ബോംബ് നിർമാണത്തിനിടെ സ്ഫോടനം; പതിനേഴുകാരന്റെ കൈപ്പത്തികൾ അറ്റു
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: മണ്ണന്തലയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പതിനേഴുകാരന്റെ കൈപ്പത്തികൾ അറ്റുപോയി. മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ സുഹൃത്തുക്കളായ കിരൺ, ശരത് എന്നിവരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മോഷണം, കഞ്ചാവ് വിൽപ്പന, പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകളുണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടിൽ കഴിഞ്ഞദിവസം പൊലീസെത്തിയിരുന്നു. പൊലീസിനെ ആക്രമിക്കാനാണ് പ്രതികൾ ബോംബ് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം.
മണ്ണന്തലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചായിരുന്നു ബോംബ് നിർമാണം. കടയിൽനിന്ന് സ്ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും പൊലീസ് വിശദമായി ചോദ്യംചെയ്യും. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തും. പ്രതികൾക്ക് മറ്റ് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കും.
Adjust Story Font
16

