ശസ്ത്രക്രിയക്കിടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കേണ്ടെന്ന് വിദഗ്ധർ
നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്ന് വിദഗ്ധ അഭിപ്രായം


തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്ന് വിദഗ്ധർ. വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നാണ് വിദഗ്ധ അഭിപ്രായം.
ശസ്ത്രക്രിയ നടത്തുമ്പോൾ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുള്ളതായാണ് വിദഗ്ധ അഭിപ്രായം. ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്താനും ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ തീരുമാനമായി.
സുമയ്യയുടെ തുടർചികിത്സകൾ ഉറപ്പാക്കുമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് രണ്ടിന് എക്‌സറേ എടുത്തപ്പോഴാണ് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉപകരണം തിരികെ എടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു.
സെപ്റ്റംബർ മൂന്നിന് സുമയ്യയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യതകൾ തേടാമെന്നാണ് അന്ന് ബോർഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടത്. 2023 മാർച്ചിൽ തൈറോയിഡുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.
Adjust Story Font
16
