Quantcast

നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജം; സ്ഥിരീകരിച്ച് കലിംഗ സർവകലാശാല

നിഖിലിനെ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ ഡി ബാർ ചെയ്യും

MediaOne Logo

Web Desk

  • Updated:

    2023-06-21 00:52:18.0

Published:

21 Jun 2023 12:50 AM GMT

നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജം; സ്ഥിരീകരിച്ച് കലിംഗ സർവകലാശാല
X

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കലിംഗ സര്‍വകലാശാല ഔദ്യോഗികമായി കേരള സർവകലാശാലയെ അറിയിച്ചു. തിരിമറി നടന്നു എന്ന് തെളിഞ്ഞ പശ്ചാത്തലത്തിൽ അടിയന്തരനടപടിയെടുക്കാനാണ് സർവകലാശാലയുടെ തീരുമാനം. സർവകലാശാല നൽകിയ നോട്ടീസിന്മേൽ കായംകുളം എം എസ് എം കോളേജ് അധികൃതരും ഇന്ന് മറുപടി നൽകും.

നിഖിൽ സർവകലാശാലയിൽ നൽകിയ എല്ലാ രേഖകളും നേരത്തെ കേരള സർവകലാശാല കലിംഗയ്ക്ക് കൈമാറിയിരുന്നു. ഇതുകൂടാതെ വിഷയത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ മറ്റൊരു കത്തും നൽകി. ഈ കത്തുകൾക്കുള്ള മറുപടിയായാണ് നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന കാര്യം കലിംഗ യൂണിവേഴ്സിറ്റി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഒപ്പം നിഖിൽ തോമസ് എന്ന വിദ്യാർഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. ഇത് കൂടാതെ രേഖകൾ വ്യാജമാണെന്ന വിവരം കായംകുളം പൊലീസിനെയും എം എസ് എം കോളേജിനെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഉടൻ തന്നെ അടുത്ത നടപടിയിലേക്ക് കടക്കാനാണ് കേരള സർവകലാശാലയുടെ തീരുമാനം. നിഖിലിനെ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ ഡി ബാർ ചെയ്യും. സർവകലാശാലയ്ക്ക് കീഴിലുള്ള ഒരു കോഴ്സും നിഖിലിന് ഇനി പഠിക്കാൻ കഴിയില്ല. കൂടാതെ നിഖിലിനെതിരെ ഡിജിപിക്ക് നൽകിയ പരാതിയിലെ തുടർ നടപടികളും ഇന്നുണ്ടാകും. സർവകലാശാല അധികൃതരുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും. കോളേജ് അധികൃതർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുന്ന കാര്യവും സർവകലാശാലയുടെ പരിഗണനയിലുണ്ട്.

അതേസമയം, കായംകുളം വ്യാജ ഡിഗ്രി കേസിൽ പ്രതി നിഖിൽ തോമസിനായി കായംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കി. എം എസ് എം കോളേജ് പ്രിൻസിപ്പലിനെ കൂടാതെ കൊമേഴ്സ് വിഭാഗം മേധാവി, മുൻ പ്രിൻസിപ്പൽ ഡോ എസ് ഭദ്രകുമാരി ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കോളേജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് സർവ്വകലാശാല വിസിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും. റായ്പൂരിലെ കലിംഗ സർവകലാശാലയിലും പൊലീസ് പരിശോധന തുടരും.

നിഖിൽ തോമസിന്റെ എംകോം അഡ്മിഷന് വേണ്ടി കോളേജിൽ സമ്മർദം ചെലുത്തി എന്ന ആരോപണത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.എച്ച്.ബാബു ജാനെതിരെ പാർട്ടിയിൽ നിന്നടക്കം പ്രതിഷേധം ശക്തമാവുകയാണ്. നടപടി ആവശ്യപ്പെട്ട് യുവമോർച്ച ആലപ്പുഴ കലക്ടറേറ്റിലേക്ക് ഇന്ന് മാർച്ച് നടത്തും.


TAGS :

Next Story