വാൻഹായി കപ്പലിലെ തീ നിയന്ത്രണ വിധേയം; കപ്പൽ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പൽ ഉൾകടലിലേക്ക് മാറ്റാനാണ് ശ്രമം

തിരുവനന്തപുരം: കേരള പുറംകടലിൽ അപകടത്തിൽപ്പെട്ട വാൻ ഹായ് കപ്പലിൽ തീ നിയന്ത്രണ വിധേയം.അഞ്ച് കപ്പലുകളും രണ്ട് ഡോർണിയർ വിമാനങ്ങളും ഒരു ഹെലികോപ്റ്ററുമാണ് നിലവിൽ ദൗത്യത്തിലുള്ളത്. കപ്പൽ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണ്.കപ്പല്‍ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പൽ ഉൾകടലിലേക്ക് മാറ്റാനാണ് ശ്രമം..
അപകടത്തിന് പിന്നാലെ കാണാതായ നാല് പേർക്കായുള്ള തിരച്ചിലും തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് 162 കിലോമീറ്റർ അകലെ പുറം കടലിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചെരിഞ്ഞ സാഹചര്യത്തിൽ കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീഴാനും താപ, വാതക അപകടങ്ങൾക്കുള്ള സാധ്യതകളും ഏറെയാണ്.
പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കടലില്‍ വീണ കണ്ടെയ്നറുകള്‍ കേരളാ തീരത്ത് എത്താനുള്ള സാധ്യതയില്ലെങ്കിലും മറ്റു കപ്പലുകളിൽ ഇടിക്കുമോയെന്ന ആശങ്കയുമുണ്ട്. കൊളംബോയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 22 പേരിൽ രക്ഷപ്പെടുത്തിയ പതിനെട്ട് പേർ മംഗലൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്.
Adjust Story Font
16

