മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമേറ്; ഒരാള്‍ കസ്റ്റഡിയില്‍
പുല്ലശ്ശേരി സ്വദേശി അഷ്‌റഫിനെയാണ് കസ്റ്റഡിയിലെടുത്തത്. സിപിഎം പ്രവർത്തകനായ ഇയാൾ, പി.കെ ശശി അനുകൂലിയാണ്

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞ കേസിൽ ഒരാൾ കസ്റ്റഡിയിൽ. പുല്ലശ്ശേരി സ്വദേശി അഷ്റഫിനെയാണ് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സിപിഎം പ്രവർത്തകനായ അഷ്റഫ്, പി.കെ ശശി അനുകൂലിയാണ്. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് പടക്കം എറിഞ്ഞത്. രാത്രി 8.55 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആൾ ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറഞ്ഞത്.
പിന്നാലെ മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പി.കെ ശശി വിഷയം സജീവ ചർച്ചയായതിനിടയിലാണ് പട്ടക്കമേറ്.
മണ്ണാര്‍ക്കാട് നഗരസഭയ്ക്കുകീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനചടങ്ങിന് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.കെ ശശി വേദി പങ്കിട്ടതോടെയാണ് വിഷയം സജീവമായത്. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ. ശശി മറ്റു രാഷ്ട്രീയപാര്‍ട്ടികളിലേക്ക് എത്തിപ്പെടുമെന്നുള്ള പ്രചാരണങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ശശി വേദി പങ്കിട്ടത്.
ഇതിനിടെ കോൺഗ്രസിലേക്കെന്ന വാർത്ത നിഷേധിച്ചും പി.കെ ശശി രംഗത്ത് എത്തി. സിപിഎമ്മിലുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും സൈബർ ആക്രമണം നടത്തുന്നവരാണ് കോൺഗ്രസിലേക്ക് പോകുന്നുവെന്ന പ്രചാരണം നടത്തുന്നതെന്നും ശശി പറഞ്ഞു.
watch video Report
Adjust Story Font
16

