'റേറ്റിങ് കൂട്ടാമെന്ന് പറഞ്ഞ് സമീപിച്ചു'; വെളിപ്പെടുത്തലുമായി ജനം ടിവിയുടെ മുൻ പ്രോഗ്രാം മേധാവി
ചാനൽ റേറ്റിങ് സംവിധാനത്തിലെ പോരായ്മകളും കള്ളക്കളികളുമാണ് മനോജ് മനയിൽ ചൂണ്ടിക്കാട്ടുന്നത്

കോഴിക്കോട്: ചാനൽ റേറ്റിങ്ങിലെ കള്ളക്കളികൾ വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ജനം ടിവിയിലെ പ്രോഗ്രാം മേധാവിയായിരുന്ന മനോജ് മനയിൽ. അമൃത ടിവിയിലും അദ്ദേഹം പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിച്ചിരുന്നു. റേറ്റിങ്ങിന്റെ പേരിൽ പ്രൊഡ്യൂസർമാർ നേരിടുന്ന വെല്ലുവിളികളും എന്നാൽ റേറ്റിങ്ങിൽ അന്ന് നടന്നിരുന്ന കളികളുമാണ് മനോജ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്.
ടെലിവിഷൻ പ്രവർത്തകരെ എന്നും അലോസരപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ഒരു വെല്ലുവിളിയാണ് ടിആർപി അഥവാ റേറ്റിങ്. ചാനൽ മേധാവികൾക്ക് പ്രൊഡ്യൂസേഴ്സിനെ തരംതാഴ്ത്തി കാണിക്കാൻ ഈ റേറ്റിങ് കണക്കുകൾ അവസരമൊരുക്കി കൊടുത്തിരുന്നു. നല്ല പരിപാടികൾ നിർമിച്ചാലും, റേറ്റിങ്ങില്ലാതെ തലയും താഴ്ത്തിയിരിക്കേണ്ടി വന്ന ഹതഭാഗ്യരായ ഒട്ടനവധി പ്രൊഡ്യൂസർമാരെ (പ്രൊഡ്യൂസർ ഏന്നാൽ ടെലിവിഷൻ ഭാഷയിൽ സംവിധായകൻ എന്നർഥം) കണ്ടിട്ടുണ്ട്. 2003ൽ അമൃത ടിവിയിലാണ് ഞാനാദ്യമായി പ്രോഗ്രാം പ്രൊഡ്യൂസറായി ജോലിയിൽ പ്രവേശിക്കുന്നത്. അതിനു മുമ്പ് ദൂരദർശനിലും ഏഷ്യാനെറ്റിലും ചില പ്രോഗ്രാമുകൾ സംവിധാനം ചെയ്ത പരിചയമുണ്ടായിരുന്നു. അക്കാലം ടാം(TAM-Television Audience Measurement) ആയിരുന്നു ടെലിവിഷൻ റേറ്റിങ് നിശ്ചയിച്ചിരുന്നത്. ഈ റേറ്റിങ്ങിൻ്റെ അടിസ്ഥാനത്തിലാണ് പരസ്യം ലഭിച്ചിരുന്നത് എന്നതാണ് അതിന്റെ പ്രാധാന്യമായി കാണേണ്ടതെന്നും മനോജ് കുറിപ്പിൽ പറയുന്നു.
കേരളത്തിലെ നഗരങ്ങളിലും ചുരുക്കം ചില ഗ്രാമങ്ങളിലും ആയിരുന്നു ടാം തങ്ങളുടെ റേറ്റിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമങ്ങളിൽ ഉണ്ടായിരുന്നില്ല എന്ന് പറയപ്പെടുന്നു. അത് ടാമിൻ്റെ വെറും അവകാശവാദം മാത്രമായിരുന്നത്രെ. ഒരു നിശ്ചിത തുക മുടക്കിയാണ് ചാനലുകൾ റേറ്റിങ് സബ്സ്ക്രൈബ് ചെയ്യുന്നത്. എല്ലാ വെള്ളിയാഴ്ചയുമായിരുന്നു അന്ന് ടാം റേറ്റിംഗ് വന്നിരുന്നത് (ഇപ്പോൾ എല്ലാ വ്യാഴാഴ്ചയുമാണ് വരുന്നത്). അന്ന് അമൃതയുടെ റേറ്റിംഗ് വളരെ ശോകമായിരുന്നു(ഇന്നാകട്ടെ ശോചനീയവും). പ്രോഗ്രാമുകൾക്ക് ഒന്നോ രണ്ടോ പോയന്റ് കിട്ടിയാലായി.
