'പിറന്ന നാട്ടിൽ ഒരിറ്റു ശുദ്ധ വായുവിന് വേണ്ടി പോരാടിയതിന് കിട്ടിയത് ഏകാന്തവാസവും കാരാഗൃഹവും, കൊടും തീവ്രവാദികളെ പോലെ രാവും പകലും വേട്ടയാടി കൊണ്ടിരിക്കുന്നു?'; കുറിപ്പുമായി ഫ്രഷ് കട്ട് സമരസമിതി പ്രവര്‍ത്തകന്‍
കോർപ്പറേറ്റ് മുതലാളിമാരുടെയും അവർക്ക് ഒത്താശ ചെയ്യുന്ന അധികാരി വർഗ്ഗത്തിന്റെയും ഭരണകൂടത്തിന്റെയും ഔദാര്യത്തിൽ ശിഷ്ടകാലം ജീവിക്കുന്ന പരാജയപ്പെട്ട ജനതയായി നമ്മൾ മാറരുതെന്ന് സമരസമിതി ട്രഷറര്‍ കൂടിയായ മുജീബ് കുന്നത്ത്കണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

ഫ്രഷ് കട്ട് സമരത്തില്‍ നിന്ന്
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ കഴിഞ്ഞ മാസം 21നാണ് ജനകീയ പ്രതിഷേധം ഉണ്ടായത്.സംഘര്‍ഷത്തില്‍ 361 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്തിലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. കേസെടുത്തതിന ്പിന്നാലെ നിരവധി പേര്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു.
പിറന്ന നാട്ടിൽ ഒരിറ്റു ശുദ്ധ വായുവിന് വേണ്ടി പോരാടിയ ലഭിച്ച ഏകാന്തവാസവും കാരാഗൃഹവും അഭിമാനത്തോടെ കൂടി ശിരസ്സാവഹിച്ചു കഴിഞ്ഞതായി സമരസമിതി ട്രഷറായ മുജീബ് കുന്നത്ത്കണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
എന്ത് തെറ്റാണ് ഭരണകൂടമേ ഞങ്ങൾ ചെയ്തതെന്നും ജനിച്ച നാട്ടിൽ മൗലിക അവകാശത്തിന് വേണ്ടി ശബ്ദിച്ചതിനാണോ ക്രൂരമായി തല്ലി ചതച്ച്, കൊടും തീവ്രവാദികളെ പോലെ രാവും പകലും ഞങ്ങളെ വേട്ടയാടി കൊണ്ടിരിക്കുന്നതെന്നും മുബീബ് ചോദിക്കുന്നു.
'പക്ഷേ ഒന്നോർത്തോളൂ ഈ കാലവും കടന്നു പോകും.ഫ്രഷ് കട്ട എന്ന നാറിയ കമ്പനി സ്വർണ്ണത്തളികയിൽ കയറ്റി വെച്ച് കേരളത്തിലെ മുഴുവൻ പൊലീസിനെ കൊണ്ട് ചുറ്റും കാവൽ നിർത്തിയാലും ഞങ്ങളെ നാട്ടിലെ ജീവന്റെ തുടിപ്പുള്ള അവസാന മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ നെറികേടിനെതിരെ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും.ഞങ്ങളെ തളർത്താൻ നിങ്ങളെ കൊണ്ട് കഴിയില്ല.കോർപ്പറേറ്റ് മുതലാളിമാരുടെയും അവർക്ക് ഒത്താശ ചെയ്യുന്ന അധികാരി വർഗ്ഗത്തിന്റെയും ഭരണകൂടത്തിന്റെയും ഔദാര്യത്തിൽ ശിഷ്ടകാലം ജീവിക്കുന്ന ഒരു പരാജയപ്പെട്ട ജനതയായി നമ്മൾ മാറരുത്. