Quantcast

'വരുമാനം കൈവിട്ടുപോയി, അന്ന് നേരെ പോയത് ബാങ്കിലേക്ക്'; ഇൻകം ടാക്‌സ് ചോദ്യം ചെയ്യലിന് പിന്നിലെ കഥ പറഞ്ഞ് ഫിറോസ് ചുട്ടിപ്പാറ

യൂട്യൂബർമാർക്കെതിരെ വ്യാപക റെയ്ഡ് ഉണ്ടായപ്പോൾ അതിനെ മറികടന്നതിനെ കുറിച്ചും ഫിറോസ് വിശദീകരിച്ചു

MediaOne Logo

Web Desk

  • Published:

    26 Sept 2026 8:42 PM IST

വരുമാനം കൈവിട്ടുപോയി, അന്ന് നേരെ പോയത് ബാങ്കിലേക്ക്; ഇൻകം ടാക്‌സ് ചോദ്യം ചെയ്യലിന് പിന്നിലെ കഥ പറഞ്ഞ് ഫിറോസ് ചുട്ടിപ്പാറ
X

കോഴിക്കോട്: യൂട്യൂബ് വരുമാനം വർധിച്ചപ്പോൾ നേരിട്ട ഇൻകം ടാക്‌സ് വകുപ്പിന്റെ ചോദ്യം ചെയ്യലുകളെക്കുറിച്ചും കൃത്യമായി നികുതി അടയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ് തുറന്ന് പ്രമുഖ വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ. സുജിത്ത് ഭക്തന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താൻ സ്വമേധയാ മുൻകൈയെടുത്ത് നികുതി അടച്ചു തുടങ്ങിയതും തുടർന്നുണ്ടായ സംഭവങ്ങളും അദ്ദേഹം പങ്കുവെച്ചത്.

ബാങ്ക് മാനേജരോട് ചോദിച്ചു കണ്ടെത്തിയ വഴി

യൂട്യൂബിൽ നിന്ന് മികച്ച വരുമാനം ലഭിച്ചു തുടങ്ങിയതോടെയാണ് ടാക്‌സ് അടയ്ക്കണമെന്ന ചിന്ത മനസിൽ വന്നതെന്ന് ഫിറോസ് പറയുന്നു. വരുമാനം കൈകാര്യം ചെയ്യാനാവുന്നതിലും അധികമായപ്പോൾ ഭാവിയിൽ ഒരു അന്വേഷണവും തന്നെ തേടി വരരുതെന്ന് നിർബന്ധമുണ്ടായിരുന്നു. തുടർന്ന് ബാങ്ക് മാനേജരെ നേരിൽ കണ്ട് കാര്യം ധരിപ്പിക്കുകയും, ബാങ്കിന്റെ ഓഡിറ്ററുടെ സഹായത്തോടെ കൃത്യമായി ഇൻകം ടാക്‌സ് അടയ്ക്കാൻ തുടങ്ങുകയുമായിരുന്നു. നികുതി കഴിച്ചുള്ള വരുമാനം മാത്രം കൈപ്പറ്റുക എന്നതായിരുന്നു തന്റെ രീതിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

യൂട്യൂബർമാർക്ക് നേരെയുള്ള റെയ്ഡും ഡൽഹിയിലെ ഫോൺ കോളുകളും

രണ്ടാമത്തെ തവണ ഇൻകം ടാക്‌സ് അടച്ചു കഴിഞ്ഞ സമയത്താണ് കേരളത്തിലെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടക്കുന്നത്. ആ സമയത്ത് ഡൽഹിയിലായിരുന്ന ഫിറോസിനെ സുഹൃത്തുക്കൾ വിളിച്ച് റെയ്ഡിന്റെ വിവരങ്ങൾ അന്വേഷിച്ചു. കൃത്യമായി നികുതി നൽകുന്ന ഒരാളെന്ന നിലയിൽ തനിക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നും, അതിനാൽ റെയ്ഡ് ഉണ്ടാവില്ലെന്നും അദ്ദേഹം സുഹൃത്തുക്കൾക്ക് മറുപടി നൽകി.

ഇൻകം ടാക്‌സ് നോട്ടീസും അരമണിക്കൂർ ചോദ്യം ചെയ്യലും

റെയ്ഡ് ഉണ്ടായില്ലെങ്കിലും പിന്നീട് ഇൻകം ടാക്‌സ് വകുപ്പിൽ നിന്ന് ഔദ്യോഗികമായി നോട്ടീസ് വരികയും ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. ഓഡിറ്റർക്കൊപ്പം ഓഫീസിലെത്തിയ ഫിറോസിനോട് വരുമാന സ്രോതസുകളെക്കുറിച്ച് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. യൂട്യൂബ് വരുമാനം, ഫേസ്ബുക്ക്, പരസ്യങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ സമർപ്പിച്ചു.

'നിർബന്ധിച്ചിട്ടല്ല, സ്വമേധയാ വന്നതാണ്'

നികുതി വെട്ടിപ്പ് നടത്താൻ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞതായി ഫിറോസ് ഓർത്തെടുക്കുന്നു. വരുമാനം കൂടിയപ്പോൾ ആരും നിർബന്ധിക്കാതെ തന്നെ സ്വമേധയാ ടാക്‌സ് അടയ്ക്കാൻ തുടങ്ങിയതാണെന്ന് വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. സംസാരത്തിലെ സത്യസന്ധത മനസിലാക്കിയ ഉദ്യോഗസ്ഥർ അരമണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം നടപടികൾ അവസാനിപ്പിച്ച് വിട്ടയച്ചു. നിലവിലെ ബിസിനസ് സംരംഭങ്ങളിലും സ്ഥാപനങ്ങളിലും പൂർണ സുതാര്യത ഉറപ്പാക്കണമെന്ന് ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഫിറോസ് പറഞ്ഞു. പങ്കാളികളുള്ള ബിസിനസുകളിൽ കണക്കുകൾ കണ്ണാടി പോലെ വ്യക്തമായിരിക്കണം. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നികുതി കൃത്യമായി സർക്കാരിലേക്ക് അടച്ചാൽ ഒരുവിധ പ്രശ്‌നങ്ങളും നേരിടേണ്ടി വരില്ലെന്നതാണ് തന്റെ എപ്പോഴത്തെയും നിലപാടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

TAGS :

Next Story