'തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കരുതി ചത്ത് പണിയെടുത്ത് മരിക്കണമെന്നില്ലല്ലോ,രാത്രി 10.30 വരെ ഒറ്റയ്ക്ക് നടന്നു ഫോമുകൾ വിതരണം ചെയ്യേണ്ടി വരുന്നു'; ജോലി സമ്മര്‍ദം വിവരിക്കുന്ന വനിതാ ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത്
ഇടുക്കിയിൽ എസ്ഐആർ ഫോം വിതരണം സംബന്ധിച്ച വ്യാജമായ കണക്ക് നൽകാൻ നിർബന്ധിക്കുന്നുവെന്ന് ബിഎൽഒ

തിരുവനന്തപുരം: ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ അനുഭവിക്കുന്ന ദുരിതം വിശദമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങള്‍ പുറത്ത്.രാത്രി 10.30 വരെ ഒറ്റയ്ക്ക് നടന്നു ഫോമുകൾ വിതരണം ചെയ്യേണ്ടി വരുന്നുണ്ടെന്നും ആഹാരം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ പോലും കഴിയുന്നില്ലെന്നും വനിതാ ബിഎൽഒ പറയുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.
'എത്ര വലിയ ഉദ്യോഗസ്ഥനായാലും അവർക്കും മനുഷ്യാവകാശമുണ്ട്. ഇത് മനുഷ്യത്വവിരുദ്ധമായ നടപടിയാണ്.ഞങ്ങളാരും നിങ്ങളുടെ അടിമയല്ല,ഡെപ്യൂട്ടേഷനിൽ വന്നവരാണ്.ഞങ്ങൾക്ക് വ്യക്തിസ്വാതന്ത്ര്യവും അവകാശവുമുണ്ട്.ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ വേറെ വഴി നോക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കരുതി ചത്ത് പണിയെടുത്ത് മരിക്കണമെന്നില്ലാല്ലോ.രാത്രി ഒമ്പത് മണിക്കും പത്ത്മണിക്കും ഫോമുമായി നടക്കുമ്പോൾ പട്ടികളുടെ ശല്യമുണ്ട്.ചില ആളുകൾ വേറൊരു രീതിയിൽ കാണുന്നുണ്ട്. ഭക്ഷണം സമയത്ത് കഴിക്കാൻ പോലും ആകില്ല. പലപ്പോഴും പട്ടിണി കിടക്കുകയാണ്'.എന്ത് അച്ചടക്കനടപടി ആണെങ്കിലും നേരിടാൻ തയ്യാറാണെന്നും ഉദ്യോഗസ്ഥ ശബ്ദസന്ദേശത്തിൽ പറയുന്നു.
ബിഎൽഒ മാർക്ക് കടുത്ത ജോലിസമ്മർദമെന്ന് വിവരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ വന്ന ശബ്ദസന്ദേശവും നേരത്തെ പുറത്ത് വന്നിരുന്നു. മരിച്ചവരുടെയും സ്ഥലം മാറിയവരുടെയും പേരുകൾ നിലനിർത്താൻ രാഷ്ട്രീയക്കാർ സമ്മർദം ചെലുത്തുന്നെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
ഇടുക്കിയിൽ എസ്ഐആർ ഫോം വിതരണം സംബന്ധിച്ച വ്യാജമായ കണക്ക് നൽകാൻ നിർബന്ധിക്കുന്നുവെന്ന് ബിഎൽഒ ജാഫർഖാൻ മീഡിയവണിനോട് പറഞ്ഞു. മുഴുവൻ ഫോമുകളും വിതരണം ചെയ്തു എന്ന് കണക്കു നൽകാനാണ് സമ്മർദം. വീടുകൾ മുഴുവൻ കയറാനാവാത്തത് മറച്ചുവെച്ച് ഫോം വിതരണം പൂർത്തിയാക്കിയെന്ന കണക്ക് നൽകാനാണ് ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തുന്നതെന്നും ജാഫർഖാൻ പറയുന്നു.
ചുരുങ്ങിയ സമയം കൊണ്ട് എല്ലാ വീടുകളിലും കയറാൻ ആയിട്ടില്ല. ഇതു മറച്ചുവെച്ച് വിതരണം പൂർത്തിയാക്കിയെന്ന് കണക്ക് നൽകാനാണ് സമ്മർദം. ഇത് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥൻ നിരന്തരം ഫോണിൽ വിളിക്കുന്നു. സ്ത്രീകൾ അടക്കമുള്ളവർ കടുത്ത സമ്മർദത്തിലെന്നും അദ്ദേഹം പറയുന്നു.
Adjust Story Font
16