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് തന്നെ നമുക്ക് നമ്മുടെ നാട്ടിൽ ജീവിച്ചു മരിക്കണം.ഞങ്ങൾ അനുഭവിക്കുന്ന ഈ ഏകാന്തവാസവും കഷ്ടപ്പാടും തടവറയും എല്ലാം നമ്മുടെ നാടിനും വരും തലമുറക്കും വേണ്ടിയാണ് എല്ലാം അതുകൊണ്ട് ഓരോ മനുഷ്യ സ്നേഹിയും രാഷ്ട്രീയ മത വ്യത്യാസമില്ലാതെ ഈ സമരത്തെ ഏറ്റെടുക്കണം എന്ത് ത്യാഗം സഹിച്ചിട്ടാണെങ്കിലും ഈ സമരത്തെ മുന്നോട്ടു കൊണ്ടുപോകണം..അന്ന് പറ്റിയ മുറിവ് ഉണങ്ങാതെ ഇന്നും ഒളിവിലും കാരാഗ്രഹത്തിലും കഴിയുന്ന നിരവധി സമര പ്രവർത്തകർ ഉണ്ട്. പൊലീസിന്റെ നരനായാട്ടിന് ഇരകളായ പിഞ്ചുമക്കൾ ഇന്നും സ്വപ്നത്തിൽ നിന്നും ചാടി എണീറ്റ് പേടിച്ച് കരയുന്നത് പല രക്ഷിതാക്കളും കാണുന്നു.'.എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
ഒളിവ് ജീവിതം ഒരു മാസത്തോട് അടുക്കാറായിരിക്കുന്നു
ഞങ്ങളുടെ പ്രിയപ്പെട്ട മക്കളും. നൊന്തുപെറ്റ മാതാപിതാക്കളും ഞങ്ങളിൽ നിന്ന് പിരിഞ്ഞിട്ട് നാളുകൾ ഏറെ കഴിഞ്ഞിരിക്കുന്നു
ഹൃദയത്തിൽ ഏറെ നൊമ്പരങ്ങൾക്കിടയിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ഞങ്ങളുടെ ശരീരവും മനസ്സും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു
പിറന്ന നാട്ടിൽ ഒരിറ്റു ശുദ്ധ വായുവിന് വേണ്ടി പോരാടിയ ഞങ്ങൾക്ക് ലഭിച്ച ഏകാന്തവാസവും കാരാഗ്രഹവും അഭിമാനത്തോടെ കൂടി ഞങ്ങൾ ശിരസ്സാവഹിച്ചു കഴിഞ്ഞു
എന്നാലും എന്റെ ഭരണകൂടമേ ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്
ജനിച്ച നാട്ടിൽ മൗലിക അവകാശത്തിന് വേണ്ടി ശബ്ദിച്ചതിനാണോ ക്രൂരമായി തല്ലി ചതച്ച്. കൊടും തീവ്രവാദികളെ പോലെ രാവും പകലും ഞങ്ങളെ വേട്ടയാടി കൊണ്ടിരിക്കുന്നത്
നിസ്സഹായ ആയിരക്കണക്കിന് മനുഷ്യരോട് എന്ത് പ്രതിബദ്ധതയാണ് ഭരണകൂടമേ നിങ്ങൾക്കുള്ളത്
അധികാരത്തിലേറിയപ്പോൾ ചൊല്ലിയ പ്രതിജ്ഞയോടെ എത്ര കണ്ട് ആത്മാർത്ഥത നിങ്ങൾ പുലർത്തുന്നുണ്ട്
ഇല്ല നിങ്ങളിൽ നിന്നും നീതി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷയില്ല
കാരണം പണത്തിനു മീതെ മനുഷ്യ ജീവനെ തെല്ലും വില കൽപ്പിക്കാത്ത കോർപ്പറേറ്റ് മുതലാളിമാരുടെ പണക്കെട്ടിന്റെ വലിപ്പത്തിന്റെ തോത് അനുസരിച്ച് എല്ലാ നെറികേടിനും പച്ച പരവതാനി വിരിച്ചു കൊടുക്കുന്ന നെറികെട്ട ഉദ്യോഗസ്ഥ വർഗ്ഗം ഈ നാട്ടിൽ
