Quantcast

കേരളത്തിലെ ആദ്യ ഫോണ്‍വിളിക്ക് ഇന്ന് 25 വയസ്

1996 സെപ്തംബർ 17ന് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ.ആർ ടണ്ഠവുമായി സംസാരിച്ചതോടെയാണ് മൊബൈല്‍ ഫോണ്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 Sept 2021 10:27 AM IST

കേരളത്തിലെ ആദ്യ ഫോണ്‍വിളിക്ക് ഇന്ന് 25 വയസ്
X

മൊബൈൽ ഫോൺ മലയാള മണ്ണിലെത്തിയിട്ട് ഇന്നേക്ക് 25 വര്‍ഷം പിന്നിടുന്നു. ഒരു ആഡംബര വസ്തുവായി നമ്മുടെയിടയിലേക്കെത്തിയ മൊബൈല്‍ ഫോണ്‍ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമായി മാറിയിരിക്കുന്നു. പ്രതിവർഷം അരക്കോടി മൊബൈൽ ഫോൺ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇന്ന് കേരളം.

1996 സെപ്തംബർ 17ന് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ.ആർ ടണ്ഠവുമായി സംസാരിച്ചതോടെയാണ് മൊബൈല്‍ ഫോണ്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നത്. അക്കാലത്ത് മേധാവിത്വം പുലർത്തിയിരുന്ന നോക്കിയ ഹാൻഡ് സെറ്റിലൂടെയായിരുന്നു ആശയ വിനിമയ ചരിത്രത്തിലെ പുതിയ വിളിക്ക് തുടക്കം കുറിച്ചത്. സേവന ദാതാവാകട്ടെ ഇന്നത്തെ ഐഡിയയുടെ പഴയ രൂപമായിരുന്ന എസ്കോട്ടെലും.




ഔട്ട് ഗോയിങ് കോളിന് മിനുട്ടിന് 16.80 രൂപയും ഇൻകമിങ് കോളിന് 8.40 രൂപയുമായിരുന്നു സർവീസ് ചാർജ്. പ്രധാന നഗരങ്ങളിൽ മാത്രമായിരുന്നു സർവീസ് ലഭ്യമായിരുന്നത്. 1995 ജൂലൈ 31ന് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ്റാമിനെ വിളിച്ചതായിരുന്നു ഇന്ത്യയിൽ മൊബൈൽ ഫോണിന്‍റെ തുടക്കം. മോബൈൽ ഫോൺ ഒരു ആഡംബര വസ്തുവായിരുന്ന ആ കാലത്ത് ഏകദേശം 40000 - 50000 രൂപയായിരുന്നു വില.

2000ത്തിൽ എയർടെൽ കേരളത്തിലെത്തി. എല്ലാവർക്കും ഒരേ താരിഫ്. 2002ൽ ബിഎസ്എൻഎല്ലിന്‍റെ രംഗപ്രവേശനത്തോടെ ഔട്ട് ഗോയിങിന് 16.80 രൂപയിൽ നിന്ന് 8.40 രൂപയായി. ഇൻകമിങ് കോളുകൾ സൗജന്യവുമായി. സാങ്കേതികതയുടെ അപര്യാപ്തതയും കനത്ത സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയിരുന്ന ആ കാലമെല്ലാം ഇന്ന് ഓർമ്മ മാത്രമാണ്. കാരണം, മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ ഇപ്പോഴുള്ളത് 4.5 കോടി മൊബൈൽ കണക്ഷനുകളാണുള്ളത്. 4ജിയും ടെലിംകോ നയത്തിലെ മാറ്റവുമെല്ലാം ഇന്ന് മൊബൈൽ രംഗത്തെ കൂടുതൽ ജനകീയമാക്കി. സ്മാർട്ട് ഫോണും സർവസജ്ജമായ ആപ്പുകളും എത്തിയതൊടെ വീടുകളിൽ നിന്ന് റേഡിയോയും അലാം ക്ലോക്കുമടക്കം പലതും അപ്രത്യക്ഷമായി. പഠനം മൂതല്‍ സിനിമ കാണൽ വരെ ഫോണിലായി.

TAGS :

Next Story