"റേറ്റിങ് ഉണ്ടെങ്കിലേ മാർക്കറ്റിങ് നടക്കൂ" എന്ന് ആ ഡിപ്പാർട്ടുമെൻ്റുകാരുടെ ഭീഷണി എപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരിക്കും. എങ്കിലും, 'ഇതൊക്കെയൊരു സങ്കല്പമല്ലേ. അതിനാൽ റേറ്റിങ് ആലോചിച്ച് തലപുകയുകയൊന്നും വേണ്ട. പക്ഷേ, പ്രോഗ്രാം ക്വാളിറ്റിയിൽ വിട്ടുവീഴ്ചയരുത്' എന്നുള്ള പ്രോഗ്രാം പ്രസിഡണ്ട് ശ്യാമപ്രസാദിൻ്റെ പിന്തുണയായിരുന്നു പിടിച്ചു നിൽക്കാനുള്ള ഏക കച്ചിത്തുരുമ്പ്. തുടക്കത്തിൽ, ധാർമികമായും ലാവണ്യപരമായും പുതിയൊരു കാഴ്ചയെ സമ്മാനിക്കുകയായിരുന്നു അമൃത. അന്നുവരെയുണ്ടായിരുന്ന പതിവ് ടെലിവിഷൻ രീതിബോധങ്ങളെ അമൃത തള്ളിക്കളഞ്ഞു. ശ്യാമപ്രസാദിന്റെ കീഴിൽ ശക്തമായൊരു ടീം പ്രോഗ്രാം നിർമിക്കാനുണ്ടായിരുന്നു. എല്ലാവരും ഒന്നിനൊന്ന് വ്യതിരിക്തമായ പരിപാടികൾ ചെയ്തു. പക്ഷേ, അമൃതയുടെ റേറ്റിങ്ങിൽ വലിയ ചലനമൊന്നും സംഭവിച്ചില്ല.
ടാം റേറ്റിങ്ങിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നു എന്നത് ആദ്യം മുതലേ കേൾവിപ്പെട്ട കാര്യമായിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. അത് പറയുന്നതിനു മുമ്പ്, റേറ്റിങ് കണക്കാക്കപ്പെടുന്ന രീതി അറിയേണ്ടതുണ്ട്. പ്രധാന നഗരങ്ങളിലെ ചില വീടുകളിൽ, ടിവിയുമായി ബന്ധപ്പെടുത്തിയ മെഷീനാണ് റേറ്റിങ് രേഖപ്പെടുത്തുന്നത്. അതായത് മെഷീൻ സ്ഥാപിച്ച വീടുകളിലെ ആളുകൾ കാണുന്ന ചാനലുകൾ, പരിപാടികൾ, വാർത്തകൾ എന്നിവയാണ് റേറ്റിങ്ങിൽ വരിക. മെഷീൻ സ്ഥാപിച്ച വീടുകൾ അതീവ രഹസ്യമാണെന്നാണ് ടാം അവകാശപ്പെട്ടിരുന്നത്. എന്നാൽ, മെഷീൻ സ്ഥാപിച്ച വീട്ടുകാരെ സ്വാധീനിച്ചാൽ റേറ്റിങ് വശത്താക്കാൻ കഴിയില്ലേ എന്നൊരു മറുചോദ്യമുണ്ട്. ശരിയാണ്. വശപ്പെടുത്താം. അങ്ങനെയൊരു വശപ്പെടുത്തൽ കൊച്ചിയിൽ സംഭവിച്ചിരുന്നു.
