'ബാർകോഡും സാക്ഷ്യപത്രവും തിരുത്താനായില്ല'; വ്യാജ ഹാൾടിക്കറ്റ് കേസില്‍ ഗ്രീഷ്മ പിടിക്കപ്പെട്ടതിങ്ങനെ
1850 രൂപ വാങ്ങിയെങ്കിലും നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ മറന്നുപോയെന്നും പ്രതിയുടെ മൊഴി

തിരുവനന്തപുരം: നീറ്റ് പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റിൽ കൃത്രിമം കാണിച്ചെങ്കിലും ബാർകോഡും സാക്ഷ്യപത്രവും തിരുത്താൻ പ്രതിക്ക് കഴിഞ്ഞില്ലെന്ന് പൊലീസ്.ഇതോടെയാണ് വ്യാജ ഹാൾടിക്കറ്റ് കേസിൽ പ്രതിയായ ഗ്രീഷ്മ പിടിയിലായത്. ഹാൾടിക്കറ്റിൽ മറ്റെല്ലാ ഇടങ്ങളിലും ഗ്രീഷ്മ തിരുത്തൽ വരുത്തിയിരുന്നു. അക്ഷയകേന്ദ്രം ജീവനക്കാരിയായ ഗ്രീഷ്മയുടെ അറസ്റ്റ് പത്തനംതിട്ടയിൽ എത്തിച്ച ശേഷം പൊലീസ് രേഖപ്പെടുത്തും.
ഗ്രീഷ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തിച്ചാണ് പത്തനംതിട്ട പൊലീസ് തെളിവെടുത്തത്.ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അപേക്ഷക്കായി 1850 രൂപ നൽകിയിരുന്നെന്നും എന്നാൽ അപക്ഷേ നൽകാൻ മറന്നെന്നും ഗ്രീഷ്മ മൊഴി നൽകി.വിദ്യാർഥി നിരന്തരം ഹാൾടിക്കറ്റ് ആവശ്യപ്പെട്ടത്തോടെ വ്യാജ ഹാൾടിക്കറ്റ് ചമച്ചെന്നും പ്രതി മൊഴി നല്‍കി.
വ്യാജ ഹാൾടിക്കറ്റുമായ പരീക്ഷയ്ക്കെത്തിയ പാറശാല സ്വദേശിയായ വിദ്യാർഥിക്കെതിരെ കേസെടുത്തിരുന്നു.അപേക്ഷ നൽകാൻ സമീപിച്ച അക്ഷയകേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് അയച്ചു നൽകിയതെന്നാണ് വിദ്യാർഥി പൊലീസിന് നല്‍കി മൊഴി.ഇതിന്‍റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിൽ അന്വേഷണ സംഘമെത്തിയതും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്തതും.
പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. നീറ്റിന് അപേക്ഷ നൽകാൻ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് അയച്ചു നൽകിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാർഥിയും അമ്മയും ഇന്നലെ മൊഴി നൽകിയത്.
Adjust Story Font
16

