Quantcast

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ യുവാക്കൾക്ക് പരിശീലനം കിട്ടുന്നു: ഫാദർ റോയി കണ്ണൻചിറ

കോട്ടയത്തിന് അടുത്തുള്ള സീറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാര്‍

MediaOne Logo

abs

  • Updated:

    2021-09-19 05:32:59.0

Published:

19 Sep 2021 4:59 AM GMT

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ യുവാക്കൾക്ക് പരിശീലനം കിട്ടുന്നു: ഫാദർ റോയി കണ്ണൻചിറ
X

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ യുവാക്കൾക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന ആരോപണവുമായി സിറിയൻ കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാദർ റോയി കണ്ണൻചിറ. നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന ഉയർത്തിയ വിവാദങ്ങൾക്കിടെയാണ് പുതിയ ആരോപണങ്ങൾ.

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കാൻ ഈഴവ യുവാക്കാൾക്ക് സ്ട്രാറ്റജിക് ആയ പരിശീലനം ലഭിക്കുന്നുവെന്നും അത് തടയാൻ സഭയ്ക്കാകുന്നില്ലെന്നുമാണ് വൈദികൻ പറയുന്നത്. ഒരു മാസത്തിനുള്ളിൽ കോട്ടയത്തിന് അടുത്തുള്ള ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ ഇത്തരത്തിൽ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു. വെബ് പോര്‍ട്ടലായ ട്രൂ കോപ്പി തിങ്ക് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

'കോട്ടയത്തിന് അടുത്തുള്ള സീറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. സ്ട്രാറ്റജിക് ആയി അതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മൾ ജാഗ്രതയില്ലാത്തവരാണ്. അതാണ് നമ്മൾ നേരിടുന്ന വലിയ ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോകുവാൻ ശത്രുക്കൾ പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും സഭയുടെ എതിർപക്ഷത്തു നിൽക്കുന്നവർ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താനും മാതാപിതാക്കളോട് ചേർത്തുനിർത്തിക്കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പുവരുത്താനും ഇതിനു വേണ്ടി മാത്രം ജീവിതം സമർപ്പിച്ചിരിക്കുന്ന മതാധ്യാപകർക്ക്, സമർപ്പിതർക്ക്, വൈദികർക്ക് കഴിയുന്നില്ല എന്നുള്ളത് വർത്തമാന കാല കത്തോലിക്കാ സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.' - എന്നാണ് വൈദികന്റെ പ്രസംഗം.

ശനിയാഴ്ച ചങ്ങനാശേരി അതിരൂപതയ്ക്കു കീഴിലെ സൺഡേ സ്‌കൂൾ അധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലായിരുന്നു ഫാദർ റോയി കണ്ണൻചിറയുടെ ആരോപണങ്ങൾ. 2003 മുതൽ ദീപിക ബാലസഖ്യം ഡയറക്ടറാണ്. കൊച്ചേട്ടൻ എന്ന പേരിൽ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയിൽ റോയി കണ്ണൻചിറ കൈകാര്യം ചെയ്യുന്നുണ്ട്.

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം ഇങ്ങനെ

ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്നാണ് പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചത്. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം പറയുന്നു.

'കേരളത്തിൻറെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒരിക്കൽ പറഞ്ഞു കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെൻററാകുന്നു, തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഇവിടെയുണ്ടെന്ന്. വർഗീയതയും വിദ്വേഷവും വെറുപ്പും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ എല്ലായിടത്തുമുണ്ട്. കൊച്ചുകേരളത്തിലുമുണ്ട്. ജിഹാദികളുടെ കാഴ്ചപ്പാടിൽ അമുസ്‌ലിംകൾ നശിപ്പിക്കപ്പെടേണ്ടതാണ്. അതിനായി ഉപയോഗിക്കുന്ന രണ്ട് മാർഗങ്ങളാണ് ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും. എങ്ങനെ പെൺകുട്ടിയെ വശത്താക്കാമെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികൾ. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് പറയുന്നവർ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രവർത്തകർക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാവാം. നമ്മുടെ പെൺകുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അത് പ്രണയ വിവാഹങ്ങളല്ല. യുദ്ധതന്ത്രമാണ്. രണ്ടാമത് നാർക്കോട്ടിക് ജിഹാദാണ്. ജിഹാദികൾ നടത്തുന്ന ഐസ്‌ക്രീം പാർലറുകൾ, മധുര പാനീയ കടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തിൽ ചർച്ചയാവുന്നുണ്ട്. ക്ലബ് ഹൗസ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളിൽ അപകട സാധ്യത കൂടുതലുണ്ട് എന്ന് തിരിച്ചറിയണം'- പാലാ ബിഷപ്പ് പറഞ്ഞു.

TAGS :

Next Story