Quantcast

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രവുമായുള്ള ചർച്ചയ്ക്ക് നാലംഗ സമിതി

ധനമന്ത്രി കെ.എൻ ബാലഗോപാൽ സംഘത്തെ നയിക്കും.

MediaOne Logo

Web Desk

  • Published:

    13 Feb 2024 2:10 PM GMT

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രവുമായുള്ള ചർച്ചയ്ക്ക് നാലംഗ സമിതി
X

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാറുമായുള്ള ചർച്ചയ്ക്ക് നാല് പേരടങ്ങുന്ന സമിതിയെ നിയോഗിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ സംഘത്തെ നയിക്കും. മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ്‌ ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരും സംഘത്തിലുണ്ടാകും. ഫെബ്രുവരി 15നാണ് ചർച്ച. ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം തിങ്കളാഴ്ച സുപ്രിംകോടതിയെ അറിയിക്കും.

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയത്തിൽ ചർച്ച വഴിയുള്ള പരിഹാരം എന്ന ആശയം കോടതിയാണ് മുന്നോട്ട് വച്ചത്. സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, വിഷയത്തിന്റെ ഗൗരവം കോടതിയെ ബോധിപ്പിച്ചുകൊണ്ടാണ് ഇടപെടൽ ആരംഭിച്ചത്. പെൻഷൻ നൽകാൻ പോലും സംസ്ഥാനം അനുഭവിക്കുന്ന ബുദ്ധിമുട്ട് ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. കേന്ദ്രവുമായി ചർച്ചയ്ക്ക് തയാറാണെന്ന് കേരളം ഒടുവിൽ അറിയിച്ചു. തുറന്ന ചർച്ചയ്ക്ക് തയാർ ആണെന്ന് കേന്ദ്രവും അറിയിച്ചതോടെയാണ് സമവായത്തിന് വഴി തുറന്നത്.

സഹകരണ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണ് ചർച്ചയ്ക്ക് തയാറായ നടപടിയെന്ന് ജസ്റ്റിസ് സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. കേരളത്തിന്റെ ധനകാര്യനടത്തിപ്പിലെ പിടിപ്പുകേടിനെക്കുറിച്ച് കേന്ദ്രവും കേന്ദ്രത്തിന്റെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞത് ചൂണ്ടിക്കാട്ടി കേരളവും കൊമ്പുകോർത്തിരുന്നു. സത്യവാങ്മൂലം വഴിയുള്ള പോരിന് ശേഷം കേസ് പരിഗണനക്കെത്തിയ ആദ്യ ദിനം കോടതി തന്നെ പ്രശ്നപരിഹാരത്തിനുള്ള വഴി തുറന്നു നൽകുകയായിരുന്നു.

TAGS :

Next Story