ജീവിച്ചിരിക്കുന്ന അത്രയും കാലം പാവപ്പെട്ടവന്റെ ജീവന് അല്പം പോലും വില നിങ്ങൾ കാണിക്കില്ല
പക്ഷേ ഒന്നോർത്തോളൂ ഈ കാലവും കടന്നു പോകും
ഫ്രഷ് കട്ട എന്ന നാറിയ കമ്പനി
സ്വർണ്ണത്തളികയിൽ കയറ്റി വെച്ച് കേരളത്തിലെ മുഴുവൻ പോലീസിനെ കൊണ്ട് ചുറ്റും കാവൽ നിർത്തിയാലും
ഞങ്ങളെ നാട്ടിലെ ജീവന്റെ തുടിപ്പുള്ള അവസാന മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ നെറികേടിനെതിരെ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും
ഞങ്ങളെ തളർത്താൻ നിങ്ങളെ കൊണ്ട് കഴിയില്ല
ലാത്തി കൊണ്ടും ഗ്രനേഡ് കൊണ്ടും ഞങ്ങളുടെ ശരീരത്തെ നിങ്ങൾക്ക് മുറിവേൽപ്പിക്കാം
പക്ഷേ ഞങ്ങളുടെ പോരാട്ടവീര്യത്തെ നിങ്ങൾക്ക് ഊതിക്കെടുത്താൻ കഴിയില്ല
അങ്ങിനെ നിങ്ങൾ ശ്രമിച്ചാൽ
ആ ഏരിയാത്ത കനലിൽ നിന്നും ഒരായിരം തീ ജ്വാലകൾ ഒരു അഗ്നികോളമായി നിങ്ങൾക്കെതിരെ ആർത്തിരമ്പുന്നത് ആയിരക്കണക്കിന് മനുഷ്യർ ഈ സമരത്തെ ഏറ്റെടുത്തു എന്നതിലൂടെ നിങ്ങൾ കണ്ടു തുടങ്ങിയിട്ടേയുള്ളൂ
പ്രിയ സമര പ്രവർത്തകരെ
കോർപ്പറേറ്റ് മുതലാളിമാരുടെയും അവർക്ക് ഒത്താശ ചെയ്യുന്ന അധികാരി വർഗ്ഗത്തിന്റെയും ഭരണകൂടത്തിന്റെയും ഔദാര്യത്തിൽ ശിഷ്ടകാലം ജീവിക്കുന്ന ഒരു പരാജയപ്പെട്ട ജനതയായി നമ്മൾ മാറരുത്
അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് തന്നെ നമുക്ക് നമ്മുടെ നാട്ടിൽ ജീവിച്ചു മരിക്കണം
ഞങ്ങൾ അനുഭവിക്കുന്ന ഈ ഏകാന്തവാസവും കഷ്ടപ്പാടും തടവറയും എല്ലാം നമ്മുടെ നാടിനും വരും തലമുറക്കും വേണ്ടിയാണ് എല്ലാം
അതുകൊണ്ട് ഓരോ മനുഷ്യ സ്നേഹിയും രാഷ്ട്രീയ മത വ്യത്യാസമില്ലാതെ ഈ സമരത്തെ ഏറ്റെടുക്കണം എന്ത് ത്യാഗം സഹിച്ചിട്ടാണെങ്കിലും ഈ സമരത്തെ മുന്നോട്ടു കൊണ്ടുപോകണം
ശുദ്ധവായു നിഷേധിക്കപ്പെട്ട ഇരകളായ ആയിരക്കണക്കിന് മനുഷ്യരെ ചേർത്ത് പിടിച്ചു കൊണ്ട് ജനാധിപത്യ പോരാട്ടത്തിൽ അവർക്ക് നേതൃത്വം നൽകി എന്ന ഒറ്റ കാരണത്താൽ മാരകമായ കുറ്റങ്ങൾ ചുമത്തപ്പെട്ട
ഞങ്ങളുടെ പ്രിയപ്പെട്ട പല നേതാക്കളും എന്ന് സ്വന്തം നാടും കുടുംബവും വിട്ടുനിൽക്കേണ്ട അവസ്ഥയിലാണ്
കാണാമറയത്ത് ആണെങ്കിലും ഈ സമയത്ത് അവർക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതിന്റെ അങ്ങേയറ്റം ഊണും ഉറക്കവുമില്ലാതെ രാവ് എന്നോ പകലെന്നോ ഇല്ലാതെ അവർ കഷ്ടപ്പെടുന്നു
നൂറുകണക്കിന് പ്രിയപ്പെട്ട നേതാക്കളും രാഷ്ട്രീയ മത സാമൂഹിക രംഗങ്ങളിലുള്ള