അന്ന് കാഴ്ചയിലും റേറ്റിങ്ങിലും മുൻനിരയിൽ നിന്ന ഏഷ്യാനെറ്റിന്റെ മുഖ്യ എതിരാളി, തമിഴ് സ്വത്വമുള്ള മലയാളം ചാനലായിരുന്നു (ഇന്നത്, ഫ്ലവേഴ്സും മഴവിൽ മനോരമയും ഒക്കെയാണ്). ഏഷ്യനെറ്റിനെ തറപറ്റിക്കാൻ തീരുമാനിച്ച അവർ കൊച്ചിയിൽ ടാം മീറ്റർ സ്ഥാപിച്ച വീടുകൾ പരിശ്രമിച്ചു കണ്ടെത്തി. (അതല്ല ടാം ടീമുമായി ഒത്തുകളിച്ചു എന്നും പറയപ്പെടുന്നുണ്ട്). തുടർന്ന് ആ വീട്ടുകാരെ സ്വാധീനിച്ചു. പിന്നീടങ്ങോട്ട് ആ വീടുകളിൽ ഉദിച്ചുണർന്നത് അവരുടെ സൂര്യനായിരുന്നു. താഴെക്കിടന്ന അവരുടെ റേറ്റിങ് കുതിച്ചുയർന്നു. ഇതെന്ത് മറിമായം എന്നോർത്ത് ഏഷ്യാനെറ്റ് വിറച്ചു. ഈ സമയത്താണെന്ന് തോന്നുന്നു, അന്നത്തെ ഏഷ്യാനെറ്റ് മേധാവിയായ റെജി മേനോൻ, ആകാശവാണിയുടെ എഫ്എം സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീകണ്ഠൻ നായരെ, വിആർഎസ് എടുപ്പിച്ച് ഏഷ്യാനെറ്റിൻ്റെ പ്രോഗ്രാം മേധാവിയായി ചുമതല ഏൽപ്പിക്കുന്നത്. ശ്രീകണ്ഠൻനായർ മേധാവിയായി ചാർജ് എടുത്ത് നടത്തിയ പ്രസംഗം പ്രസിദ്ധമാണ്: “ഇതൊരു മുങ്ങാൻ പോകുന്ന കപ്പലാണ്. ഈ കപ്പലിനെ രക്ഷിച്ചെടുക്കണം. രാപകലില്ലാതെ കഷ്ടപ്പെടാൻ തയ്യാറുള്ളവർക്ക് നിൽക്കാം. അല്ലാത്തവർക്കു പോകാം.” എന്തായാലും ശ്രീകണ്ഠൻ നായരുടെ ആത്മവിശ്വാസത്തിൽ ഏഷ്യാനെറ്റ് കരകയറി. റേറ്റിങ്ങിലെ തട്ടിപ്പ് വെളിച്ചത്തു വന്നു. കേരളത്തിലെ ടാം റേറ്റിങ്ങിൽ നടത്തിയ ഏറ്റവും വലിയ സ്കാമായിരുന്നു ഇത്.
പിന്നീട്, മഴവിൽ മനോരമയിലേക്ക് മാറിയപ്പോൾ, സ്ഥാപനം പ്രധാന പ്രവർത്തകർക്കായി ഒരു ദിവസത്തെ പരിപാടി സംഘടിപ്പിച്ചു. അന്നത്തെ പരിപാടിയിൽ ടാമിനെ പ്രതിനിധീകരിച്ച് ഒരാൾ പങ്കെടുത്ത് സംസാരിച്ചു. അദ്ദേഹവുമായുള്ള നിരന്തരമായ ചോദ്യങ്ങളുടെ ഫലമായി, കേരളത്തിൽ ആകെ നാനൂറിനും അഞ്ഞൂറിനുമിടയിൽ റേറ്റിങ് മെഷീൻ മാത്രമേ സ്ഥാപിച്ചിട്ടുള്ളു എന്ന് തുറന്നു സമ്മതിച്ചു. എന്നുമല്ല, അതിൽ തന്നെ നൂറോളം മെഷീൻ തകരാറിലാണെന്നും അദ്ദേഹത്തിനു സമ്മതിക്കേണ്ടി വന്നു. അതോടെ ടാമിൻ്റെ ദൗർബല്യം ബോധ്യപ്പെട്ടു. പക്ഷേ, മറ്റ് സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് പരസ്യക്കമ്പനികൾ ആശ്രയിച്ചത് ടാമിനെത്തന്നെയായിരുന്നു.
