Quantcast

''അസത്യപ്രചാരണങ്ങളുടെ വിഷക്കാറ്റിന് തൃക്കാക്കരയുടെ മനസിൽ പി.ടിക്കുള്ള സ്ഥാനം കെടുത്തിക്കളയാനാകില്ല''- ഉമ തോമസിന് വോട്ട് തേടി ആന്റോ ജോസഫ്

''ഭർത്താവിന്റെ വിയോഗവേദന ഉള്ളിലൊളിപ്പിച്ചുകൊണ്ട് ജനങ്ങൾക്കിടയിലേക്കിറങ്ങിയ ഒരു ഭാര്യയെ ക്രൂരമായി മുറിവേൽപിച്ചവർ പിന്നീട് കുടുംബബന്ധങ്ങളെയോർത്ത് കണ്ണീരൊഴുക്കുന്നതും നമ്മൾ കണ്ടു. ആ 'വ്യാജ'ക്കണ്ണീരിനു പിന്നിലുള്ള മുതലകളെയും തൃക്കാക്കര തിരിച്ചറിഞ്ഞുകഴിഞ്ഞു.''

MediaOne Logo

Web Desk

  • Published:

    30 May 2022 2:47 PM GMT

അസത്യപ്രചാരണങ്ങളുടെ വിഷക്കാറ്റിന് തൃക്കാക്കരയുടെ മനസിൽ പി.ടിക്കുള്ള സ്ഥാനം കെടുത്തിക്കളയാനാകില്ല- ഉമ തോമസിന് വോട്ട് തേടി ആന്റോ ജോസഫ്
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് വോട്ട് തേടി ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ്. ഉമയ്ക്കുള്ള ഓരോ വോട്ടും, ധരിക്കുന്ന വസ്ത്രത്തിന്റെ വെളുപ്പ് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സൂക്ഷിച്ച ഒരാൾക്കുള്ള ആദരവ് കൂടിയാണെന്നും അസത്യ പ്രചാരണങ്ങൾക്കെല്ലാം തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ ജനം മറുപടി പറയുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഉമ തോമസിനു വിജയാശംസ നേർന്നത്. ''പി.ടിയെന്ന മനുഷ്യൻ ഈ ഭൂമിയിൽ ബാക്കിവച്ചുപോയ ചില ദൗത്യങ്ങൾ പൂർണമാക്കാനുള്ള നിയോഗമാണ് ഉമയിൽ വന്നുചേർന്നിരിക്കുന്നത്. ആ ദൗത്യങ്ങളത്രയും പി.ടിയെന്ന ജനപ്രതിനിധിയുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. എം.എൽ.എ എന്ന വാക്കിലൊതുങ്ങുതായിരുന്നില്ല പി.ടിക്ക് ഈ നാടിനോടുള്ള ബന്ധം. അസത്യപ്രചാരണങ്ങളുടെ വിഷക്കാറ്റിന് കെടുത്തിക്കളയാനാകില്ല തൃക്കാക്കരയുടെ ജനമനസിൽ പി.ടിക്കുള്ള സ്ഥാനം. ഈ തെരഞ്ഞെടുപ്പിൽ അതിനൊക്കെയും തൃക്കാക്കരയിലെ ജനങ്ങൾ മറുപടി പറയുമെന്ന് ഉറപ്പാണ്.''- ആന്റോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

''ഉമച്ചേച്ചി മത്സരിക്കാനെത്തിയപ്പോഴും കേട്ടു നീചമായ വാക്കുകൾ. സതിയെന്ന ദുരാചാരത്തെപ്പോലും കൂട്ടുപിടിച്ചുകൊണ്ടുള്ള കടന്നാക്രമണം. നാവും വാക്കും വാടകയ്ക്ക് കൊടുക്കുന്ന അടിമബുദ്ധിജീവികളെപ്പോലും എതിരാളികൾ അതിനുവേണ്ടി കളത്തിലിറക്കി. ഭർത്താവിന്റെ വിയോഗവേദന ഉള്ളിലൊളിപ്പിച്ചുകൊണ്ട് ജനങ്ങൾക്കിടയിലേക്കിറങ്ങിയ ഒരു ഭാര്യയെ ക്രൂരമായി മുറിവേൽപിച്ചവർ പിന്നീട് കുടുംബബന്ധങ്ങളെയോർത്ത് കണ്ണീരൊഴുക്കുന്നതും നമ്മൾ കണ്ടു. ആ 'വ്യാജ'ക്കണ്ണീരിനു പിന്നിലുള്ള മുതലകളെയും തൃക്കാക്കര തിരിച്ചറിഞ്ഞുകഴിഞ്ഞു.''- ആന്റോ ജോസഫ് വ്യക്തമാക്കി.

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരു പി.ടി ഓർമയാണ് അഥവാ ഒരു പിടി ഓർമയാണ് ഉമ തോമസ്. തൃക്കാക്കരയെ ശ്വാസത്തിൽ കൊണ്ടുനടന്ന പി.ടി തോമസിനെ തന്നെയാണ് ഉമച്ചേച്ചിയിൽ കാണാനാകുക. പി.ടിയുടെ പ്രതിബിംബം. പി.ടിയെന്ന മനുഷ്യൻ ഈ ഭൂമിയിൽ ബാക്കിവച്ചുപോയ ചില ദൗത്യങ്ങളെ പൂർണമാക്കാനുള്ള നിയോഗമാണ് ഉമച്ചേച്ചിയിൽ വന്നുചേർന്നിരിക്കുന്നത്.

