയും ഓരോ മേഖലയിലും 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സുകൾ എക്സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ രൂപീകരിക്കുകയും ചെയ്തു. എക്സൈസ് ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധന കർശനമാക്കി. കേരളത്തിലെ അതിർത്തി പ്രദേശങ്ങൾ വഴിയുള്ള മയക്കുമരുന്നുകളുടെ കടത്ത് തടയുന്നതിനായി ചെക്ക്പോസ്റ്റുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് പുറമേ അയൽ സംസ്ഥാനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് കംബൈൻഡ് റെയ്ഡുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. വാഹന പരിശോധനയ്ക്ക് വേണ്ടി ബോർഡർ പട്രോളിങ് ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


TAGS :

Next Story