അട്ടപ്പാടിയിലെ കർഷകൻ്റെ ആത്മഹത്യ; കൃഷ്‌ണസ്വാമിയുടേത് ആദിവാസി ഭൂമിയായിരുന്നുവെന്ന് ജില്ലാ കലക്ടർ
ഡെപ്യൂട്ടി കലക്ടറുടെ അന്വേഷണ റിപ്പോർട്ടിന് ബലം നൽകുന്ന വാദവുമായാണ് ജില്ലാ കലക്ടറും രംഗത്തെത്തിയത്

പാലക്കാട്: അട്ടപ്പാടിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കൃഷ്‌ണസ്വാമിയുടേത് ആദിവാസി ഭൂമിയായിരുന്നുവെന്ന് ജില്ലാ കലക്ടർ. തണ്ടപ്പേര് അനുവദിക്കുന്നതിൽ ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നുവെന്നും കലക്ടർ പറഞ്ഞു. കൃഷ്ണസ്വാമിയുടെ ആത്മഹത്യയിൽ വില്ലേജ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു ഡെപ്യൂട്ടി കലക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് റിപ്പോർട്ടിന് ബലം നൽകുന്ന വാദവുമായി ജില്ലാ കലക്ടറും രംഗത്തെത്തിയത്.
കൃഷ്ണസ്വാമിയുടേത് ആദിവാസി ഭൂമിയാണ്. 2024 ൽ ഇതേ ഭൂമിക്ക് തണ്ടപ്പേര് അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു അപേക്ഷ വന്നു. ആ അപേക്ഷയിൻമേൽ പത്തുമാസമായി തീരുമാനമെടുത്തിട്ടില്ല. ആദിവാസിഭൂമി വ്യാപകമായി അട്ടപ്പാടിയിൽ കൈയ്യേറ്റത്തിന് വിധേയമാകുന്ന പശ്ചത്തലത്തിൽ ജില്ലാകലക്ടറുടെ പ്രസ്താവന ഗൗരവകരമാണ്.
തങ്ങൾ മറ്റൊരു വ്യക്തിയിൽ നിന്നും പണം കൊടുത്ത് ഭൂമി വാങ്ങിയതാണെന്നാണ് കൃഷ്ണസ്വാമിയുടെ കുടുംബം പറയുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് മറ്റ് ആരെങ്കിലും ഈ ഭൂമി കൈയ്യേറി വിൽപ്പന നടത്തിയതാകാൻ സാധ്യതയുണ്ട്. ആദിവാസി ഭൂമി ആദിവാസി അല്ലാത്ത വ്യക്തികൾ ജില്ലാകലക്ടറുടെ പ്രത്യേക ഉത്തരില്ലാതെ വാങ്ങുവാൻ പാടില്ല എന്നതാണ് നിയമം. ഡെപ്യൂട്ടി കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിൻമേൽ തുടരന്വേഷണം നടത്താനാണ് റവന്യൂ വകുപ്പിൻറെ തീരുമാനം. കൃഷ്ണസ്വാമിയുടെ കുടുംബത്തിൻറെ കയ്യിലുള്ള രേഖകളും, തണ്ടപ്പേരിനായി അപേക്ഷ നൽകിയ രണ്ടാം കക്ഷി മുഹമ്മദ് മഹീൻ അലിയുടെ രേഖകളും വിശദമായി പരിശോധിക്കും. കൃഷ്ണസ്വാമി നേരത്തെ നൽകിയ അപേക്ഷയിലും കൂടുതൽ അന്വേഷണം നടത്തും.
Adjust Story Font
16