ഒരുപാട് നല്ല മനുഷ്യരും അവരിൽ നിന്നും ഈ പതാക ഏറ്റെടുത്തു കഴിഞ്ഞു
ഇനി നമുക്ക് ഒരുമിച്ച് നിന്ന് ഈ സമരത്തെ മുന്നോട്ടു കൊണ്ടുപോകാം
ഒറ്റുകാരെ നാം തിരിച്ചറിയുക
ചില യൂദാസുകളെ നാം അകറ്റി നിർത്തുക
നാം ഈ സമരം വിജയിക്കുക തന്നെ ചെയ്യും ഇത് ഒരു ജനാധിപത്യ രാജ്യമാണ്
ഇവിടെ അന്തിമവിധി അത് ജനങ്ങളുടേത് തന്നെയാണ്
പല അതിജീവന സമരങ്ങളും കേരളത്തിൽ മുമ്പും നമ്മൾ കണ്ടിട്ടുണ്ട്
പക്ഷേ ഒരിറ്റ് ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി തെരുവിലിറങ്ങിയ ആറുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനോട് വരെ പോലീസ് ചെയ്ത നരനായാട്ട് മറ്റൊരു സമര ചരിത്രത്താളുകളിൽ നമുക്ക് കാണാൻ കഴിയില്ല
ഫ്രഷ് കട്ട് സമര ചരിത്രത്താളിലെ നൊമ്പരത്തിന്റെ ഒരു അധ്യായം അതായിരുന്നു കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി നാം കണ്ടത്
ആറുമാസം പ്രായം മുതൽ 10 വയസ്സ് വരെ പ്രായമുള്ള പിഞ്ചുമക്കൾ അടക്കം സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങിയ ഒരു വലിയ ജനക്കൂട്ടത്തിന്റെ ജീവവായുവിന് വേണ്ടിയുള്ള നിലക്കാത്ത മുദ്രാവാക്യത്തിന് മുമ്പിൽ പല പോലീസ് ഉദ്യോഗസ്ഥരും ഞങ്ങളോട് കനിവ് കാട്ടി
പക്ഷേ എല്ലാം പെട്ടെന്നായിരുന്നു
എന്തൊക്കെയോ കണക്ക് കൂട്ടലുമായി വന്ന ആ പോലീസ് ഉദ്യോഗസ്ഥൻ പിഞ്ചുമക്കൾ അടക്കമുള്ള ആ ജനക്കൂട്ടത്തിലേക്ക് ഡിയർ ഗ്യാസ് അറിയാൻ ആജ്ഞാപിച്ചു
അതേസമയം വേസ്റ്റ് കയറ്റി വന്ന ഒരു വാഹനം മുൻനിരയിലുള്ള സമരപ്രവർത്തകർക്ക് നേരെ ഇടിച്ചു കയറ്റാൻ ശ്രമിച്ചു
അവിടെ തുടങ്ങുന്നു എല്ലാം
വിഷവാതകം ശ്വസിച്ച പല സ്ത്രീകളും കുട്ടികളും റോഡിൽ ശ്വാസം കിട്ടാതെ പിടയുന്നു പിഞ്ചുമക്കൾ വാവിട്ട് കരയുന്നു
ഞങ്ങൾ കുറെ പേർ തോട്ടിൽ നിന്നും മറ്റുമായി കിട്ടാവുന്ന വെള്ളം ശേഖരിച്ച് അവരുടെ മുഖത്തേക്ക് ഒഴിച്ചു
അല്പം ആശ്വാസം കിട്ടിയ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി ആ പിഞ്ചുമക്കളുടെ കരച്ചിൽ ഇന്നും എന്റെ കണ്ണിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു
സമരപ്രവർത്തകർക്ക് നേരെ ഇടിച്ചു കയറ്റാൻ ശ്രമിച്ച വാഹനത്തിൽ നിന്നും ജീവൻ രക്ഷാർത്ഥം രക്ഷപ്പെടാൻ വേണ്ടി പ്രതിരോധിച്ച മുൻനിരയിലുള്ള നേതാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും നേരെ അടുത്ത ടിയർ ഗ്യാസ് അയാൾ വലിച്ചെറിഞ്ഞു
