Quantcast

ദുരന്തബാധിതര്‍ക്കുള്ള ധനസഹായം; പരിശോധിച്ച് നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി

പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-08-09 05:47:55.0

Published:

9 Aug 2021 5:23 AM GMT

ദുരന്തബാധിതര്‍ക്കുള്ള ധനസഹായം; പരിശോധിച്ച് നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി
X

കവളപ്പാറ, പെട്ടിമുടി,കരിപ്പൂർ ദുരന്തങ്ങളിൽ പെട്ടവർക്ക് ധനസഹായം വൈകുന്നത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി. സിദ്ധിഖാണ് നോട്ടീസ് നൽകിയത്. പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. കവളപ്പാറയിലെ പുനരധിവാസത്തിന് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

രണ്ടു വർഷമായിട്ടും ചിലർക്ക് വീട് നൽകിയില്ല. പെട്ടിമുടിയിൽ നാലു പേരുടെ മൃതദേഹം കിട്ടിയില്ല. അവർക്കുള്ള സഹായവും നൽകിയിട്ടില്ല. രണ്ടുവർഷം കഴിഞ്ഞിട്ടും പുനരധിവാസം പൂർത്തീകരിച്ചിട്ടില്ലെന്നും ടി.സിദ്ധിഖ് നിയമസഭയില്‍ പറഞ്ഞു. ഇരകൾ ഇപ്പോഴും അഭയാർത്ഥി ക്യാമ്പുകളിൽ തുടരുന്നു. വാടക വീടുകളിൽ താമസിക്കുന്നവരുടെ വാടക പോലും ഇതുവരെ നൽകിയിട്ടില്ല. പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സംരക്ഷിക്കുന്നതിന് പകരം സർക്കാർ അവരെ അഭയാർഥികളാക്കി മാറ്റുകയാണെന്നും ടി. സിദ്ധിഖ് ആഞ്ഞടിച്ചു.

അതേസമയം, ദുരന്തബാധിതരെ വിട്ടു പോയെങ്കിൽ സർക്കാർ പരിശോധിച്ച് നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ മറുപടി നല്‍കി. സമാനതകളില്ലാത്ത ദുരന്തങ്ങളാണ് കേരളത്തിലുണ്ടായത്. കേരളത്തിലെ രക്ഷാപ്രവർത്തനങ്ങളെ രാജ്യാന്തര സമൂഹം വരെ അഭിനന്ദിച്ചു. പെട്ടിമുടി ദുരന്തത്തില്‍ 66 പേർ മരിച്ചു. 46 കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം നൽകി. 18 പേർക്കുള്ള സഹായം ഈ ആഴ്ച നൽകുമെന്നും റവന്യൂമന്ത്രി വിശദീകരിച്ചു. കുട്ടികളുടെ വിദ്യാദ്യാസ ചിലവ് സർക്കാർ ഏറ്റെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.

ഇത് രാഷ്ട്രീയവത്കരിക്കേണ്ട പ്രശ്നമല്ലെന്നും എല്ലാ വിഭാഗക്കാരേയും കൂട്ടിയോജിപ്പിച്ചാണ് സർക്കാർ പ്രവർത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് വാടക കൊടുക്കാൻ വ്യവസ്ഥയില്ലെന്നും എന്നിരുന്നാലും പരമാവധി സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു. വിദേശ സഹായം കേന്ദ്രം ഇടപെട്ട് തടഞ്ഞതായും യു.എ.ഇ സഹായം നിഷേധിച്ചെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

TAGS :

Next Story