ഏറ്റവും രസകരമായ വസ്തുത, ഞാൻ ജനം ടിവിയിൽ പ്രോഗ്രാം മേധാവിയായി ജോലി ചെയ്യുന്ന സമയത്ത് ടാം റേറ്റിങ് കൂട്ടാം എന്ന് പറഞ്ഞ് അവരുടെ ഒരാൾ സമീപിച്ചിരുന്നു. അവർ പറയുന്ന പണം കൊടുക്കണം. മറ്റുള്ളവർക്ക് സംശയം വരാതിരിക്കാൻ നിലവിലെ പരിപാടികളുടെ റേറ്റിങ് അതേപോലെ തുടരും. പുതിയ പരിപാടികൾ തുടങ്ങുമ്പോൾ റേറ്റിങ് കൂട്ടിക്കൂട്ടി നൽകാം എന്നായിരുന്നു വാഗ്ദാനം. ജനം ടിവി എംഡി വിശ്വരൂപൻ, അത്തരം തട്ടിപ്പ് പരിപാടികൾക്ക് കൂട്ടു നിൽക്കാൻ വയ്യെന്ന് പറഞ്ഞ് അയാളെ പറഞ്ഞയച്ചു.
ടാം റേറ്റിങ് സംവിധാനത്തിലെ കള്ളക്കളികളും വ്യാജനിർമിതികളും വ്യാപകമായ പരാതികൾ ക്ഷണിച്ചുവരുത്തിയപ്പോൾ, 2015ൽ ബാർക്ക് (BARC - Broadcast Audience Research Council) നിലവിൽ വന്നു. മെച്ചപ്പെട്ട റേറ്റിങ് സംവിധാനങ്ങളും വ്യാപക കവറേജുമായിരുന്നു ബാർക്ക് അവകാശപ്പെട്ടത്. പക്ഷേ, ഏറ്റവും ദാരുണമായ സംഗതിയെന്ന് പറയപ്പെടുന്നത് ബാർക്ക് നേരത്തെയുണ്ടായിരുന്ന ടാമിനെ തന്നെ ഫ്രാഞ്ചൈസി ആക്കുകയായിരുന്നുവത്രെ. നിലവിൽ ബാർക്കിനെ സംബന്ധിച്ച്, കോഴിഫാം സെക്യൂരിറ്റി കുറുക്കൻ തന്നെയാണെന്നതാണ്. ഈ തട്ടിപ്പിൽ നിന്നാണ് ഇപ്പോൽ മീഡിയവൺ മാറിനിൽക്കാൻ തീരുമാനിച്ചത്.
ഇന്ന് ടെലിവിഷന്റെ സംബന്ധിച്ച് സാറ്റലൈറ്റ് പ്രേക്ഷകരെക്കാൾ കൂടുതൽ വ്യൂവർഷിപ്പ് ഡിജിറ്റൽ പ്ലാറ്റ് ഫോമിലാണ്. അതിനാൽ ഇന്നത്തെ തികച്ചും അപരിഷ്കൃതമായ റേറ്റിങ് രീതി മാറ്റേണ്ടത് അനിവാര്യമായ കാര്യമാണ്. കേബിൾ ടിവിയിലെ ലോഞ്ച് പേജിൽ നടത്തുന്ന കൃത്രിമം ഇന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഡിജിറ്റലിൽ ചാറ്റ് ബോട്ടുകളെ (ChatBoat) ഉപയോഗിച്ച് വലിയ തിരിമറിയും ചർച്ചയായിട്ടുണ്ട്. കൃത്യവും സൂക്ഷ്മവുമായ ഒരു റേറ്റിങ് രീതി ജനാധിപത്യ ഇന്ത്യയിൽ സാധ്യമാവുമോ എന്നത് സംശയമാണ്. കാരണം, ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ റേറ്റിങ്ങിലെ നിഗൂഢത നിലനിർത്തുക തന്നെ വേണം.
Adjust Story Font
16