പോലീസിന്റെ ഈ മനസ്സാക്ഷിരഹിതമായ പ്രവർത്തനത്തിനെതിരെ പല സമര പ്രവർത്തകരും ചോദ്യം ചെയ്തു പലരെയും പോലീസ് ലാത്തി കൊണ്ട് പ്രഹരിച്ചു
മുൻപേ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതിനാൽ ഞങ്ങളിൽ നിന്നും അല്പം മാറി നിൽക്കുകയായിരുന്നു പ്രിയ സമരസമിതി നേതാക്കൾ പോലീസിന്റെ നരനായാട്ട് കണ്ട് ഞങ്ങളെ രക്ഷിക്കാൻ ഓടി വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു
ഞാനടക്കം ചില പ്രവർത്തകർ നിങ്ങൾ അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു
ഞങ്ങളെ കൈതട്ടി മാറ്റിയിട്ട് മുന്നോട്ടു പോകാൻ ശ്രമിച്ച അവർ ഒരു വാക്ക് പറയുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു
!!! സ്ത്രീകളെയും പിഞ്ചുമക്കളെയും പോലീസ് തല്ലിചതക്കുമ്പോൾ എങ്ങനെയാണ് ഞങ്ങൾക്ക് മാറി നിൽക്കാൻ കഴിയുക മരിക്കുന്നെങ്കിൽ ഒരുമിച്ച് മരിക്കാം!!!
വല്ലാതെ തളർന്നുപോയ ഒരു സ്ത്രീയെ ആംബുലൻസിൽ കയറ്റാൻ കൊണ്ടുവന്ന സ്ട്രെക്ചർ തട്ടിമാറ്റിയ ആ നെറികെട്ട പോലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റി
പിന്നീട് അയാളുടെ ഒരു വൺ മാൻ ഷോ ആയിരുന്നു അവിടെ
കലങ്ങും വിലങ്ങും ഗ്രനേഡ് എറിഞ്ഞു
പല ആളുകൾക്കും പരിക്ക് പറ്റി
വിരൽ മുറിഞ്ഞവർ. കാല് മുറിഞ്ഞവർ. വയറിനു പൊള്ളലേറ്റവർ തലക്ക് അടി കൊണ്ടവർ ഏറു കൊണ്ടവർ
ഒരു ക്യാമറ കണ്ണുകളും അതൊന്നും കണ്ടില്ല
ഒരു ദൃശ്യമാധ്യമങ്ങളും അതൊന്നും ഹൈലൈറ്റ് ചെയ്തു കാണിച്ചില്ല
പോലീസിന് പരിക്ക് പറ്റി എന്ന് എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു
സമരക്കാർ ആക്രമിച്ചു എസ് പി കടക്കം നിരവധി പോലീസിന് പരിക്ക് പിന്നെ കുറെ പൊടിപ്പും തൊങ്ങലും അവർ കൂട്ടിച്ചേർത്തു
ഒരൊറ്റ മാധ്യമങ്ങളും ഈ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ സമരഭൂമിയിൽ ഉണ്ടായിരുന്നില്ല ഉണ്ടെങ്കിൽ അവർ ഇങ്ങനെ ആഘോഷിക്കുമായിരുന്നില്ല
അന്ന് പറ്റിയ മുറിവ് ഉണങ്ങാതെ ഇന്നും ഒളിവിലും കാരാഗ്രഹത്തിലും കഴിയുന്ന നിരവധി സമര പ്രവർത്തകർ ഉണ്ട്
പോലീസിന്റെ നരനായാട്ടിന് ഇരകളായ പിഞ്ചുമക്കൾ ഇന്നും സ്വപ്നത്തിൽ നിന്നും ചാടി എണീറ്റ് പേടിച്ച് കരയുന്നത് പല രക്ഷിതാക്കളും കാണുന്നു
Adjust Story Font
16

