Quantcast

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; വിദ്യ ചെയ്തത് തെറ്റെന്ന് മന്ത്രി ആര്‍.ബിന്ദു

കോളേജോ പ്രിന്‍സിപ്പളോ കുറ്റക്കാരല്ലെന്ന് മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-06-08 10:47:25.0

Published:

8 Jun 2023 10:35 AM GMT

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; വിദ്യ ചെയ്തത് തെറ്റെന്ന് മന്ത്രി ആര്‍.ബിന്ദു
X

എറണാകുളം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കെ.വിദ്യ ചെയ്തത് തെറ്റെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നും എന്നാല്‍ കോളജോ പ്രിന്‍സിപ്പളോ കുറ്റക്കാരല്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം താന്‍ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കെ വിദ്യ പറഞ്ഞു. മഹാരാജാസ് കോളജിന്റെ പേരിൽ എവിടെയും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. മാധ്യമങ്ങളില്‍ കാണുമ്പോഴാണ് ഈ വിഷയം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരും ഇതുവരെ തന്നെ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും തന്റെ കയ്യിൽ അങ്ങനെയൊരു സർട്ടിഫിക്കറ്റ് ഇല്ലെന്നും വിദ്യ പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന രേഖയാണ് വിദ്യ വ്യാജമായി നിർമിച്ചത്. കോളജിന്റെ ലെറ്റർപാഡ്, സീൽ, മുദ്ര എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് കോളജിൽ ജോലിക്കായി അപേക്ഷിച്ചത്. അട്ടപ്പാടി ആർജിഎം ഗവ. ആർട്‌സ് ആന്റ് സയൻസ് കോളജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ചെന്നപ്പോഴാണ് ഈ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യയുടെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിലെ കാലയളവിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാർ ഇല്ലെന്നാണ് പ്രിൻസിപ്പൽ അറിയിച്ചത്. പാലക്കാട് പത്തിരിപ്പാല ഗവ. കോളജ്, കാസർകോട് കരിന്തളം ഗവ. കോളജ് എന്നിവിടങ്ങളും വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്.

വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകാൻ എസ്എഫ്‌ഐ നേതൃത്വം സഹായം നൽകി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 2017-18 കാലത്ത് മഹാരാജാസ് കോളജിൽ എസ്എഫ്‌ഐ പാനലിൽ പിജി റെപ് ആയിരുന്നു വിദ്യ. കാലടി സർവകലാശാലയിലെ എംഫിൽ പഠനക്കാലത്ത് എസ്എഫ്‌ഐ പാനലിൽ വിജയിച്ച് സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു.

വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തെ ചൊല്ലിയും വിവാദമുയര്‍ന്നിട്ടുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംവരണം അട്ടിമറിച്ചാണ് എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. ഇടതു സഹയാത്രികനായ എഴുത്തുകാരൻ സുനിൽ പി ഇളയിടം അടക്കമുള്ള പ്രമുഖർ അംഗമായ ഗവേഷക സമിതിയാണ് വിദ്യയെ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് ചട്ടം ലംഘിച്ച് ശിപാർശ ചെയ്തത്.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മലയാളം പിഎച്ച്ഡി പ്രോഗ്രാമിലേക്ക് ഗവേഷകരെ തെരഞ്ഞെടുക്കാൻ 2019 ഡിസംബർ 16ന് ചേര്‍ന്ന റിസർച്ച് കമ്മിറ്റിയാണ് വിദ്യയ്ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്.

വത്സലൻ വിഎ, സുഷമ എൽ, ഷാജി വിഎസ്, എൻ അജയകുമാർ, സുനിൽ പി ഇളയിടം, എം കൃഷ്ണൻ നമ്പൂതിരി, കവിതാ രാമൻ, ബിഎച്ചു എക്‌സ് മലയിൽ, വി അബ്ദുൾ ലത്തീഫ്, വി ലിസി മാത്യു, ഡോ. സജിത കെആർ, ഷംസാദ് ഹുസൈൻ, ദിലീപ് കുമാർ കെ.വി, പി. പവിത്രൻ, പ്രിയ എസ് എന്നീ പതിനഞ്ചു പേരാണ് വിദ്യാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്തത്.

അഭിമുഖത്തിൽ പങ്കെടുത്ത 23 പേരിൽനിന്ന് പത്തു പേരെ സമിതി ഗവേഷണത്തിനായി തെരഞ്ഞെടുത്തു. ഈ പട്ടികയിൽ ദിവ്യ ഉണ്ടായിരുന്നില്ല. എന്നാൽ അഞ്ചു പേരെ കൂടി ഉൾപ്പെടുത്താൻ പിന്നീട് കമ്മിറ്റി തീരുമാനിച്ചു. പതിനഞ്ചാമതായി ദിവ്യയ്ക്ക് ഇടം ലഭിച്ചു. ഈ അധിക പട്ടികയിൽ സംവരണ തത്വം പാലിച്ചില്ല എന്നാണ് ആക്ഷേപം.

പത്തു പേരുടെ ആദ്യ പട്ടികയിൽ അവസാന രണ്ടു പേർ പിന്നാക്ക വിഭാഗത്തിൽനിന്നാണ് ഉണ്ടായിരുന്നത്. ഇത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ അഞ്ചംഗ പട്ടികയിൽ ഈ തത്വം പാലിക്കപ്പെട്ടില്ല. ഈ പട്ടികയിൽ ആദ്യ മൂന്നു പേർക്കു മാത്രമാണ് ജെആർഎഫ് ഉള്ളത്. ദിവ്യ ഉൾപ്പെടെ അവസാന രണ്ടു പേർക്ക് ഗവേഷക സ്‌കോളർഷിപ്പില്ല. രണ്ടാമത്തെ പട്ടികയിൽ സംവരണതത്വം പാലിക്കപ്പെട്ടിരുന്നു എങ്കിൽ വിദ്യയ്ക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല.

ബിച്ചു എക്‌സ് മലയിലായിരുന്നു വിദ്യയുടെ ഗവേഷക ഗൈഡ്. വിവാദങ്ങൾക്ക് പിന്നാലെ ഗൈഡ്ഷിപ്പിൽ നിന്ന് ഇവർ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. മാനദണ്ഡം ലംഘിച്ച് പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് മാർഗനിർദേശം നൽകുന്നത് മറ്റു വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ഇതുസംബന്ധിച്ച് ബിച്ചു എക്‌സ് മലയിലിന്റെ പ്രതികരണം. അതേസമയം, ഇവർ കൂടി ഉൾപ്പെട്ട സമിതിയാണ് വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നൽകിയത് എന്നതാണ് ശ്രദ്ധേയം.

TAGS :

Next Story