ആ ദൗത്യങ്ങളത്രയും പി.ടിയെന്ന ജനപ്രതിനിധിയുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. തൃക്കാക്കര എന്ന മണ്ഡലത്തിനുവേണ്ടി പി.ടി കണ്ട ഒരുപാടൊരുപാട് വലിയ സ്വപ്നങ്ങൾ. എം.എൽ.എ എന്ന വാക്കിലൊതുങ്ങുതായിരുന്നില്ല പി.ടിക്ക് ഈ നാടിനോടുള്ള ബന്ധം. അവിടത്തെ ജനങ്ങളുടെ ഹൃദയത്തിൽ പി.ടി ഇന്നും ജീവിക്കുന്നതും അതുകൊണ്ടാണ്. അസത്യപ്രചാരണങ്ങളുടെ വിഷക്കാറ്റിന് കെടുത്തിക്കളയാനാകില്ല തൃക്കാക്കരയുടെ ജനമനസിൽ പി.ടിക്കുള്ള സ്ഥാനം. ഈ തെരഞ്ഞെടുപ്പിൽ അതിനൊക്കെയും തൃക്കാക്കരയിലെ ജനങ്ങൾ മറുപടി പറയുമെന്ന് ഉറപ്പാണ്.

പി.ടിക്കുള്ള സ്നേഹമുദ്ര കൂടിയാണ് അവർ ഉമയുടെ പേരിൽ ചാർത്തുക. ഉമച്ചേച്ചി മത്സരിക്കാനെത്തിയപ്പോഴും കേട്ടു നീചമായ വാക്കുകൾ. സതിയെന്ന ദുരാചാരത്തെപ്പോലും കൂട്ടുപിടിച്ചുകൊണ്ടുള്ള കടന്നാക്രമണം. നാവും വാക്കും വാടകയ്ക്ക് കൊടുക്കുന്ന അടിമബുദ്ധിജീവികളെപ്പോലും എതിരാളികൾ അതിനുവേണ്ടി കളത്തിലിറക്കി. ഭർത്താവിന്റെ വിയോഗവേദന ഉള്ളിലൊളിപ്പിച്ചുകൊണ്ട് ജനങ്ങൾക്കിടയിലേക്കിറങ്ങിയ ഒരു ഭാര്യയെ ക്രൂരമായി മുറിവേൽപിച്ചവർ പിന്നീട് കുടുംബബന്ധങ്ങളെയോർത്ത് കണ്ണീരൊഴുക്കുന്നതും നമ്മൾ കണ്ടു. ആ 'വ്യാജ'ക്കണ്ണീരിനു പിന്നിലുള്ള മുതലകളെയും തൃക്കാക്കര തിരിച്ചറിഞ്ഞുകഴിഞ്ഞു.

ഉമ എന്ന സ്ത്രീ ആരായിരുന്നു എന്നതിന് മഹാരാജാസിന്റെ ഇടനാഴികളും പിരിയൻഗോവണികളും സാക്ഷ്യം പറയും. അവിടെയിന്നും പ്രതിധ്വനിക്കുന്നുണ്ട് ഒരുകാലം അവർ ഉയർത്തിയ ശബ്ദം, ഇന്നും ആ മുറ്റത്ത് പാറുന്നുണ്ട് അവർ ഉയർത്തിയ കൊടി. പി.ടിയുടെ മറുപാതിയായി, അദ്ദേഹത്തിന്റെ നിലപാടുകൾക്ക് കരുത്തുപകർന്ന് ജീവിക്കുമ്പോഴും അവർക്കുള്ളിൽ ആ പഴയ കെ.എസ്.യു പ്രവർത്തകയുടെ ഊർജം ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ആത്മാവിൽ ഒരു ചിതയാളുമ്പോഴും അവർ പി.ടി ബാക്കിവച്ചുപോയവയ്ക്കായി മത്സരരംഗത്തേക്ക് വന്നത്.

ഉമച്ചേച്ചിയെന്ന രാഷ്ട്രീയക്കാരി ഒന്നാന്തരം പ്രൊഫഷണൽ കൂടിയാണെന്നതിന് തെളിവായി അവർ വഹിക്കുന്ന ജോലിയിലെ മികവ് മാത്രം മതി. ഒരു വലിയ ആശുപത്രിയിലെ മനുഷ്യവിഭവശേഷിയെ കാര്യക്ഷമമായി ഉപയോഗിക്കുന്ന ഒരാൾക്ക് പ്രൊഫഷണലുകൾ ഒരുപാടുള്ള തൃക്കാക്കര മണ്ഡലത്തിന്റെ ഹൃദയസ്പന്ദനങ്ങൾ മറ്റാരെക്കാളും നന്നായി അറിയാനാകും. 'ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി' എന്നു ചോദിച്ചാണ് പി.ടി ഈ ഭൂമിയോട് യാത്ര പറഞ്ഞത്. ഉമച്ചേച്ചിയിലൂടെ പി.ടിയെന്ന സത്യസന്ധനായ നേതാവിന് ഒരു ജന്മം കൂടി ലഭിക്കുകയാണ്, തൃക്കാക്കരയിൽ. ഉമച്ചേച്ചിക്കുള്ള ഓരോ വോട്ടും, ധരിക്കുന്ന വസ്ത്രത്തിന്റെ വെളുപ്പ് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സൂക്ഷിച്ച ഒരാൾക്കുള്ള ആദരവ് കൂടിയാണ്. അത് ഏറ്റവും നന്നായി അറിയാവുന്നതും തൃക്കാക്കരയിലെ വോട്ടർമാർക്കാണ്. ഉമച്ചേച്ചിക്ക് വിജയാശംസകൾ...

Summary: Film producer Anto Joseph seeks votes for Uma Thomas in Thrikkakara bypoll

TAGS :

Next Story