ബോട്ടിന് ഭീമമായ പിഴ ചുമത്തി; വൈപ്പിനിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം, വാട്ടർമെട്രോ തടസ്സപ്പെട്ടു
മത്സ്യബന്ധനത്തിന് പോകാതെ കായലിൽ ബോട്ട് നിരത്തിയാണ് പ്രതിഷേധം

കൊച്ചി: വൈപ്പിനിൽ ബോട്ടിന് ഭീമമായ പിഴ ചുമത്തി എന്നാരോപിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യബന്ധനത്തിന് പോകാതെ കായലിൽ ബോട്ട് നിരത്തിയാണ് പ്രതിഷേധം. പ്രതിഷേധത്തെതുടർന്ന് കൊച്ചി -വൈപ്പിൻ വാട്ടർ മെട്രോയും ജങ്കാർ സർവീസും തടസപ്പെട്ടു. ലൈസൻസ് പുതുക്കാതെ മത്സ്യബന്ധനത്തിന് പോയ 'ജപമാല' വള്ളത്തിന് ആണ് ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ രണ്ടര ലക്ഷം രൂപ പിഴയിട്ടത്.
സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. ഇന്നലെ രാത്രി മുതൽ മത്സ്യത്തൊഴിലാളികൾ കായലിൽ ബോട്ടിൽ കഴിയുകയാണ്. എന്നാല്‍ സമരം നടത്തരുതെന്നും വാട്ടർ മെട്രോയും ജങ്കാർ സര്‍വീസുകളും തടസ്സപ്പെടരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടും മത്സത്തൊഴിലാളികള്‍ പിന്മാറിയില്ല. ന്യായമായ പിഴ അടക്കാമെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിരുന്നു.എന്നിട്ടും ഭീമമായ തുക പിഴ ചുമത്തുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു..
പിന്നീട് പൊലീസുമായി നടത്തിയ ചർച്ചയിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചു. ചുമത്തിയ പിഴ ഒഴിവാക്കുമെന്നും പകരം പെർമിറ്റ് ഫീസും ക്ഷേമനിധി തുകയും അടയ്ക്കാനും തീരുമാനമായി.പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയ വാട്ടർ മെട്രോ, ജങ്കാർ സർവീസുകളും പുനരാരംഭിച്ചു.
Adjust Story Font
16

